ഒരു സാഹിത്യകൃതിയെ ചൊല്ലി ഇത്രയധികം വിവാദങ്ങള്‍ ഉണ്ടാക്കേണ്ട ആവശ്യമില്ല, ആരെങ്കിലും വിചാരിച്ചാല്‍ തകര്‍ന്നു പോകുന്നതാണോ മതങ്ങള്‍: റഫീഖ് അഹമ്മദ്

ഒരു ഹരീഷോ റഫീഖോ വിചാരിച്ചാല്‍ അതിനെ തകര്‍ക്കാന്‍ സാധിക്കില്ല. പിന്നെ എന്തിനാണ് ഇത്ര ഭയക്കുന്നത്. അവരുടെ മതത്തെ അവര്‍ക്ക് അത്ര വിശ്വാസമില്ല എന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്

Update: 2021-07-05 05:40 GMT
Advertising

മുഖം ആവശ്യമില്ലാത്ത കവിയാണ് റഫീഖ് അഹമ്മദ്. അദ്ദേഹത്തിന്റെ കവിതകളെക്കാള്‍ ഒരു പക്ഷേ സാധാരണക്കാരനായ മലയാളിക്ക് കൂടുതല്‍ പരിചയം അദ്ദേഹമെഴുതിയ സിനിമാ ഗാനങ്ങളെ ആയിരിക്കും. മരണമെത്തുന്ന നേരത്ത് നീ എന്റെ അരികില്‍ എന്നു തുടങ്ങുന്ന കവിത സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ഒരു ഗാനമായി എത്തിയപ്പോള്‍ ആസ്വാദകര്‍ അതിനെ കാതോട് ചേര്‍ത്തു വച്ചു. ഈയിടെ പുറത്തിറങ്ങിയ അഞ്ജലി മേനോന്‍ ചിത്രം കൂടെയിലെ പാട്ടുകളുടെ വരികളും റഫീഖിന്റേതായിരുന്നു. സിനിമാ ഗാനങ്ങളെക്കുറിച്ച്, പാട്ടെഴുത്തിനെക്കുറിച്ച് റഫീഖ് അഹമ്മദ് മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

കൂടെ സിനിമയിലെ പാട്ടുകളെക്കുറിച്ച്?

കൂടെയില്‍ നാല് പാട്ടുകളാണ് എഴുതിയിട്ടുള്ളത്. ഒരു പാട് പ്രതിസന്ധികളിലൂടെയാണ് സിനിമ ഇന്‍ഡസ്ട്രി കടന്നുപോകുന്നത്. ആ സമയത്ത് ഒരു സിനിമ വിജയിക്കുന്നത് വലിയ കാര്യമാണ്. ആ വിജയ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.

പുതിയ പാട്ടുകള്‍ നോക്കിയാല്‍ പലപ്പോഴും ഗാനരചയിതാവിന്റെ പേര് കാണാറില്ല എന്ന് അങ്ങ് ഒരിക്കല്‍ എഴുതിയിരുന്നു. ശരിക്കും എഴുത്തുകാരന്റെ പേരിന് പ്രസക്തി നഷ്ടപ്പെടുന്നുണ്ടോ?

അങ്ങിനെയൊന്നുണ്ട് എന്ന് തന്നെയാണ് എന്റെ വിചാരം. സാഹിത്യം, കവിത എന്നിവയ്ക്കൊക്കെ വളരെയധികം പ്രാധാന്യം കല്‍പിക്കുന്ന സമൂഹമാണ് മലയാളി സമൂഹം. പാട്ടിന്റെ വരികള്‍ക്ക് മുന്‍പ് ഒരു പാട് പ്രാധാന്യം കൊടുത്തിരുന്നു. അതുപോലെ വയലാര്‍, ഒഎന്‍വി, പി.ഭാസ്കരന്‍ എന്നിവരുടെ പേരുകളും വളരെ സുപരിചിതമായിരുന്നു. അതിപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. സിനിമയുടെ രൂപഭാവങ്ങള്‍ ചിലപ്പോള്‍ മാറിക്കാണും. സിനിമയ്ക്ക് വേണ്ടിയിട്ടാണല്ലോ ചെയ്യുന്നത്. സമീപകാലത്തെ ഒരു സംഭവം എന്താണെന്ന് വച്ചാല്‍ പാട്ട് എന്നാല്‍ ലിറിക്കല്‍ എന്നതിലുപരി മ്യൂസിക്കല്‍ ആയി മാറിയിട്ടുണ്ട്. അതുകൊണ്ട് കുഴപ്പമൊന്നുമില്ല, പക്ഷേ ആയുസ് ഉണ്ടാകില്ല, നിലനില്‍ക്കില്ല. നീണ്ടുനില്‍ക്കണമെന്നുണ്ടെങ്കില്‍ നല്ല വരികളുണ്ടായിരിക്കണം. അതുകൊണ്ടാണ് പഴയ പാട്ടിനെ നാം ഇഷ്ടപ്പെടുന്നത്.

പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പോലും പഴയ പാട്ടിനോടാണ് താല്‍പര്യം. അവരുടെ ഹൃദയത്തില്‍ തൊടുന്ന ചില വരികളുണ്ട്, വാക്കുകളുണ്ട്. വാക്ക് എന്നാല്‍ ചെറിയ സാധനമല്ല, വാക്കിന് വലിയ ശക്തിയുണ്ട്. അതുകൊണ്ടാണ് പഴയ പാട്ടുകളെ ഇപ്പോഴും നാം ഇഷ്ടപ്പെടുന്നത്. പുതിയ പാട്ടുകള്‍ തിയറ്ററില്‍ ഒരു ബഹളമുണ്ടാക്കുക എന്നതില്‍ കവിഞ്ഞ് രണ്ടാഴ്ച ഒരു ഓളമുണ്ടാക്കുക എന്നതല്ലാതെ അതില്‍ കൂടുതല്‍ ആയുസ് അതിനില്ല.

ഒരു കാലത്ത് മലയാള സിനിമയിലെ പാട്ടുകളെക്കുറിച്ച് നിലവാരമില്ല എന്ന വലിയ രീതിയിലുള്ള ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചു നല്ല പാട്ടുകള്‍ വരുന്നുണ്ട്. അങ്ങിനെയൊരു മാറ്റമുണ്ടോ?

അതു ഞാനല്ല തീരുമാനിക്കേണ്ടത്. ഇപ്പോഴും ജിമിക്കി കമ്മല്‍ പോലുള്ള പാട്ടുകള്‍ വരുന്നുണ്ട്. പക്ഷേ അതല്ല, നല്ല പാട്ടുകള്‍ക്ക് വേണ്ടിയുള്ള ആഗ്രഹം ഇക്കാലത്തും ജനങ്ങള്‍ക്കുണ്ട്. അതു കൊടുക്കാന്‍ പറ്റുന്ന ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത് ചെയ്യേണ്ടത് മറ്റ് പലരാണ്. ഇന്നത്തെ തലമുറയില്‍ ഉള്ളവര്‍ക്ക് ഇന്നതാണ് ആവശ്യമെന്ന് ചിലര്‍ അങ്ങ് നിശ്ചയിക്കുകയാണ്. പലപ്പോഴും കോളേജുകളില്‍ പോകുന്ന ഒരാളാണ് ഞാന്‍. പുതിയ തലമുറയുമായി വളരെയധികം സംവദിക്കാറുണ്ട്. അവര്‍ക്ക് നല്ല പ്രണയാര്‍ദ്രമായ പാട്ടുകളോടാണ് താല്‍പര്യം. ഫിലോസഫിക്കല്‍ ആയ പാട്ടുകളും അവര്‍ ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ ഈ പാട്ടുകളുടെ അധികാരികള്‍ ആയിട്ടുള്ള ആളുകള്‍ ഉണ്ട്. അവരുടെ വിചാരം ന്യൂ ജനറേഷന്‍ എന്നാല്‍ ഒരു ഒട്ടും വിവരമില്ലാത്ത ആളുകളാണ്, അവര്‍ക്ക് അടിപൊളി പാട്ടുകളാണ് ആവശ്യം എന്നൊക്കെയാണ്. പക്ഷേ സത്യം അതല്ല, കാവ്യാത്മകമായ പാട്ടുകളും വരികളും ഇഷ്ടപ്പെടുന്ന തലമുറ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്, ഇപ്പോഴുമുണ്ട്.

മരണമെത്തുന്ന നേരത്ത് എന്ന കവിതയിലൂടെയാണ് സാധാരണക്കാര്‍ പോലും റഫീഖ് അഹമ്മദിനെ തിരിച്ചറിയുന്നത്. ആ കവിത ഗാനമായുള്ളപ്പോഴുള്ള അനുഭവം?

അത് നല്ലൊരു കവിതയാണ്, പക്ഷേ നല്ലൊരു പാട്ടാണ് എന്നൊരു അഭിപ്രായമില്ല. ഞാനൊരു കവിതയായിട്ടാണ് ഞാന്‍ അതെഴുതിയത്. ഒരു മാസികയില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നു. ആ സമയത്ത് അതാരും ശ്രദ്ധിച്ചിരുന്നില്ല. അത് സിനിമയില്‍ ഒരു ഗാനമായി വന്നപ്പോഴാണ് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഷഹബാസ് അമനായിരുന്നു സംഗീതം. രഞ്ജിത്ത് എന്ന സംവിധായകന്റെ സെന്‍സിബിലിറ്റി കൊണ്ടാണ് ആ കവിത സ്പിരിറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇപ്പോഴും ഒരു പാട് ആളുകള്‍ ആ പാട്ടിന്റെ പേരിലാണ് എന്നെ ഇഷ്ടപ്പെടുന്നത്.

കവിതകള്‍ ചൊല്ലാതെ ഗാനമായി ആലപിക്കുന്നതിനോട് യോജിക്കുന്നുണ്ടോ?

രണ്ട് കാര്യങ്ങളുണ്ട്. കവിത എന്നാല്‍ ഭാഷ കൊണ്ട് ചെയ്യാവുന്ന ഏറ്റവും ഉയര്‍ന്ന പണിയാണ് കവിത. അതിനപ്പുറത്തേക്ക് പോകാന്‍ പറ്റില്ല. അതിന് അതിന്റെതായ പ്രാധാന്യമുണ്ട്. ആ രീതിയില്‍ വേണം സമീപിക്കിക്കാന്‍. പാട്ട് വേറൊന്നാണ്, അത്ര ഗൌരവകരമായ കാര്യമൊന്നുമല്ല പാട്ടിലൂടെ പറയുന്നത്. ഇപ്പോള്‍ ഒരിടത്തു മരണം, ഒരിടത്ത് ജനനം എന്ന പാട്ട് സ്കൂളില്‍ പോയിട്ടില്ലാത്ത ആളുകള്‍ക്ക് പോലും അതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ കഴിയും. കവിത വെറുതെ ചൊല്ലിയിട്ടോ, സംഗീതാത്മകമാക്കിയിട്ടോ കാണേണ്ട ഒരു കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല.

സംഗീതത്തിന് അനുസരിച്ച് പാട്ടിന്റെ വരികള്‍ എഴുതുമ്പോള്‍ ശരിക്കും ആ ഗാനത്തിന്റെ ജീവന്‍ നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത്?

അത് അങ്ങിനെയല്ല. എന്താണ് റിസല്‍റ്റ് എന്നതിലാണ് കാര്യം. ഇപ്പോള്‍ മാനസമൈനേ എന്ന പ്രശസ്തമായ ഗാനം, ചിലപ്പോള്‍ ട്യൂണ്‍ അനുസരിച്ചായിരിക്കാം ആ പാട്ടെഴുതിയത്. സലില്‍ ചൌധരിയായിരുന്നും സംഗീതം. അദ്ദേഹത്തിന് മലയാളമറിയില്ല. അതുപോലെ ഒരു പാട് പാട്ടുകളുണ്ട്. അത്ഭുതം തോന്നുന്ന പാട്ടുകളുണ്ട്. കുളി കഴിഞ്ഞ് കോടി മാറ്റിയ ശിശിരകാല ചന്ദ്രികേ എന്നു തുടങ്ങുന്ന വളരെ മലയാളിത്തമുള്ള ഒരു ഗാനമുണ്ട്. അത് ആദ്യം സംഗീതം ചെയ്തിട്ട് വരികളെഴുതിയതാണ്. കേള്‍ക്കുമ്പോള്‍ നമുക്ക് എന്തു തോന്നുന്നു എന്നതിലാണ് കാര്യം. എഴുതുന്ന ആളും സംഗീതം ചെയ്യുന്ന ആളും തമ്മിലുള്ള ഒരു പ്രശ്നമായിട്ടാണ് ഞാനതിനെ കാണുന്നത്.

പിന്നെ മുന്‍കൂട്ടിയിട്ടുള്ള ഈണങ്ങള്‍ വരുമ്പോള്‍ സ്വാതന്ത്ര്യം കുറച്ചു പരിമിതപ്പെടും. ദേവരാജന്‍ മാഷൊക്കെ ഉണ്ടായിരുന്ന കാലത്ത് വയലാറിനെ പോലുള്ളവരുടെ വരികള്‍ക്ക് അനുസരിച്ചായിരുന്നു ഈണമിടേണ്ടത്. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന വരികള്‍ വെറുതെ കേട്ടാല്‍ ഒരു ഗദ്യമാണെന്നെ തോന്നൂ, എന്നാല്‍ അതിന് സംഗീതം കൊടുത്ത് ഒരു ഗാനമാക്കി മാറ്റുന്നത് വലിയ ജോലിയാണ്. അത് പ്രതിഭയുള്ള ഒരാള്‍ക്കേ പറ്റൂ. അതു പോലെ ജി. ശങ്കരക്കുറുപ്പിന്റെ ശാന്തമംബരം നിദാഘോഷ്മള... എന്ന കവിത അത് ദക്ഷിണാമൂര്‍ത്തി സ്വാമി ചെയ്തപ്പോള്‍ മനോഹരമായ ഒരു പാട്ടായി മാറി. പുതിയ കാലത്ത് ഈ ഒരു പണി നേരെ തിരിച്ച് ഗാനരചയിതാക്കള്‍ക്ക് വന്നുവെന്ന് മാത്രം. മുന്‍പ് കവികളെഴുതുന്ന വരികള്‍ ഒരു വാക്ക് പോലും മാറ്റാതെ അതിന് ഈണം കൊടുക്കുക എന്ന ചുമതല സംഗീതസംവിധായകര്‍ക്കുണ്ടായിരുന്നു. ഇന്ന് ഒരു ഈണത്തിന് ഭംഗം വരാത്ത രീതിയില്‍ വരികളെഴുതാനുള്ള ജോലി ഗാനരചയിതാക്കളിലേക്കും വന്നു. ഒരു പാട്ട് കേള്‍ക്കുമ്പോള്‍ അത് എങ്ങിനെ ഉണ്ടായി എന്നൊന്നും ആരും ചിന്തിക്കില്ല. ആ പാട്ട് നിങ്ങള്‍ക്ക് സന്തോഷം തരുന്നുണ്ടോ, മനസില്‍ സ്പര്‍ശിക്കുന്നുണ്ടോ എന്നാണ് നോക്കുന്നത്. മറ്റൊന്നും ഒരു വിഷയമല്ല.

മീശ നോവല്‍ വിവാദത്തെക്കുറിച്ച്?

തീര്‍ച്ചയായും അത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം തന്നെയാണ്. എന്തു തന്നെ പറഞ്ഞാലും അത് സമീപകാലത്തുണ്ടായ വലിയൊരു അപചയം തന്നെയാണ്. ഇരുപത്തഞ്ചോ മുപ്പതോ കൊല്ലം ഉണ്ടായിരുന്ന മലയാളിയില്‍ നിന്നും തറ നിലവാരത്തിലേക്ക് നമ്മള്‍ പോയി എന്നതിന് തെളിവാണ് ഈ വിവാദങ്ങള്‍. ഒരു സാഹിത്യകൃതിയെ ചൊല്ലി ഇത്രയധികം വിവാദങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമില്ല, സാഹിത്യകൃതിയെ അതായിട്ട് മാത്രം കാണുക. മതങ്ങള്‍ എന്ന് പറയുന്നത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഉണ്ടായി ഇപ്പോഴും നിലനില്‍ക്കുന്നതാണ്. ഒരു ഹരീഷോ റഫീഖോ വിചാരിച്ചാല്‍ അതിനെ തകര്‍ക്കാന്‍ സാധിക്കില്ല. പിന്നെ എന്തിനാണ് ഇത്ര ഭയക്കുന്നത്. അവരുടെ മതത്തെ അവര്‍ക്ക് അത്ര വിശ്വാസമില്ല എന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്.

വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സോഷ്യല്‍ മീഡിയക്ക് ചെറുതല്ലാത്ത ഒരു പങ്കില്ലേ?

തീര്‍ച്ചയായും ഉണ്ട്. സ്വാതന്ത്ര്യം എന്ന് പറയുന്നത് വളരെ വിലപ്പെട്ട ഒരു സംഗതിയാണ്. പക്ഷേ അതുപയോഗിക്കുമ്പോള്‍ ഒരു ഉത്തരവാദിത്തമുണ്ട്. സോഷ്യല്‍മീഡിയ സ്വാതന്ത്ര്യത്തിന്റെ ഒരു രംഗമാണ്. ആരും അറിയാത്ത ആളുകള്‍ക്ക് പോലും അഭിപ്രായം രേഖപ്പെടുത്താനുള്ള ഒരു വേദി സോഷ്യല്‍ മീഡിയ നല്‍കുന്നുണ്ട്. പക്ഷേ അതിന്റെ ഒരു ഗൌരവവും ഉത്തരവാദിത്തവും നാം ഉള്‍ക്കൊള്ളണം. നാം പറയുന്ന കാര്യങ്ങള്‍ ആയിരക്കണക്കിന് ആളുകള്‍ കേള്‍ക്കുന്നതാണെന്ന ഒരു തോന്നല്‍ നമുക്കുണ്ടാകണം. അതല്ലാതെ വായില്‍ തോന്നിയത് പറയാന്‍ പറ്റിയ ഒരു സംഗതിയാക്കി ഇതിനെ മാറ്റുകയും നമ്മുടെ നിലവാരക്കുറവ് മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദുഃഖകരമായ കാര്യമാണ്.

പുതിയ സിനിമകള്‍ ഏതൊക്കെയാണ്?

ഒടിയന് വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, താക്കോല്‍, മാമാങ്കം എന്നിവയാണ് പുതിയ പ്രോജക്ടുകള്‍.

Tags:    

Byline - ജെയ്സി തോമസ്

contributor

Similar News