ദീപികയുടെ തല സംരക്ഷിക്കണം; പത്മാവതിക്ക് പിന്തുണയുമായി കമല്‍ഹാസന്‍
പത്മാവതി സിനിമക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ കൊലവിളി തുടരുന്നതിനിടെ ചിത്രത്തിനും നായിക ദീപിക പദുക്കോണിനും പിന്തുണയുമായി കമല്‍ഹാസന്‍ രംഗത്ത്
പത്മാവതി സിനിമക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ കൊലവിളി തുടരുന്നതിനിടെ ചിത്രത്തിനും നായിക ദീപിക പദുക്കോണിനും പിന്തുണയുമായി കമല്‍ഹാസന്‍ രംഗത്ത്. ദീപികയുടെ തലയെടുക്കുന്നവര്‍ക്ക് ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാവ് സുരാജ്പാല്‍ അമു 10 കോടി പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമലിന്‍റെ പ്രതികരണം.
"ദീപികയുടെ തല സംരക്ഷിക്കണം. ശരീരത്തേക്കാളും അവരുടെ തലയെ ഞാന്‍ ബഹുമാനിക്കുന്നു. സ്വാതന്ത്ര്യത്തെയും. ഒരിക്കലും അവര്‍ക്ക് അത് നിഷേധിക്കരുത്. പല സമുദായങ്ങളും എന്‍റെ സിനിമകളെ എതിര്‍ത്തിട്ടുണ്ട്. സംവാദം അതിതീവ്രമാകുന്നത് പരിതാപകരമാണ്. പ്രബുദ്ധ രാജ്യമേ എഴുന്നേല്‍ക്കൂ. ചിന്തിക്കേണ്ട സമയമാണിത്"- കമല്‍ ഹാസന്‍ ട്വീറ്ററില്‍ കുറിച്ചു.
രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പത്മാവതി. റാണി പത്മിനിയെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് രജപുത്ര, കര്‍ണി സംഘടനകളും ബിജെപിയുമെല്ലാം സിനിമക്കെതിരെ രംഗത്തെത്തിയത്. ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ സിനിമയുടെ റിലീസ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എതിര്‍പ്പ് രൂക്ഷമായതോടെ ഡിസംബര്‍ ഒന്നിന് നിശ്ചയിച്ചിരുന്ന റിലീസ് മാറ്റിവെയ്ക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ തന്നെ പ്രഖ്യാപിച്ചു.