അഭയാർഥികളായ കുരുന്നുകളുടെ കാര്യത്തിൽ ലോകം താൽപര്യമെടുക്കണമെന്ന് പ്രിയങ്ക ചോപ്ര
ദുബൈയിൽ തുടരുന്ന ആഗോള വിദ്യാഭ്യാസ വൈദഗ്ധ്യ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ
അഭയാർഥികളായ കുരുന്നുകളുടെ കാര്യത്തിൽ ലോകം താൽപര്യമെടുക്കണമെന്ന് നടി പ്രിയങ്ക ചോപ്ര. ദുബൈയിൽ തുടരുന്ന ആഗോള വിദ്യാഭ്യാസ വൈദഗ്ധ്യ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ. കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രാധാന്യവും പ്രിയങ്ക ചടങ്ങില്‍ വിശദീകരിച്ചു
സിറിയ ഉൾപ്പെടെ രാഷ്ട്രീയ സംഘർഷം മൂലം അഭയാർഥികളാകാൻ വിധിക്കപ്പെട്ടവരിൽ കുഞ്ഞുങ്ങളുടെ കാര്യം ലോകം ജാഗ്രതയോടെ നേരിടണമെന്നായിരുന്നു പ്രിയങ്ക ചോപ്രയുടെ അഭ്യർഥന. യൂനിസെഫ് പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്തിടെ ജോർദ്ദാനിൽ സിറിയൻ അഭയാർഥികളായ കുരുന്നുകളെ കണ്ടതിന്റെ സങ്കടവും അവർ ഫോറത്തിൽ പങ്കുവെച്ചു. ആവശ്യമായ വിദ്യാഭ്യാസം നൽകിയില്ലെങ്കിൽ അഭയാർഥകളായ ലക്ഷക്കണക്കിന് കുരുന്നുകൾ പ്രതിലോമ ചിന്തകളിലേക്ക് വഴിമാറാനുള്ള സാധ്യതയുണ്ടെന്നും പ്രിയങ്ക ചോപ്ര മുന്നറിയിപ്പ് നൽകി.
പുസ്തകങ്ങളിലേക്കും അക്ഷരങ്ങളിലേക്കും കുരുന്നുകളെ കൊണ്ടു വരാൻ കൂട്ടായ നീക്കം അനിവാര്യമാണ്. ജീവകാരുണ്യ മേഖലയിൽ സംഘടിത പ്രവർത്തനങ്ങൾക്ക് സർക്കാരുകളും സർക്കാറിതര സംഘടനകളും മുന്നിട്ടിറങ്ങണമെന്നും അവർ കൂട്ടിച്ചേർത്തു.