ബിജെപിയുടെ ഭീഷണി; മെര്‍സലിലെ ആ രംഗങ്ങള്‍ നീക്കം ചെയ്യും
വിജയ് ചിത്രം മെര്‍സലിലെ ചില രംഗങ്ങള്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നീക്കം ചെയ്യുന്നു.
വിജയ് ചിത്രം മെര്‍സലിലെ ചില രംഗങ്ങള്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നീക്കം ചെയ്യുന്നു. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും വിമര്‍ശിക്കുന്ന രംഗങ്ങളാണ് ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദം മൂലം നീക്കുന്നത്.
മെര്‍സലിന്റെ റിലീസിനൊപ്പം തമിഴ്നാട്ടില്‍ വിവാദവും പുകഞ്ഞു തുടങ്ങിയിരുന്നു. ജിഎസ്ടി, നോട്ട് നിരോധം, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ സിനിമയിലൂടെ വിമര്‍ശിക്കുന്നു എന്ന് ആരോപിച്ച് തമിഴ്നാട്ടിലെ ബിജെപി നേതാക്കളാണ് രംഗത്തുവന്നത്. വിജയും വടിവേലുവും അഭിനയിച്ച രംഗങ്ങളെക്കുറിച്ചാണ് വിമര്‍ശം. ഒരു രംഗത്തില്‍ വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും ആരോഗ്യമേഖലയെ താരതമ്യം ചെയ്യുന്നുണ്ട്. സിംഗപ്പൂരില്‍ 7 ശതമാനം നികുതി ഈടാക്കുമ്പോള്‍ അവിടെ എല്ലാവര്‍ക്കും സൌജന്യ ചികിത്സ ലഭ്യമാകുന്നു. ഇന്ത്യയില്‍ 28 ശതമാനം ജിഎസ്ടി നല്‍കിയിട്ടും ഒരുവിധത്തിലുള്ള സൌജന്യ ചികിത്സയും ലഭിക്കുന്നില്ലെന്നായിരുന്നു വിജയുടെ ഡയലോഗ്. മറ്റൊരു രംഗത്തില്‍ വടിവേലു ഡിജിറ്റല്‍ ഇന്ത്യയെയും നോട്ട് നിരോധ സമയത്ത് എടിഎമ്മിന് മുന്നിലുണ്ടായിരുന്ന നീണ്ട ക്യൂവിനെയും പരിഹസിക്കുന്നുണ്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ താത്പര്യമുണ്ട് എന്നതിന്റെ തെളിവാണ് മെര്‍സലിലെ രംഗങ്ങളെന്നായിരുന്നു ബിജെപിയുടെ ആരോപണം.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രംഗങ്ങള്‍ നീക്കം ചെയ്യാമെന്ന് നിര്‍മാതാക്കള്‍ സമ്മതിച്ചു. സംവിധായകന്‍ അറ്റ്‌ലീ, കെ വി വിജയേന്ദ്രപ്രസാദ്, രമണ ഗിരിവാസന്‍ എന്നിവര്‍ ചേര്‍ന്നാണ് മെര്‍സലിന്റെ തിരക്കഥ തയ്യാറാക്കിയത്. തീയറ്ററുകളില്‍ വലിയ കയ്യടി നേടിയ രംഗങ്ങളാണ് ഇപ്പോള്‍ നീക്കം ചെയ്യുന്നത്.
ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന് കബാലി സംവിധായകന്‍ പാ രഞ്ജിത്ത് ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങി രംഗങ്ങള്‍ നീക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമായി. ആവിഷ്കാര സ്വാതന്ത്യത്തിന് മേലുള്ള കൈകടത്തലാണ് ബിജെപിയുടെതെന്നും അസഹിഷ്ണുതയുടെ ഇരയാവുകയാണ് മെര്‍സലിന്റെ അണിയറപ്രവര്‍ത്തകരെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.