ആദ്യ ഓഡിഷനിലൂടെ നായികയായതിന്റെ ത്രില്ലില്‍ ശരണ്യ ആര്‍ നായര്‍
മറഡോണയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പുതുമുഖ നായിക ശരണ്യ ആര്‍ നായര്‍..
വിഷ്ണു നാരായണന്‍ സംവിധാനം ചെയ്ത് ടൊവിനോ തോമസ് മുഖ്യ വേഷത്തിലെത്തുന്ന സിനിമയാണ് മറഡോണ. പുതുമുഖം ശരണ്യ ആര്‍ നായരാണ് ചിത്രത്തിലെ നായിക. ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ വിത്സണ്‍, ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മറഡോണയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ശരണ്യ..
മറഡോണയെ കുറിച്ച്?
ടൊവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരാണ് മറഡോണ. പേര് കേള്‍ക്കുമ്പോള്‍ ഫുട്ബോളുമായി ബന്ധമുണ്ടെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം. പക്ഷേ ഫുട്ബോളുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമയാണിത്. ഇതിലെ മറഡോണ കുട്ടിയായിരിക്കുമ്പോള്‍ ഫുട്ബോള്‍ കളിച്ചിട്ടുണ്ട്, പിന്നെ ഇതിഹാസതാരം മറഡോണയുടെ ആരാധകനുമാണ്. ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ആശ എന്നാണ്. ഹോം നഴ്സായി ജോലി ചെയ്യുകയാണ് ആശ. ശരിക്കുള്ള എന്നെപ്പോലെ തന്നെ ചറപറ വര്‍ത്തമാനം പറയുന്നയാളാണ് ആശ. സൌഹൃദത്തിനും പ്രണയത്തിനുമൊക്കെ പ്രാധാന്യമുള്ള ഒരു ഫാമിലി എന്‍റര്‍ടെയിനറും ആക്ഷന്‍ ത്രില്ലറുമാണ് സിനിമ.
എങ്ങനെയാണ് ശരണ്യ ആശയായത്?
ഓഡിഷനിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്. എന്‍റെ ആദ്യത്തെ ഓഡിഷനായിരുന്നു. പഠിക്കുന്ന കാലത്തെല്ലാം സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരിക്കലും നടക്കില്ലെന്ന് തോന്നുന്ന ചില ആഗ്രങ്ങള്‍ നമുക്കുണ്ടാവില്ലേ? അങ്ങനെ ഒന്നായിരുന്നു അത്. സിനിമാ ഇന്‍ഡസ്ട്രിയിലെ ആരുമായും എനിക്ക് യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ സിനിമയിലെത്തുക എന്നത് വളരെ പ്രയാസകരമായിരുന്നു. എംബിഎ കഴിഞ്ഞ് ജോലി കിട്ടിയതോടെ സിനിമയിലെത്തുക എന്ന ആഗ്രഹമൊക്കെ ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ഈ സിനിമയുടെ ഓഡിഷനെ കുറിച്ചറിഞ്ഞത്. എന്‍റെ സീനിയറായി പഠിച്ച മഹേഷാണ് വിഷ്ണു നാരായണന്‍റെ സിനിമയില്‍ പുതുമുഖങ്ങളെ തേടുന്നുണ്ടെന്ന് പറഞ്ഞത്. അങ്ങനെയാണ് ഓഡിഷന് പോയത്. ഓഡിഷന് പോയപ്പോള്‍ സംവിധായകനും തിരക്കഥാകൃത്തും അസിസ്റ്റന്‍റ് ഡയറക്ടര്‍മാരുമൊക്കെയുണ്ട്. കിട്ടില്ലെന്ന് ഉറപ്പിച്ചാണ് പോയത്. കുറേ രംഗങ്ങളൊക്കെ അഭിനയിക്കാന്‍ തന്നു. രണ്ടാംഘട്ട ഓഡിഷന് വരാന്‍ പറഞ്ഞു. പിന്നീട് സെലക്റ്റ് ചെയ്തെന്ന് പറഞ്ഞപ്പോള്‍ എന്നെ പറ്റിക്കുകയാണെന്നാ ആദ്യം കരുതിയത്. അതിനുശേഷം വിളിച്ചിരുത്തി കഥ പൂര്‍ണമായി പറഞ്ഞുതന്നു.
ടൊവിനോയെ കുറിച്ച്?
ജീവിതത്തിലാദ്യമായി ഷൂട്ടിങ് ലൊക്കേഷന്‍ കണ്ടതുതന്നെ ഈ സിനിമയിലേക്ക് വിളിച്ചതില്‍ പിന്നെയാണ്. ടീമിലെ എല്ലാവരുമായും പെട്ടെന്ന് അടുത്തു. ഷൂട്ടിങില്‍ ഉപയോഗിക്കുന്ന സാങ്കേതിക വാക്കുകളൊക്കെ പഠിച്ചു. എന്‍റെ ആദ്യത്തെ സീന്‍ ടൊവിനോക്കൊപ്പമായിരുന്നു. അതും റൊമാന്‍സ് സീന്‍. ഞാന്‍ താരങ്ങളെയൊക്കെ അടുത്ത് കാണുന്നത് തന്നെ ആദ്യമായിട്ടായിരുന്നു. ടൊവിനോ താരമായിട്ടല്ല, സുഹൃത്തായിട്ടാണ് പെരുമാറിയത്. ഡയലോഗുകളൊക്കെ മറന്നുപോകുമ്പോള്‍ ടൊവിനോ തന്നെ പറഞ്ഞുതരും. ലിയോണ ഉള്‍പ്പെടെ കൂടെ അഭിനയിച്ച എല്ലാവരും നിര്‍ദേശങ്ങള്‍ തന്നും പ്രോത്സാഹിപ്പിച്ചും കൂടെ നിന്നു.
സിനിമയില്‍ അഭിനയിക്കണമെന്ന് തോന്നിയത് എപ്പോഴാണ്?
പണ്ടുമുതലേ സിനിമകളൊക്കെ, പ്രത്യേകിച്ച് ഹിന്ദി സിനിമകള്‍ കുറേ കാണുമായിരുന്നു. കജോളിന്‍റെയൊക്കെ ഡയലോഗുകള്‍ അനുകരിക്കുമായിരുന്നു. സ്കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോള്‍ നാടകം, നൃത്തം, സ്കിറ്റ് ഒക്കെ ചെയ്തിട്ടുണ്ട്. പിന്നെ ഞാനൊരു സ്വപ്നജീവിയായത് കൊണ്ടുതന്നെ സിനിമാഭിനയം എന്നത് എന്‍റെ ദിവാസ്വപ്നങ്ങളിലൊന്നായിരുന്നു.
ജോലിയും അഭിനയവും ഒരുമിച്ച് നടക്കുമോ?
നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ പൂര്‍ണമായി ഈ രംഗത്ത് നില്‍ക്കാനാണ് തീരുമാനം. ഈ സിനിമയില്‍ അഭിനയിക്കാന്‍ പോകാന്‍ ലീവ് തന്ന് എന്‍റെ സ്ഥാപനം പിന്തുണച്ചു. പക്ഷേ എപ്പോഴും ലീവെടുക്കുക എന്നത് പ്രായോഗികമല്ലല്ലോ. ഒരു ചാന്‍സ് കിട്ടാന്‍ തന്നെ കൊല്ലങ്ങളായി നടക്കുന്നവരുണ്ട്. ഞാന്‍ ആദ്യത്തെ ഓഡിഷനിലൂടെ തന്നെ സിനിമയിലെത്തി. ദൈവാനുഗ്രഹം കൊണ്ടും വീട്ടുകാരുടെ പിന്തുണ കൊണ്ടുമാണ് സാധിച്ചത്. വീട്ടുകാര്‍ എന്നെ എന്‍റെ ഇഷ്ടത്തിന് വിട്ടിട്ടേയുള്ളൂ എന്നും. കുറേ യാത്ര ചെയ്യാന്‍ ഇഷ്ടമുള്ളയാളാണ് ഞാന്‍. അക്കാര്യത്തിലൊന്നും വീട്ടുകാര്‍ എന്നെ നിയന്ത്രിക്കാറില്ല. ഈ പ്രായത്തിലൊക്കെ നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികളെ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് വിടാനൊക്കെ പേടിയാണല്ലോ. എന്‍റെ ആഗ്രഹത്തിന് എന്നെ വിട്ടതുകൊണ്ടാണ് സിനിമയിലെത്താന്‍ കഴിഞ്ഞത്.
മറഡോണയെ കുറിച്ചുള്ള പ്രതീക്ഷകള്‍
16 വര്‍ഷത്തിലധികമായി സിനിമാരംഗത്തുള്ള വിഷ്ണു നാരായണ്‍ ആണ് ഈ സിനിമയുടെ സംവിധായകന്‍. ആഷിഖ് അബു, ദിലീഷ് പോത്തന്‍ തുടങ്ങിയ സംവിധായകരുടെയൊക്കെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചയാളാണ്. ആദ്യമായി വിളിച്ചിരുത്തി കഥ പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെയുള്ളില്‍ ആ സിനിമയെ കുറിച്ച് വ്യക്തതയുണ്ടായിരുന്നു. ആദ്യത്തെ തവണ കേട്ടപ്പോള്‍ തന്നെ കഥ എനിക്കിഷ്ടമായി. പ്രേക്ഷകര്‍ക്കും ഇഷ്ടമാകുമെന്നാണ് വിശ്വാസം.