ഗന്ധര്‍വ്വന്‍ വരച്ചിട്ട ചിത്രങ്ങള്‍
കാലത്തിനപ്പുറത്തേക്ക് മാഞ്ഞിട്ട് 27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പത്മരാജന്‍ തന്റെ സിനിമകളിലൂടെ, എഴുത്തിലൂടെ പടര്‍ത്തിയ സൌന്ദര്യത്തിന് മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല
കടല്‍ പോലൊയിരുന്നു ആ ഗന്ധര്‍വ്വന്‍....എത്ര പറഞ്ഞാലും എത്ര വര്‍ണ്ണിച്ചാലും പിന്നെയും എന്തൊക്കെയോ ബാക്കി വച്ചിരിക്കും. ചിലപ്പോള്‍ മഴയാണെന്ന് തോന്നും പെയ്ത് തീരല്ലേ എന്ന് മനസില്‍ പ്രാര്‍ത്ഥിച്ചു പോകുന്ന മഴ. ആ മഴയിലൂടെയായിരുന്നു അയാള്‍ ക്ലാരയെ കാണിച്ചു തന്നത്. ജയകൃഷ്ണന്റെ പ്രണയം ക്ലാരയില്‍ അലിഞ്ഞതും ആ മഴയിലായിരുന്നു. പ്രണയത്തിന്റെ മഷിയില്‍ മുക്കി ആ ഗന്ധര്‍വ്വന്‍ എഴുതിയ വരികള്‍ക്കെല്ലാം പ്രണയത്തെക്കാള്‍ ചുവപ്പായിരുന്നു. ജീവിതത്തിന്റെ ലൊക്കേഷനിലേക്ക് അയാള്‍ ക്യാമറ വച്ചപ്പോള്‍ ഇതെന്തൊരു ജീവിതം എന്ന് കാണികളെക്കൊണ്ട് പറയിപ്പിച്ചു. പക്ഷെ അതൊന്നുമായിരുന്നില്ല അയാള്‍, അതിനുമപ്പുറത്തേക്ക് ആ ഗന്ധര്‍വ്വന്റെ സര്‍ഗാത്മകത ചിറക് വിരിക്കാന്‍ തുടങ്ങിയപ്പോഴേക്കും കാലം അയാളെ തിരികെ വിളിച്ചു. സ്വര്‍ഗത്തിലിരുന്ന് ദൈവത്തിന് വേണ്ടി കഥകളെഴുതാന്‍. പത്മരാജന്‍...താമരയുടെ രാജാവ്....കാലത്തിനപ്പുറത്തേക്ക് മാഞ്ഞിട്ട് 27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പത്മരാജന്‍ തന്റെ സിനിമകളിലൂടെ, എഴുത്തിലൂടെ പടര്‍ത്തിയ സൌന്ദര്യത്തിന് മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല. ഇനിയൊട്ടു കുറയുകയുമില്ല.
ഒരു പുതിയ സിനിമ വരുമ്പോള്‍, ഒരു പുതുമുഖ സംവിധായകനോ, തിരക്കഥാകൃത്തോ വരുമ്പോള്‍ മലയാളി ആദ്യം താരതമ്യം ചെയ്യുന്നത് പത്മരാജനോടായിരിക്കും. എന്നിട്ട് പറയും ഹേയ് വെറുതെയാണന്നേ..പത്മരാജനെപ്പോലെ പത്മരാജന്‍ മാത്രമേ ഉള്ളൂ എന്ന്. വെറും പതിനെട്ട് സിനിമകളേ പത്മരാജന്‍ സംവിധാനം ചെയ്തിട്ടുള്ളൂ. എന്നിട്ടും അവയെല്ലാം മലയാളിയുടെ ഹൃദയങ്ങളില്‍ ഒരേ പോലെ കയറി ഇനി ഇറങ്ങിപ്പോകില്ല എന്ന വാശിയോടെ കുത്തിയിരുന്നു. അതുകൊണ്ടാണ് ഇന്ന് പല സിനിമകളും കാണുമ്പോള്‍ നാം അവയെ പത്മരാജനോട് താരതമ്യപ്പെടുത്തിയത്. ആദ്യചിത്രമായ പെരുവഴിയമ്പലം മുതല്‍ അവസാന ചിത്രമായ ഞാന്‍ ഗന്ധര്‍വ്വന്‍ വരെ ആ ഗന്ധര്‍വ്വ സ്പര്‍ശത്താല്‍ പൂര്‍ണ്ണതയുടെ കൊടുമുടി കയറിയ സിനിമകളാണ്.
കാലത്തിന് മുന്‍പേ സഞ്ചരിക്കുന്നവരായിരുന്നു പത്മരാജന്റെ കഥാപാത്രങ്ങള്‍. അരപ്പെട്ട കെട്ടിയ ഗ്രാമത്തിലെ മമ്മൂട്ടി അവതരിപ്പിച്ച സക്കറിയ ഒരിക്കലും സത്ഗുണ സമ്പന്നനായ നായകനായിരുന്നില്ല, സ്ത്രീ വിഷയത്തില്‍ തല്പണരനായ അയാള്‍ മറ്റൊരു ഗ്രാമത്തിലേക്ക് പോകുന്നത് തന്നെ മാളുവമ്മയുടെ വീട് എന്ന വേശ്യാലയം തേടിയാണ്. തെറി പറയുന്ന അത്രക്കൊന്നും നന്മ ആവേശിച്ചിട്ടില്ലാത്ത ന്യൂ ജനറേഷന്‍ നായകന്മാര്‍ക്ക് മുന്‍പ് തന്നെ പത്മരാജന്‍ തന്റെ ചിത്രങ്ങളിലൂടെ കാലത്തിന്റെ മാറ്റം വരച്ചിട്ടു എന്ന് വേണം പറയാന്‍. ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെ പത്മരാജന്‍ പറയാതെ പറഞ്ഞത് സ്വവര്‍ഗ പ്രണയത്തെക്കുറിച്ചായിരുന്നു. ശാരിയും കാര്‍ത്തികയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാള സിനിമയിലെ ഏറ്റവും ധീരനായ നായകനായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലെ സോളമന്‍. കാമുകിയെ രണ്ടാനച്ഛന്‍ മാനഭംഗപ്പെടുത്തിയിട്ടും അവളെ ഇരുകൈകളും നീട്ടി സ്വീകരിച്ച സോളമനെ ധീരന്‍ എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുക. മലയാളിക്ക് പരിചിതമല്ലാത്ത അവതരണരീതിയായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലൂടെ പത്മരാജന്‍ ആവിഷ്ക്കരിച്ചത്. ബൈബിളിലെ ഉത്തമഗീതത്തിലൂടെ പ്രണയം പറയുന്ന നായകന്‍, മുന്തിരിത്തോപ്പുകളുടെ ദൃശ്യ ഭംഗി, പത്മരാജന്റെ മുന്തിരിത്തോപ്പുകള്‍ പകര്‍ന്നു കൊടുത്ത ഭംഗി മറ്റൊരു സിനിമക്കും നല്കാനായില്ല എന്നതാണ് വാസ്തവം. സോളമനും സോഫിയും മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയ ജോഡികളായിരുന്നു അവര്‍, മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നും. ഇന്നും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ ബാക്ക് ഗ്രൌണ്ട് മ്യൂസിക് പുതുതലമുറയുടെ പോലും മൊബൈലില്‍ ചിലയ്ക്കുന്നത് ആ പ്രതിഭക്കും ഒപ്പം സംഗീതം നിര്‍വ്വഹിച്ച ജോണ്‍സനുമുള്ള അംഗീകാരമാണ്.
തൂവാനത്തുമ്പികള്‍- ആ പേരിന് പോലുമുണ്ട് മോഹിപ്പിക്കുന്ന സൊന്ദര്യം. പ്രണയത്തില്‍ കെട്ടിയിട്ട് ആ തൂവാനത്തുമ്പികള്‍ മലയാളിയെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് 31 വര്‍ഷം കഴിഞ്ഞിരിക്കുന്നു. 1987ലാണ് തൂവാനത്തുമ്പികള്‍ സിനിമാസ്വാദകരുടെ മനസിലേക്ക് പറന്നിറങ്ങിയത്. ജയകൃഷ്ണനും ക്ലാരക്കുമൊപ്പം മഴയും തൂവാനത്തുമ്പികളില്‍ നിറഞ്ഞുനിന്നു. ദ്വന്ദ്വ വ്യക്തിത്വങ്ങളിലൂടെ കടന്നു പോകുന്ന മോഹന്‍ലാലിന്റെ ജയകൃഷ്ണനും മഴയ്ക്കൊപ്പം വരുന്ന സുമലതയുടെ ക്ലാരയും ഇപ്പോഴും ഏറ്റവും അടുത്ത നമിഷത്തില്‍ കണ്ടതുപോലെ നമ്മുടെ മുന്നിലുണ്ട്. എക്കാലത്തേയും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരുന്നു ക്ലാര. നിങ്ങള്‍ തൂവാനത്തുമ്പികള്‍ കണ്ടിട്ടില്ലെങ്കില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ കണ്ടിട്ടില്ല എന്നേ പറയാനാകൂ.
മിക്കപ്പോഴും പത്രവാര്‍ത്തകളില്‍ നിന്നായിരിക്കും പത്മരാജന്റെ സിനിമ ജനിക്കുക. മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, ഇന്നലെ തുടങ്ങിയ സിനിമകള്‍ ഇതിനുദാഹരണങ്ങളാണ്. പത്മരാജന്റെ പല കഥകളും മറ്റ് സംവിധായകര്‍ സിനിമകളാക്കിയിട്ടുണ്ട്. അത്തരത്തില്‍ ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടി. രതിനിര്‍വ്വേദം, ലോറി,തകര,ഈണം, ഒഴിവുകാലം തുടങ്ങിയവ സിനിമകള്‍ രണ്ട് പ്രതിഭകളുടെ കൂട്ടുകെട്ടില്‍ മലയാളിക്ക് ലഭിച്ചവയാണ്.
"രാത്രി പതിനേഴാം കാറ്റ് വീശാന്‍ തുടങ്ങിയപ്പോള്‍ സ്നേഹിച്ച് മതിയാവാതെ താലോലിച്ചു മതിയാവാതെ ജീവിച്ചു മതിയാവാതെ ഏതോ ഒരു ശാപത്തിന്റെ ഊരാകുടുക്കില്‍ പെട്ട് ഈ ഭുമിയെയും സമസ്ത ചരാചരങ്ങളെയും വിട്ട് പിരിയേണ്ടി വന്ന ഞാന്‍ ഗന്ധര്‍വ്വന്‍ ..." ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലെ ഈ വാക്കുകള്‍ പോലെ പത്മരാജന്‍ എന്ന ഗന്ധര്‍വ്വന്‍ ഒരിക്കലും ഭൂമിയില്‍ നിന്നും മാഞ്ഞിട്ടില്ല. പക്ഷേ ഒന്നു മാത്രം സിനിമയെ, ഈ മണ്ണിനെ പ്രണയിച്ച് കൊതി തീരാതെയാണ് ആ ഗന്ധര്‍വ്വന്‍ മറഞ്ഞത്. ഒരുപാട് കഥകള്‍ ബാക്കിയാക്കി..........