ഈ ദിവസങ്ങളില്‍ അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍
അവളുടെ ഇച്ഛാശക്തിയെ തകർക്കാൻ ഇനി ഞങ്ങൾ അനുവദിക്കില്ല
നടിയെ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ് ആക്രമിക്കപ്പെട്ട നടിയെ കാണുന്നതെന്നും ഈ ദിവസങ്ങളിൽ അവൾ പൊഴിക്കുന്ന കണ്ണനീരിന് നിങ്ങൾ വില കൊടുക്കേണ്ടി വരുമെന്നും സജിത ഫേസ്ബുക്കില്‍ കുറിച്ചു.
നടി പീഡനത്തിനിരയായെങ്കില്‍ എങ്ങിനെ പിറ്റേദിവസം ഷൂട്ടിംഗിന് പോയി എന്നായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്. ഇതിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ഗായിക സയനോരയും രംഗത്തുവന്നിരുന്നു. ഇരുവര്‍ക്കുമെതിരെയും ജോര്‍ജ്ജിന്റെ ഒളിയമ്പുകള്‍ ഉണ്ടായി. സംഭവത്തില്‍ വനിത കമ്മിഷന്‍ കേസെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് പറഞ്ഞ പി.സി ജോര്‍ജ് തന്നെ തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോ എന്നും പരിഹസിച്ചിരുന്നു.
സജിതയുടെ കുറിപ്പ് വായിക്കാം
എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ പ്രസ്താവനകൾ എന്നവൾ പറയുമ്പോൾ വേദനിക്കുന്നത് ആത്മാഭിമാനമുള്ള സ്ത്രീകളുടെ മനസ്സുകൂടിയാണ്. ഇരയായി നിശ്ശബ്ദമായി കരഞ്ഞു തീർക്കാനുള്ളതല്ല അവളുടെ ജീവിതം. സ്ത്രീ കരുത്തിന്റെ പ്രതീകമായാണ് ഞങ്ങളവളെ കാണുന്നത്. ഈ ദിവസങ്ങളിൽ അവൾ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങൾ വില കൊടുക്കേണ്ടി വരും പി.സി.ജോർജ്ജ് ! അവളുടെ ഇച്ഛാശക്തിയെ തകർക്കാൻ ഇനി ഞങ്ങൾ അനുവദിക്കില്ല. സുഹൃത്തുക്കളെ ഏറെ വേദനയോടെയാണ് ഞാനിത് എഴുതുന്നത്. അവളെ ഇനിയും വേദനിപ്പിക്കരുത് , ഞങ്ങൾ കൂടെ ഉണ്ട് എന്നു പറയേണ്ട സമയമാണിത്. ടീച്ചർക്ക്, ഈ കുറിപ്പിന് ഏറെ നന്ദി.