തെന്നിന്ത്യയുടെ പുങ്കുയില്‍ പാട്ട് നിര്‍ത്തുന്നു
ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജാനകി ഇക്കാര്യം വ്യക്തമാക്കിയത്
സ്വരമാധുരി കൊണ്ട് തെന്നിന്ത്യന്‍ കാതുകളെയും മനസുകളെയും ഒരു പോലെ കീഴടക്കിയ പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി പാട്ട് നിര്‍ത്തുന്നു. ആറ് പതിറ്റാണ്ട് നീണ്ട് നിന്ന സംഗീത സപര്യക്കാണ് ഇതോട് വിരാമമാകുന്നത്. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജാനകി ഇക്കാര്യം വ്യക്തമാക്കിയത്. ഇനി ഏതെങ്കിലും പാട്ടുകളുടെ റെക്കോര്‍ഡിംഗിനു ഞാന്‍ ഉണ്ടാകില്ല, സംഗീതപരിപാടികളിലും പാടില്ല. എനിക്ക് പ്രായമായി. ഇതിനകം നിരവധി ഭാഷകളില്‍ പാടിയിട്ടുണ്ട്. ഇപ്പോള്‍ 78 വയസായി . ഇതാണ് നല്ല സമയം. ഇനി വിശ്രമിക്കണം.' ജാനകിയമ്മ പഞ്ഞു.
അനൂപ് മേനോനും മീര ജാസ്മിനും കേന്ദ്രകഥാപാത്രങ്ങളാകുന്ന 10 കല്‍പനകള്‍ എന്ന ചിത്രത്തിലെ അമ്മപൂവിനു എന്ന ഗാനമാണ് അവസാനമായി ജാനകിയമ്മ പാടുക."അതൊരു താരാട്ടുപാട്ടാണെന്നും തനിക്കേറെയിഷ്ടം താരാട്ടുപാട്ടാണെന്നും' ജാനകിയമ്മ പറഞ്ഞു. പത്തു കല്‍പ്പനകള്‍ക്കുവേണ്ടി മിഥുന്‍ ഈശ്വര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ഗാനം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ റെക്കോര്‍ഡിങ് പൂര്‍ത്തിയാക്കി.
1957ൽ 19ആം വയസിൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തില്‍ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തെലുങ്ക് ചിത്രമായ എം.എൽ.എൽ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. ഭാഷകളെ നിഷ്‌പ്രഭമാക്കിയ ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകൾ ഹൃദയത്തിൽ സ്വീകരിച്ചു.
എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്. 1200 പരം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. ഇതിൽ സുപ്രസിദ്ധമായ നിരവധി ഗാനങ്ങളുൾപ്പെടുന്നു. സംഗീതസംവിധായകൻ എം.എസ്. ബാബുരാജാണ് ജാനകിയുടെ തരളിതമായ ശബ്ദം തിരിച്ചറിഞ്ഞു് അവരെ മലയാളത്തിലേക്കെത്തിച്ചത്. കുട്ടികളുടെ സ്വരത്തിൽ പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്. മലയാളത്തിൽ ഇത്തരം ചില ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ആലിപ്പഴം പെറുക്കാന്‍ എന്ന ഗാനം ഇതിന് ഉദാഹരണമാണ്.
മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് നാലു തവണയാണ് എസ്.ജാനകിയെ തേടിയെത്തിയത്. 976-ൽ `പതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ... എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചത്. 1980-ൽ ഓപ്പോൾ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ... എന്ന ഗാനത്തിനും 1984-ൽ തെലുഗു ചിത്രമായ `സിതാര'യിൽ വെന്നല്ലോ ഗോദാരി ആനന്ദം... എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ൽ തമിഴ് ചിത്രമായ `തേവർമകനിൽ ഇഞ്ചി ഇടിപ്പഴകാ... എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാർഡുകൾ ലഭിച്ചത്.
മികച്ച പിന്നണി ഗായികയ്‌ക്കുള്ള കേരള സസ്ഥാന അവാർഡ് 14 തവണയും തമിഴ്‌നാട് സർക്കാരിന്റെ അവാർഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സർക്കാരിന്റെ അവാർഡ് പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം 1986-ലും സുർ സിംഗർ അവാർഡ് 1987-ലും കേരളത്തിൽനിന്നും സിനിമാ ആർക്കൈവർ അവാർഡ് 2002-ലും സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ് അവാർഡ് 2005-ലും ലഭിച്ചു. 2013 ൽ പത്മഭൂഷൻ ലഭിച്ചെങ്കിലും താമസിച്ചെത്തിയ അംഗീകാരം എന്നു പറഞ്ഞു ജാനകി പുരസ്കാരം നിരസിച്ചു.
മലയാളികളുടെ പ്രിയഗാനങ്ങളില്‍ ഇപ്പോഴും ജാനകിയുടെ പാട്ടുകളാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. തളിരിട്ട കിനാക്കള്‍, നാഥാ നീ വരും, സൂര്യകാന്തി, ഉണരൂ വേഗം നീ, ഉണരൂ ഉണരൂ, മൈനാകം തുടങ്ങിയ ഇതില്‍ ചിലത് മാത്രം.