മലയാള സിനിമയുടെ സമവാക്യങ്ങള്‍ മാറ്റിയെഴുതിയ സംവിധായകന്‍
വെള്ളിത്തിരയിലൂടെ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ ധൈര്യം കാണിച്ച ഐ വി ശശിയുടെ ഓരോ സിനിമയും വര്‍ത്തമാനകാലത്തോട് കലഹിച്ചുകൊണ്ടേയിരുന്നു
മലയാള സിനിമയുടെ സമവാക്യങ്ങള്‍ മാറ്റിയെഴുതിയ ചലച്ചിത്രകാരനായിരുന്നു ഐ വി ശശി. ആള്‍ക്കൂട്ട സിനിമകളുടെ സന്തത സഹചാരി. വെള്ളിത്തിരയിലൂടെ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ ധൈര്യം കാണിച്ച ഐ വി ശശിയുടെ ഓരോ സിനിമയും വര്‍ത്തമാനകാലത്തോട് കലഹിച്ചുകൊണ്ടേയിരുന്നു.
1968 ല്‍ എ വി രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയിലൂടെ കലാ സംവിധായകനായാണ് വെള്ളിത്തിരയിലെ തുടക്കം. പിന്നീടിങ്ങോട്ട് തൊള്ളതെല്ലാം പൊന്നാക്കിയ കലാകാരനിലേക്കുള്ള യാത്രയായിരുന്നു. ഉമ്മറിനെ നായകനാക്കി 1975 ല്‍ പുറത്തിറങ്ങിയ ഉത്സവമാണ് ആദ്യമായി സംവിധാനം ചെയ്തത്. തുടര്‍ന്ന് അനുഭവം, വാടകക്കൊരു ഹൃദയം, കടലിനക്കരെ, അതിരാത്രം തുടങ്ങി 150 ഓളം ചിത്രങ്ങള്‍. 1978 ല്‍ പുറത്തിയ അവളുടെ രാവുകള്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി. തെരുവില്‍ ജീവിതം ഹോമിക്കേണ്ടി വന്ന പെണ്‍കുട്ടിയുടെ കഥ അതുവരെയുണ്ടായിരുന്ന സ്ത്രീ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. അത് അക്കാലത്തെ ഏറ്റവും വലിയ വിപ്ലവചിന്തകളിലൊന്നായിരുന്നു അത്. ഐ വി ശശിയെന്ന സംവിധായകന്റെയും സീമയെന്ന് താരത്തിന്റെയും മൂല്യം പതിന്‍മടങ്ങ് വര്‍ധിപ്പിച്ചു ഈ ചിത്രം. സ്ത്രീ ജീവിതത്തിന്റെ വിഹ്വലതകള്‍ പലതരത്തിലാണ് അദ്ദേഹം ചിത്രങ്ങളിലൂടെ അവതരിപ്പിച്ചത്.
അക്ഷരതെറ്റ്, ഇന്‍സ്പെക്ടര്‍ ബല്‍റാം, ആവനാഴി, ദേവാസുരം തുടങ്ങിയ ചിത്രങ്ങള്‍ മാത്രം മതി അതിനുദാഹരണം പറയാന്‍. എം ടി വാസുദേവന്‍ നായര്‍, പത്മരാജന്‍, ടി ദാമോദരന്‍ എന്നിവരുടെ തിരക്കഥയില്‍ ഐ വി ശശിയുടെ ചിത്രങ്ങള്‍ മറ്റൊരു തലത്തിലേക്കയുര്‍ന്നു. വലിയ ആള്‍ക്കൂട്ടങ്ങളെ വെച്ച് സിനിമയെടുക്കുക എന്നത് ഐ വി ശശിയെന്ന സംവിധായന്റെ ശൈലിയായിരുന്നു. അതേ ആള്‍ക്കൂട്ടം തിയറ്ററിലേക്കെത്തിയത് ശശിയെന്ന സംവിധായകനിലുള്ള വിശ്വാസം കൊണ്ടായിരുന്നു. ആ വിശ്വാസം മൂന്ന് പതിറ്റാണ്ട് കാലം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുകയും ചെയ്തു. പുതിയ സമവാക്യങ്ങള്‍ക്കൊപ്പം സിനിമ ചുവട് മാറ്റിയപ്പോള്‍ അതിനോട് കലഹിക്കാന്‍ തയ്യാറാവാതെ മാറിനിന്ന കലാസ്നേഹി കൂടിയാണ് യാത്രയാവുന്നത്.