ചരമ സന്ദേശങ്ങള്‍ പേറി പോസ്റ്റ്മാന്റെ ഭയാനകമായ യാത്ര

ഒരു യുദ്ധരംഗം പോലും കാണിക്കാതെയാണ് യുദ്ധങ്ങളുടെ നിരര്‍ഥകത പ്രേക്ഷകരുമായി പങ്ക് വെയ്ക്കുന്നത് എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ സവിശേഷത

Update: 2018-07-22 16:58 GMT
Advertising

മികച്ച സംവിധായകന്‍, മികച്ച അവലംബിത തിരക്കഥ, മികച്ച ഛായാഗ്രാഹകന്‍ എന്നിങ്ങനെ ദേശീയ തലത്തിലെ പുരസ്കാര തിളക്കവുമായാണ് ഭയാനകം തിയേറ്ററുകളിലെത്തിയത്. തകഴി ശിവശങ്കരപിള്ളയുടെ കയറിലെ രണ്ട് അധ്യായങ്ങളെ അടിസ്ഥാനമാക്കിയാണ് ജയരാജ് ഭയാനകത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ജയരാജിന്‍റെ നവരസ പരമ്പരയിലെ ആറാമത്തെ ചിത്രമാണിത്.

1939ല്‍ കുട്ടനാട്ടിലാണ് കഥ നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുന്‍പ്. മറ്റൊരു കാലത്തെ സ്ക്രീനില്‍ പുനരാവിഷ്കരിക്കുമ്പോള്‍ പുലര്‍ത്തേണ്ട സൂക്ഷ്മത സംവിധായകന്‍ കാണിച്ചിട്ടുണ്ട്. അക്കാലത്തെ മനുഷ്യരും പ്രകൃതിയും അവരുടെ ജീവിതരീതിയുമെല്ലാം കൃത്രിമത്വമില്ലാതെ സ്ക്രീനില്‍ തെളിയുന്നു. കഥാസന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ക്യാമറ ചലിപ്പിച്ച നിഖില്‍ എസ് പ്രവീണിന്‍റെ സംഭാവന പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്.

ജന്മികുടിയാന്‍ വ്യവസ്ഥയില്‍ സമ്പത്ത് ഒരു വിഭാഗത്തില്‍ മാത്രം കേന്ദ്രീകരിച്ചപ്പോള്‍ പട്ടിണിയെ അതിജീവിക്കാനാണ് യുവാക്കള്‍ അക്കാലത്ത് പട്ടാളത്തില്‍ ചേര്‍ന്നിരുന്നതെന്ന് സിനിമ ചൂണ്ടിക്കാട്ടുന്നു. പേരില്ലാത്ത പോസ്റ്റ്മാനിലൂടെയാണ് യുദ്ധത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും ഭയാനകമായ വശങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിഞ്ഞുവരുന്നത്. ഒരു യുദ്ധരംഗം പോലും കാണിക്കാതെയാണ് യുദ്ധങ്ങളുടെ നിരര്‍ഥകത പ്രേക്ഷകരുമായി പങ്ക് വെയ്ക്കുന്നത് എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ സവിശേഷത.

ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് അതിന്റെ അവശതകളും പേറി പിന്നീട് പോസ്റ്റ് മാനായ (രണ്‍ജി പണിക്കര്‍) കുട്ടനാട്ടില്‍ എത്തുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. ഒരിക്കല്‍ പട്ടാളക്കാരനായിരുന്നു എന്നതില്‍ അഭിമാനിക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. മറിച്ച് ആര്‍ക്ക് വേണ്ടിയാണ് ഈ യുദ്ധങ്ങള്‍ എന്നാണ് അയാള്‍ ഓരോ ഘട്ടത്തിലും ചോദിച്ചുകൊണ്ടിരിക്കുന്നത്. കുട്ടനാട്ടിലെ യുവാക്കള്‍ പട്ടാളത്തില്‍ ചേരുന്നത് അയാള്‍ ഭീതിയോടെയാണ് നോക്കിക്കാണുന്നത്.

പട്ടാളത്തില്‍ ചേര്‍ന്ന ചെറുപ്പക്കാരുടെ കത്തുകളും മണി ഓര്‍ഡറുകളുമായി എത്തിക്കൊണ്ടിരുന്നപ്പോള്‍ ആ പോസ്റ്റ്മാന്‍ ആ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. അയാളെ നല്ല ശകുനമായാണ് നാട്ടുകാര്‍ കണ്ടത്. യുദ്ധം വരാന്‍ പോകുന്നുവെന്നും അതിന് ശേഷം എന്ത് സംഭവിക്കുമെന്നും ബോധ്യമുള്ളത് അയാള്‍ക്ക് മാത്രമായിരുന്നു. സിനിമയുടെ ആദ്യ പകുതി എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന ആശങ്കയോടെയാണ് അവസാനിക്കുന്നത്.

പ്രതീക്ഷകളും കാത്തിരിപ്പും രണ്ടാം പകുതിയില്‍ ആശങ്കകള്‍ക്കും ഭയത്തിനും വഴിമാറുന്നു. യുദ്ധം തുടങ്ങിയതോടെ പോസ്റ്റ്മാന്‍ ആ നാട്ടുകാര്‍ക്ക് വെറുക്കപ്പെട്ടവനായി. പ്രിയപ്പെട്ടവര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്ന് അറിയിച്ചുകൊണ്ടുള്ള കമ്പികളാണ് അയാള്‍ക്ക് നാട്ടുകാരില്‍ എത്തിക്കേണ്ടിവരുന്നത്. അയാളെ ആട്ടിപ്പായിക്കുകയാണ് നാട്ടുകാര്‍. ചിലര്‍ അയാള്‍ക്ക് നേരെ ശാപവാക്കുകള്‍ ചൊരിയുമ്പോള്‍ ചിലര്‍ ശാരീരികമായി വരെ അയാളെ ആക്രമിക്കുന്നു. രണ്ടാം ലോക മഹായുദ്ധം തന്‍റെ തപാല്‍ സഞ്ചിക്കുള്ളിലാണെന്ന് പറയുമ്പോള്‍ ആ കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘര്‍ഷം എത്രയെന്ന് വ്യക്തമാകുന്നു.

പോസ്റ്റ്മാനായി രണ്‍ജി പണിക്കറും അയാള്‍ക്ക് അഭയമൊരുക്കുന്ന ഗൌരി കുഞ്ഞമ്മയായി ആശാ ശരത്തും നല്ല രീതിയില്‍ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അഭിനയിച്ചു. പരിചയസമ്പന്നരായ നടീനടന്മാര്‍ക്കൊപ്പം നാട്ടുകാരും തന്മയത്വത്തോടെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ രണ്ടാം പകുതി കുറേക്കൂടി വെട്ടിച്ചുരുക്കിയിരുന്നെങ്കില്‍ സിനിമ കൂടുതല്‍ ഹൃദയസ്പര്‍ശിയാകുമായിരുന്നു. പോസ്റ്റ് മാനെ ആട്ടിപ്പായിക്കുന്ന രംഗങ്ങള്‍ കുറേയേറെ തവണ ആവര്‍ത്തിച്ചുവരുന്നത് സിനിമയുടെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്.

ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന സിനിമയിലേതുപോലെ ഭയാനകത്തിലും കുട്ടനാടിന്‍റെ ഭൂമിശാസ്ത്രം കൃത്യമായി ഒപ്പിയെടുത്തിട്ടുണ്ട്. കഥാസന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് മഴയുടെ സാധ്യതകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നാട്ടുകാര്‍ യുദ്ധഭൂമിയില്‍ മരിച്ചുവീഴുന്നതിന്റെ വിവരങ്ങള്‍ വന്നുകൊണ്ടിരുന്നപ്പോഴും യുവാക്കള്‍ പട്ടാളത്തില്‍ ചേര്‍ന്നതെന്തുകൊണ്ടെന്ന ചോദ്യത്തിനും സിനിമ ഉത്തരം നല്‍കുന്നു. കൊടുംപട്ടിണിയാണ് അവരെ യുദ്ധമുഖത്തേക്ക് തള്ളിവിട്ടതെന്ന് സിനിമ വ്യക്തമായി തന്നെ പറയുന്നുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തില്‍ കുട്ടനാട്ടുകാരായ 650ഓളം പേര്‍ കൊല്ലപ്പെട്ടുവെന്ന് സിനിമയ്ക്കൊടുവില്‍ എഴുതിക്കാണിക്കുമ്പോള്‍ ഇത്രയും നേരം കണ്ടത് സാങ്കല്‍പിക കഥയായിരുന്നില്ല എന്ന തിരിച്ചറിവോടെയാണ് പ്രേക്ഷകര്‍ തിയേറ്റര്‍ വിടുന്നത്.

Tags:    

Similar News