ദിലീപിന് തന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പത്മിനിക്ക് ശേഷമെന്ന് ആഷിഖ് അബു

Update: 2018-06-04 15:29 GMT
Editor : Jaisy
ദിലീപിന് തന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പത്മിനിക്ക് ശേഷമെന്ന് ആഷിഖ് അബു
Advertising

മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപ്പെടുമെന്നും സംവിധായകന്‍ കുറിച്ചു

നടന്‍ ദിലിപീന് തന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പത്മിനിക്ക് ശേഷമെന്ന് സംവിധായകന്‍ ആഷിഖ് അബു. അത് മാനുഷികമാണെന്നും അതിനെ മാനിക്കുന്നതായും ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ണ്ണക്കാഴ്ചകള്‍ എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ സമയത്ത് മഹാരാജാസ് കോളേജില്‍ വച്ചാണ് ദിലീപിനെ പരിചയപ്പെടുന്നതും സുഹൃത്താവുന്നതെന്നും ആഷിഖിന്റെ കുറിപ്പില്‍ പറയുന്നു.മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപ്പെടുമെന്നും സംവിധായകന്‍ കുറിച്ചു.

നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്‍ പോളിന്റെയും നടന്‍ ശ്രീനിവാസന്റെയും നിലപാടിനെ ആഷിഖ് ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ദിലീപ് ആരാധകരുടെ രൂക്ഷമായ ആക്രമണത്തിനും ആഷിഖ് ഇരയായി. ഇതിന് മറുപടിയായിട്ടാണ് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മഹാരാജാസിൽ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വർണ്ണക്കാഴ്ചകൾ എന്ന സിനിമയുടെ ഷൂട്ടിംഗ് മഹാരാജാസിൽ വെച്ചുനടന്നപ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടതും സൗഹൃദത്തിൽ ആവുന്നതും. ഫാൻസ്‌ അസോസിയേഷൻ രൂപപെടുന്നതിനു മുൻപ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ ഹോൾഡ് ഓവർ ആവാതിരിക്കാൻ മഹാരാജാസ് ഹോസ്റ്റലിൽ നിന്ന് പല കൂട്ടമായി വിദ്യാർത്ഥികൾ തിയേറ്ററുകളിൽ എത്തുകയും, കൌണ്ടർ ഫോയിലുകൾ സഹോദരന്റെ കയ്യിലും ആലുവ പറവൂർ കവലയിലെ വീട്ടിൽ എത്തുകയും ചെയ്തിട്ടുണ്ട്. തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങൾ ദിലീപ് എന്ന മുൻ മഹാരാജാസുകാരന് നൽകിയത്. അതിന്റെ എല്ലാ സ്നേഹവും അദ്ദേഹം തിരികെ തരികയും ചെയ്തിട്ടുണ്ട്. ഞങളുടെ ക്യാമ്പസ് ഫിലിം കോളേജ് ഓഡിറ്റോറിയത്തിൽ വന്നുകണ്ടു, പ്രോത്സാഹിപ്പിച്ചു, യൂത്ഫെസ്റ്റിവലിന് പിരിവ് തന്നിട്ടുണ്ട്. പല തവണ അതിഥിയായി വന്നിട്ടുണ്ട്. സിനിമയിൽ പല കാലഘട്ടത്തിൽ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി. എന്തെങ്കിലും തരത്തിൽ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കിൽ റാണി പദ്‌നിക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു.

മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപെടും, നിസ്സംശയം.
നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ കീഴിൽ അനീതിക്ക് ഇടമുണ്ടാവില്ല എന്ന വിശ്വാസം ഉള്ളിടത്തോളം കാലം.
#അവൾക്കൊപ്പം
#നീതിക്കൊപ്പം

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News