കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു
വിനയനാണ് മണിയുടെ ജീവിതം വെള്ളിത്തിരയിലൊരുക്കുന്നത്
അഭിമുഖങ്ങളിലൂടെയും അല്ലാതെയും നമ്മെ പൊട്ടിച്ചിരിപ്പിച്ച ആ നടന്റെ ജീവിതം നമ്മള്‍ അടുത്തറിഞ്ഞിട്ടുണ്ട്. ദാരിദ്ര്യത്തിന്റെ ലോകത്തില്‍ നിന്നും വെള്ളിത്തിരയിലേക്ക് ചിറകടിച്ച് പറന്ന കലാഭവന്‍ മണി. പെട്ടെന്നൊരു നാള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മരണത്തിലേക്ക് യാത്രയായപ്പോഴാണ് മലയാളിക്ക് മനസിലായത്,മണി തങ്ങള്‍ക്കാരായിരുന്നുവെന്ന്. നമ്മള്‍ അറിഞ്ഞതും അറിയാത്തതുമായ മണിയുടെ ജീവിതം സിനിമയാവുകയാണ്. കലാഭവന്‍ മണിക്ക് ഒട്ടേറെ നായകവേഷങ്ങള്‍ നല്‍കിയ സംവിധായകന്‍ വിനയനാണ് മണിയുടെ ജീവിതം അഭ്രപാളിയിലൊരുക്കുന്നത്. മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍ എല്‍വി രാമകൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാമകൃഷ്ണന്റെ അരങ്ങേറ്റ ചിത്രമായിരിക്കും ഇത്.
എന്നാല്‍ മണിയെ വെള്ളിത്തിരയില്‍ അനശ്വരമാക്കാനുള്ള താരത്തെ തേടിയുള്ള അന്വേഷണത്തിലാണ് സംവിധായകന്‍. മിമിക്രി രംഗത്ത് നിന്നുള്ള ആരെങ്കിലും ആയിരിക്കും മണിയെ അവതരിപ്പിക്കുന്നതെന്ന് വിനയന്‍ പറഞ്ഞു. തന്റെ സഹോദരനും സിനിമയിലേക്ക് വരണമെന്ന് മണി ആഗ്രഹിച്ചിരുന്നതായി വിനയന്‍ പറഞ്ഞു. മണിയുടെ ജനനം മുതല്‍ മരണം വരെയുള്ള സംഭവങ്ങളായിരിക്കും ചിത്രത്തില്‍ ആവിഷ്ക്കരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു വന്‍ പ്രോജക്ട് ആയിരിക്കുമെന്നും വിനയന്‍ പറഞ്ഞു.