വേട്ടക്കാരുടെ രണഭൂമി: രണം, റിവ്യൂ വായിക്കാം

മലയാളത്തിൽ വന്നിട്ടുള്ള ക്രൈം ത്രില്ലർ/ഗ്യാങ്സ്റ്റർ സിനിമകളിൽ നിന്നും വ്യത്യസ്തമായ പശ്ചാത്തലമാണ് രണത്തിന്റേത്. അമേരിക്കയിലെ ഡെട്രോയിറ്റ് നഗരത്തിന്റെ അധോലോക പശ്ചാത്തലം കാഴ്ചക്ക് പുതുമ നൽകുന്നതാണ്.

Update: 2018-09-06 12:22 GMT
Advertising

പ്രളയത്തിന് ശേഷം കേരളത്തിലെ തിയറ്ററുകൾ മലയാള സിനിമകൾ കൊണ്ട് സജീവമാകാനൊരുങ്ങുകയാണ്. അതിന് തുടക്കമിട്ട് ഇന്ന് റിലീസ് ചെയ്ത സിനിമയാണ് പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന രണം, ഡെട്രോയിറ്റ് ക്രോസിങ്.

നവാഗതനായ നിർമ്മൽ സഹദേവാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരുക്കുന്നത്. ആനന്ദ് പയ്യന്നൂർ, റാണി, ബിജു ലോസൺ എന്നിവർ ചേർന്ന് നിർമ്മിച്ച സിനിമ വിതരണം ചെയ്യ്തത് യെസ് സിനിമാസും ലോസൺ എന്റർട്ടേൻമെന്റും ചേർന്നാണ്. ചായാഗ്രഹണം ജിഗ്മേ ടെൻസിങ്. സംഗീതം ജേക്ക്സ് ബിജോയ്. പൃഥ്വിരാജ് സുകുമാരൻ, ഇഷ തൽവാർ, റഹ്മാൻ, അശ്വിൻ, സെലിൻ ജോസഫ്, നന്ദു എന്നിവർ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നു. അമേരിക്കയിലെ ഡെട്രോയിഡ് നഗരത്തിൽ ചിത്രീകരിച്ച രണം, ഡെട്രോയിറ്റ് ക്രോസിങ് ക്രൈം ത്രില്ലർ/ഗ്യാങ്സ്റ്റർ ഗണത്തിൽ പെടുത്താവുന്ന സിനിമയാണ്.

Full View

കോളനി വത്കരണത്തിന് ശേഷം അമേരിക്കയിലെ കറുത്ത വർഗക്കാരും വെളുത്ത വർഗക്കാരും തമ്മിൽ സംഘർഷങ്ങളുണ്ടായി. തുടർന്ന് കറുത്ത വർഗക്കാർ താമസിച്ചിരുന്ന ഡെട്രോയിറ്റ് വെളുത്ത വർഗക്കാർ ആക്രമിച്ചു. അങ്ങിനെ, അമേരിക്കയെ ഇന്ന് കാണുന്ന സാമ്പത്തിക ശക്തിയാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യവസായ മേഖലയായിരുന്ന ഡെട്രോയിറ്റ് നഗരം നാമാവശേമായി. പിന്നീട് കൊള്ളക്കാരുടെയും ഭീകരരുടേയും അധോലോകമായി ഡെട്രോയിറ്റ് മാറി. ആഭ്യന്തര യുദ്ധത്തിന്റെ പരിണിത ഫലങ്ങളെന്നോണം നഷ്ടങ്ങളിൽ നിന്നും കരകയറാനായി ഇന്ത്യ, തെക്കൻ ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും പലായനം ചെയ്യപ്പെട്ട് അമേരിക്കയിലെത്തിയ ഒരു പറ്റം ആളുകൾ ഡെട്രോയിറ്റിലേക്ക് ചേക്കേറി. അവരും, അവരുടെ ഭാവി തലമുറകളും അധോലോകത്തിന്റെ ഭാഗമാവുന്നു. ഇൗ അധോലോകത്തിന്റെ ഭാഗമാവേണ്ടി വന്നതിൽ ഖേദിക്കുന്ന, അതിൽ നിന്നും പിൻമാറാൻ ശ്രമിക്കുന്ന ആദി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ആദിയായി പൃഥ്വിരാജ് പതിവ് ശൈലിയില്‍ത്തന്നെ സിനിമയിലുടനീളം കഥയെ നിയന്ത്രിക്കുന്നു. ഡെട്രോയിറ്റ് നഗരത്തിന്റെ അധോലോക ശൃംഖല നിയന്ത്രിക്കുന്നത് ശ്രീലങ്കൻ തമിഴ് വംശജരായ ദാമോദറും അനിയൻ ശെൽവവുമാണ്. ഇവരുടെ തൊഴിലാളിയായ ആദി അവരിൽ നിന്നും അകലാൻ ശ്രമിക്കുമ്പോൾ അവർക്കിടയിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളിലൂടെയും അത് സ്വാധീനിക്കുന്ന കഥാസന്ദർഭങ്ങളിലൂടെയുമാണ് സിനിമ മുന്നോട്ട് പോകുന്നത്.

Full View

മലയാളത്തിൽ വന്നിട്ടുള്ള ക്രൈം ത്രില്ലർ/ഗ്യാങ്സ്റ്റർ സിനിമകളിൽ നിന്നും വ്യത്യസ്തമായ പശ്ചാത്തലമാണ് രണത്തിന്റേത്. അമേരിക്കയിലെ ഡെട്രോയിറ്റ് നഗരത്തിന്റെ അധോലോക പശ്ചാത്തലം കാഴ്ചക്ക് പുതുമ നൽകുന്നതാണ്. അത് കൊണ്ട് തന്നെ ഛായാഗ്രഹണം വ്യത്യസ്തത പുലർത്തുന്നു. ആക്ഷന്‍ രംഗങ്ങള്‍ നല്ലതായിരുന്നു. സിനിമയുടെ സ്വഭാവത്തോട് ചേർന്ന് നിൽക്കുന്ന പശ്ചാത്തല സംഗീതം ആസ്വാദ്യകരമായിരുന്നു. ശബ്ദ മിശ്രണവും മികച്ച് നിൽക്കുന്നു. പൃഥ്വിരാജിനെക്കൂടാതെ സീമയായി ഇഷ തൽവാർ, ഭാസ്കരേട്ടനായി നന്ദു, ദാമോദറായി റഹ്മാൻ, എന്നിങ്ങനെ സിനിമയുടെ കാസ്റ്റിങ് കഥാപാത്രങ്ങളോട് നീതി പുലർത്തുന്നതായിരുുന്നു.

Full View

കറുത്ത വര്‍ഗക്കാര്‍ താമസിക്കുന്ന പ്രദേശത്തെ ഒരു അധോലോകമായി ചിത്രീകരിക്കുന്ന മലയാള സിനിമയുടെ സ്ഥിരം സമീപനമാണ് രണവും സ്വീകരിച്ചത്. പൃഥ്വിരാജിന്റെ കഥാ വിവരണത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. തുടക്കത്തിൽ പൃഥ്വിരാജിന്റെ ശബ്ദം പ്രേക്ഷകനിൽ ആവേശമുണർത്തിയെങ്കിലും പീന്നീട് അരോചകമായി. കഥ പറയാൻ കഷ്ടപ്പെടുന്ന സംവിധായകന് രക്ഷപ്പെടാനുള്ള എളുപ്പവഴിയെന്നോണം പൃഥ്വിരാജിൻ്റെ ശബ്ദത്തിന്റെ ഗാംഭീര്യത്തെ ഉപയോഗിക്കുന്നതായി അനുഭവപ്പെട്ടു. കഥയിൽ പുതുമയൊന്നും അവകാശപ്പെടാനില്ല. ആദ്യ പകുതിയിൽ ബന്ധങ്ങളുടെ ആഴത്തീലൂന്നിയും രണ്ടാം പകുതിയിൽ കേന്ദ്ര കഥാപാത്രം നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ബന്ധങ്ങളുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളിൽ ഇടകലർത്തി പറഞ്ഞ കഥ പറച്ചിൽ രീതി സിനിമയുടെ ഒഴുക്കിനെ ബാധിച്ചു. ട്രെയിലർ നൽകിയ ത്രില്ലർ സ്വഭാവം സിനിമയിൽ നഷ്ടപ്പെട്ടു. സംഭാഷണങ്ങൾക്ക് ശരാശരി നിലവാരം പുലർത്താനേ സാധിച്ചുള്ളൂ. കഥാപശ്ചാത്തലത്തെക്കുറിച്ച് വാചാലമായി പറഞ്ഞ തിരക്കഥ അത് കഥയുമായി ബന്ധമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടു. പല ക്ലീഷെ രംഗങ്ങളും ഒഴിവാക്കിയിരുന്നെങ്കിൽ സിനിമ കുറച്ച് കൂടി ആസ്വാദ്യമാവുമായിരുന്നു.

മലയാളത്തിൽ അധികം ഗ്യാങ്സ്റ്റർ ചിത്രങ്ങൾ അവതരിപ്പിക്കപ്പെടാത്തതിനാൽ രണം, ഡെട്രോയിറ്റ് ക്രോസിങ് ഒരു പ്രചോദനം തന്നെയാണ്. ക്രൈം ത്രില്ലർ/ഗ്യാങ്സ്റ്റർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ചിത്രം ആസ്വാദ്യകരമാവും.

റേറ്റിങ്ങ് 2.5/5

Tags:    

Similar News