വാനമ്പാടിക്ക് ആദരവുമായി ചിത്രവര്‍ഷങ്ങള്‍ മ്യൂസിക്കല്‍ ഷോ
ഗള്‍ഫ് മാധ്യമമാണ് മലയാളത്തിന്റെ വാനമ്പാടിയെ ദോഹയിലെത്തിക്കുന്നത്
പതിറ്റാണ്ടുകാലം തെന്നിന്ത്യന്‍ സിനിമാസംഗീത ലോകത്തെ നിറസാന്നിദ്ധ്യമായി നിന്ന മലയാളിയുടെ വാനമ്പാടി കെ.എസ് ചിത്ര ഈ മാസം 29 ന് മെഗാ മ്യൂസിക്കല്‍ ഷോയുമായി ഖത്തറിലെത്തും .ചിത്രവര്‍ഷങ്ങള്‍ എന്ന പേരില്‍ ഗള്‍ഫ് മാധ്യമം ഒരുക്കുന്ന വേറിട്ട സംഗീത പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നതായി സംഘാടകര്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
39 വര്‍ഷക്കാലമായി മലയാളത്തിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും സ്വരമാധുരി കൊണ്ട് വിസമയം തീര്‍ത്ത കെ.എസ് ചിത്രയ്ക്ക് പ്രവാസ ലോകത്തിന്റെ ആദരമൊരുക്കുകയാണ് ഖത്തറില്‍ . ചിത്രവര്‍ഷങ്ങള്‍ സംഗീത പരിപാടിയിലൂടെ ഗള്‍ഫ് മാധ്യമമാണ് മലയാളത്തിന്റെ വാനമ്പാടിയെ ദോഹയിലെത്തിക്കുന്നത്. ചിത്രക്കൊപ്പം നടനും ഗായകനുമായ മനോജ് കെ.ജയന്‍ , വിധു പ്രതാപ് , ജ്യോത്സ്‌ന , കണ്ണൂര്‍ ഷരീഫ് ,നിഷാദ് , രൂപ രേവതി ,ശ്രേയക്കുട്ടി തുടങ്ങിയവരും ചിത്രവര്‍ഷങ്ങളുടെ ഭാഗമായെത്തും. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ തിയേറ്ററിലാണ് ചിത്രവസന്തം സംഗീത വിരുന്ന് അരങ്ങേറുക. വൈകിട്ട് 7 മണിക്ക് തുടങ്ങുന്ന പരിപാടിയിലേക്ക് 5. 30 മുതല്‍ പ്രവേശനം അനുവദിക്കും.
ചിത്രവര്‍ഷങ്ങള്‍ക്ക് മുന്നോടിയായി ഖത്തറിലെ ഗായകര്‍ അണി നിരക്കുന്ന ചിത്രപ്പാട്ട് മത്സരവും കുട്ടികള്‍ക്കായുള്ള വെല്‍ക്കം ചിത്രച്ചേച്ചി ഓണ്‍ലൈന്‍ വീഡിയോ മത്സരവും നടക്കുന്നുണ്ട്. മലാബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് മുഖ്യപ്രായോജകരായെത്തുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ ദോഹയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭിച്ചു തുടങ്ങി . ക്യു ടിക്കറ്റ്‌സില്‍ ഓണ്‍ലൈനായും സീറ്റുകള്‍ ഉറപ്പുവരുത്താനാവും. മലയാളികള്‍ക്കു പുറമെ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളും ചിത്രവര്‍ഷങ്ങളുടെ ആസ്വാദകരായെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഗള്‍ഫ് മാധ്യമം മിഡില്‍ ഈസ്റ്റ് റെസിഡന്‍സ് മാനേജര്‍ പി.ഐ നൗഷാദ്, ജനറല്‍ മാനേജര്‍ കെ.മുഹമ്മദ് റഫീഖ് , മലബാര്‍ ഗോള്‍ഡ് റീജണല്‍ മാനേജര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി, ഖത്തര്‍ റെസിഡന്‍സ് മാനേജര്‍ ടി.സി അബദുല്‍റഷീദ് , ജനറല്‍ കണ്‍വീനര്‍ എ.സി മുനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.