ആദിയും മായാനദിയും ക്യൂനും ഇന്റര്‍നെറ്റില്‍; സജീവമായി വീണ്ടും പൈറസി സൈറ്റുകള്‍
വിദേശരാജ്യങ്ങളില്‍ നിന്നുള്ള വ്യാജ ഐ.പി അഡ്രസ് ഉപയോഗിച്ചാണ് ഇത്തരം പൈറസി സെറ്റുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കുന്നത്
മലയാള സിനിമയുടെ കടയ്ക്കല്‍ കോടാലി വച്ച് വീണ്ടും പൈറസി സൈറ്റുകള്‍. തിയറ്റര്‍ റിലീസിനൊപ്പം മിക്ക ചിത്രങ്ങളും ഇത്തരം സൈറ്റുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അടുത്തിടെ റിലീസായ ആദി, മായാനദി, ക്യൂന്‍ എന്നീ ചിത്രങ്ങളാണ് സൈറ്റുകളിലുള്ളത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വ്യാജ ഐ.പി അഡ്രസ് ഉപയോഗിച്ചാണ് ഇത്തരം പൈറസി സെറ്റുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ മാസ്റ്റര്പീസടക്കം പത്തിലേറെ മലയാള ചിത്രങ്ങള്‍ തമിള്റോക്കേഴ്സ് എന്ന സൈറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇവര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ച് സൈറ്റുകളിലൂടെ പ്രതിമാസം നേടുന്നത് ലക്ഷക്കണക്കിന് രൂപയുടെ പരസ്യവരുമാനമാണ്.
പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി തമിഴ് റോക്കേഴ്സില്‍ രണ്ട് ദിവസം കൊണ്ട് കണ്ടത് അറുപതിനായിരത്തിലേറെപ്പേരാണ്.
തമിഴ് റോക്കേഴ്സിനെ കേരള പൊലീസിന്റെ നിര്‍ദേശപ്രകാരം രണ്ട് മാസം മുന്‍പ് ബ്ളോക്ക് ചെയ്തിരുന്നു. എന്നാല്‍ സൈറ്റ് വീണ്ടും സജീവമായിരിക്കുകയാണ്. തമിഴ് റോക്കേഴ്സ്. കോം എന്ന വിലാസത്തില്‍ നേരിയ മാറ്റം വരുത്തി വ്യാജ ഐ.പി അഡ്രസും ഉപയോഗിച്ചാണ് പുതിയപ്രവര്‍ത്തനം. നെതര്‍ലന്റില്‍ നിന്നുള്ള എന്‍ഫോഴ്സ് എന്ന കമ്പനി സെര്‍വര്‍ ഹോസ്റ്റ് ചെയ്യുന്നതായാണ് സൈറ്റില്‍ കാണുന്നത്.