ബാലതാരമായി വന്ന് സൂപ്പര്‍ നായികയായി, ശ്രീദേവി കീഴടക്കിയ അഞ്ച് ദശാംബ്ദങ്ങൾ

Update: 2018-06-04 18:40 GMT
Editor : Jaisy
ബാലതാരമായി വന്ന് സൂപ്പര്‍ നായികയായി, ശ്രീദേവി കീഴടക്കിയ അഞ്ച് ദശാംബ്ദങ്ങൾ
Advertising

നാലാം വയസില്‍ കാന്തന്‍ കരുണൈ എന്ന ചിത്രത്തില്‍ തുടങ്ങിയ അഭിനയ സപര്യ സീറോ എന്ന ചിത്രത്തില്‍ വരെ എത്തിനില്‍ക്കുന്നു.

ബാലതാരങ്ങള്‍ പിന്നീട് നായികനോ നായികയോ ആകുമ്പോള്‍ ആദ്യം ലഭിച്ച സ്വീകാര്യത പലപ്പോഴും ലഭിക്കാറില്ല. അരങ്ങേറ്റ ചിത്രം ചിലപ്പോള്‍ വിജയമാകാറുണ്ടെങ്കിലും പിന്നീട് സഹറോളുകളിലേക്ക് ഇവര്‍ ഒതുങ്ങിപ്പോകാറാണ് പതിവ്. അതില്‍ നിന്നെല്ലാം വ്യത്യസ്തയായിരുന്നു ശ്രീദേവി എന്ന അഭിനേത്രി. ശ്രീയുടെ വളര്‍ച്ച സിനിമയിലൂടെയായിരുന്നു. സിനിമയില്‍ വളര്‍ന്ന്, സിനിമ മാത്രം കണ്ട് ശീലിച്ച ഒരു പെണ്‍കുട്ടി മികച്ച നടിയായില്ലെങ്കിലേ അത്ഭുതമുള്ളൂ. സൌന്ദര്യവും കഴിവും ഒത്തിണങ്ങിയ ശ്രീദേവി എന്ന നടി വളരെപ്പെട്ടെന്ന് തന്നെ പ്രേക്ഷകരെ തന്നിലേക്ക് വലിച്ചടുപ്പിച്ചു.

Full View

നാലാം വയസില്‍ കാന്തന്‍ കരുണൈ എന്ന ചിത്രത്തില്‍ തുടങ്ങിയ അഭിനയ സപര്യ സീറോ എന്ന ചിത്രത്തില്‍ വരെ എത്തിനില്‍ക്കുന്നു. അതിനിടയില്‍ നിരവധി ചിത്രങ്ങള്‍..ബാലനടി, സഹനടി, നായിക, വ്യത്യസ്തമായ കഥാപാത്രങ്ങള്‍..ശ്രീ അടിമുടി ഒരു കലാകാരിയായിരുന്നു. മലയാളത്തില്‍ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ചട്ടക്കാരിയുടെ ഹിന്ദി റീമേക്കിലാണ് ശ്രീദേവി ആദ്യമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരിയായിട്ടാണ് ശ്രീ അഭിനയിച്ചത്. അതിന് ശേഷം കെ.ബാലചന്ദറിന്റെ മൂണ്‍ട്ര് മുടിച്ച്, ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ വെറും പതിമൂന്ന് വയസേ ശ്രീദേവിക്കുണ്ടായിരുന്നുള്ളൂ. കല്‍ക്കട്ട വിശ്വനാഥന്‍ അവതരിപ്പിച്ച വയസനും വിഭാര്യനുമായ കഥാപാത്രത്തിന്റെ രണ്ടാം ഭാര്യയായിട്ടാണ് ശ്രീദേവി വേഷമിട്ടത്. ചിത്രത്തില്‍ രജനീകാന്തിന്റെ രണ്ടാനമ്മയായും ശ്രീ പ്രത്യക്ഷപ്പെട്ടു. പില്‍ക്കാലത്ത് ശ്രീദേവിയുടെ ഹിറ്റ് ജോഡിയായിരുന്ന കമല്‍ഹാസന്‍ ഈ ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു. രജനിയുടെയും കമലിന്റെയും അഭിനയ ജീവിതത്തില്‍ ബാലചന്ദറിനുണ്ടായിരുന്ന പങ്ക് പോലെ ശ്രീദേവിയുടെ കരിയറിന്റെ വളര്‍ച്ചയിലും ബാലചന്ദര്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത വരുമായിന്‍ നിറം സിവപ്പ് എന്ന ചിത്രത്തിലും ശ്രീദേവി അഭിനയിച്ചു.

Full View

ഭാരതിരാജ സംവിധാനം ചെയ്ത പതിനാറ് വയതിനിലെ ആയിരുന്നു ശ്രീയുടെയും കമലിന്റെയും രജനിയുടെയും രാശി തെളിയിച്ച ചിത്രം. മയില്‍ എന്ന ഗ്രാമീണപ്പെണ്‍കൊടിയായി ശ്രീദേവി ചിത്രത്തില്‍ നിറഞ്ഞാടി. ചിത്രം സൂപ്പര്‍ഹിറ്റായി. ശ്രീദേവിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മൂണ്‍ട്രാം പിറൈ. ഒരു അപകടത്തിലൂടെ ഓര്‍മ്മ നഷ്ടപ്പെട്ട പെണ്‍കുട്ടിയായി ശ്രീ മികച്ച പ്രകടനം കാഴ്ച വച്ചു. തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി സിനിമകളിലെ അക്കാലത്തെ മിക്ക സൂപ്പര്‍നായകന്‍മാരുടെയും നായികയായിട്ടുണ്ട് ശ്രീദേവി. കാവി കുയിലില്‍ ശിവകുമാര്‍, ജോണിയില്‍ രജനീകാന്ത്, പ്രേമാഭിഷേകത്തില്‍ നാഗേശ്വര റാവു തുടങ്ങിയവരുടെ നായികയായി അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു.

പതിനാറ് വയതിനിലെയുടെ ഹിന്ദി റീമേക്കായ സൊല്‍വ സല്‍വാന്‍ എന്ന ചിത്രത്തിലൂടെയാണ് ഹവായ് ഗേള്‍ ബോളിവുഡിലെത്തുന്നത്. ശ്രീദേവിയെ സൂപ്പര്‍ നായികയായി ഉയര്‍ത്തിയതും ഈ ബോളിവുഡായിരുന്നു. 1983ല്‍ റിലീസ് ചെയ്ത ഹിമ്മത്ത്‍വാലയില്‍ ജിതേന്ദ്രയുടെ നായികയായി. പിന്നീടങ്ങോട് ബി ടൌണില്‍ ശ്രീ തരംഗമായിരുന്നു. ശ്രീദേവി-കമല്‍ ജോഡി പോലെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു ശ്രീ-ജിതേന്ദ്ര ജോഡി. മൂണ്‍ട്രാം പിറൈയുടെ റീമേക്കായ സദ്മ, മിസ്റ്റര്‍ ഇന്ത്യ, ചാന്ദ്നി, ചാലാബാസ്, ഖുദാ ഗവാ, ലംഹേ, ഗുമ്രാ തുടങ്ങി നിരവധി ചത്രങ്ങളിലൂടെ ശ്രീദേവി ഹിന്ദിയില്‍ തിളങ്ങി. ശ്രീദേവി അഭിനയിച്ച ഗാനരംഗങ്ങളും പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ഹവാ ഹവായി എന്ന സൂപ്പര്‍ഹിറ്റ് പാട്ട് ഇതിന് ചെറിയൊരു ഉദാഹരണം മാത്രം.

Full View

നിര്‍മ്മാതാവായ ബോണി കപൂറുമായുള്ള വിവാഹത്തിന് ശേഷം പൂര്‍ണ്ണമായും വീട്ടമ്മയുടെ റോളിലേക്ക് ഒതുങ്ങുകയായിരുന്നു പ്രിയനായിക. 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. 2017ല്‍ മോം ശ്രീദേവി എന്ന അഭിനയ പ്രതിഭയുടെ തിളക്കം ഒട്ടും മങ്ങിയിട്ടില്ല എന്നു തെളിയിക്കുന്നതായിരുന്നതായിരുന്നു ഈ രണ്ട് ചിത്രങ്ങളും. ബോളിവുഡിലെ ഖാന്‍മാരെക്കാള്‍ മുന്നിലെന്നാണ് സല്‍മാന്‍ ഖാന്‍ ശ്രീദേവിയെ വിളിച്ചത്. അതുപോലെ ബോളിവുഡിന്റെ റാണിയാണ് ശ്രീദേവിയെന്ന് അനുപം ഖേറും വിശേഷിപ്പിച്ചിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News