‘വൈകിയെത്തിയ തീവണ്ടിക്ക് തലവക്കാമോ?’ തീവണ്ടി, റിവ്യു വായിക്കാം
മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന തീവണ്ടി ഹാസ്യത്തിന് പ്രാധാന്യം നൽകി അണിയിച്ചൊരുക്കിയ പൊളിറ്റിക്കൽ സറ്റെയർ സിനിമയാണ്
“സ്വാഭാവികരായി ജീവിക്കാൻ ആരും താത്പര്യപ്പെടുന്നില്ല. അവർ അസ്വാഭാവികതയെ തേടി പോകുന്നു. അത് അവരെ സുരക്ഷിതമല്ലാത്ത അവസ്ഥയിലെത്തിക്കുന്നു...” തീവണ്ടി എന്ന സിനിമയിലെ ഒരു
സംഭാഷണമാണിത്. കഥയുമായി ഒരുപാട് ചേർന്ന് നിൽക്കുന്നതാണ് ഈ സംഭാഷണ ശകലം.
അതെ, ഒരുപാട് നാളുകളുടെ കാത്തിരിപ്പിനൊടുവിൽ നവാഗതനായ ഫെലിനി സംവിധാനം ചെയ്ത് ടൊവിനൊ തോമസ് നായകനായി വേഷമിട്ട തീവണ്ടി പ്രദർശനത്തിനെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന തീവണ്ടി ഹാസ്യത്തിന് പ്രാധാന്യം നൽകി അണിയിച്ചൊരുക്കിയ പൊളിറ്റിക്കൽ സറ്റെയർ സിനിമയാണ്. വിനി വിശ്വ ലാൽ തിരക്കഥയെഴുതിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഗസ്റ്റ് സിനിമാസാണ്. സംഗീതം കൈലാസ് മേനോൻ. ഛായാഗ്രഹണം ഗൗതം ശങ്കർ.
നിരന്തരമായി പുകവലിക്കുന്നവരുടെ സ്വഭാവങ്ങളിൽ കണ്ട് വരുന്ന ചില സാമ്യതകൾ ഉണ്ട്. ഒരു വലിയ സമൂഹത്തിന്റെ ഭാഗമായി ജീവിക്കാൻ ആഗ്രമുണ്ടെങ്കിലും ഒരു പറ്റം ആളുകളിൽ സമ്പർക്കം ചുരുങ്ങിപ്പോവുക, സ്ഥലകാലബോധമില്ലാതെ പൊട്ടിത്തെറിക്കുക, മറവി, എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളിൽ ഒരു തവണയെങ്കിലും പുക വലിക്കുക, അങ്ങിനെ.. ഇത് പോലെ നിരന്തരമായി പുക വലിക്കുന്ന ഒരു വ്യക്തിയിലെ സ്വഭാവത്തിലിണങ്ങി കിടക്കുന്ന ഒരുപാട് ഘടകങ്ങളെ കോർത്തിണക്കിയാണ് ഫെലിനി ബിനീഷ് എന്ന കഥാപാത്രത്തിന് രൂപം നൽകിയിരിക്കുന്നത്. സ്വഭാവത്തിലെ അസ്വാഭാവികതകൾ വ്യക്തമായി കഥയിലുടനീളം ബിനീഷ് പ്രകടമാക്കുന്നുമുണ്ട്. ആ അസ്വാഭാവികതകളിലൂടെയുണ്ടാകുന്ന കഥയിലെ ഗതിമാറ്റം നർമ്മത്തിൽ ചാലിച്ചാണ് തീവണ്ടി പറയുന്നത്.
ഒരു മുഴുനീള എന്റർടെയ്നർ എന്ന നിലയിൽ തീവണ്ടി പ്രേക്ഷകരെ രസിപ്പിക്കുന്നതിൽ വിജയിക്കുക തന്നെ ചെയ്തു. സങ്കീർണ്ണമല്ലാത്ത തിരക്കഥ ലളിതമായി പറയാൻ സംവിധായകന് സാധിച്ചു. സ്വാഭാവികമായ സംഭാഷണങ്ങളും നല്ല ഫ്രെയിമുകളും സിനിമയെ മുഷിപ്പിക്കാത്തതിൽ പ്രധാന പങ്ക് വഹിച്ചു. കഥ പറയുന്ന രീതിക്ക് തികച്ചും അനുയോജ്യമായ സംഗീതം വളരെ മികച്ചതായി. പുകയില അധികമായി ഉപയോഗിക്കുന്ന ഒരാളുടെ കഥപറയുന്നതിനാൽ സാധാരണ സമീപനങ്ങളായ ബോധവത്കരണ ക്ലാസ്, സമൂഹത്തോട് സംവിധായകന് പറയാനുള്ള നന്മകളെക്കുറിച്ചുള്ള പട്ടിക എന്നിവയെയെല്ലാം ഒഴിവാക്കി തെറ്റായ കാര്യങ്ങളെ വലുതാക്കാതെ, ഉദ്ദേശിച്ച കാര്യങ്ങൾ വൃത്തിയായി പറയുക മാത്രം ചെയ്ത സംവിധായകൻ പ്രശംസ അർഹിക്കുന്നു.
മികച്ച് നിൽക്കുന്ന കാസ്റ്റിങും കഥാപാത്രങ്ങളോട് നീതി പുലർത്തുന്ന പ്രകടനങ്ങളും തീവണ്ടിയുടെ മുതൽക്കൂട്ടാണ്. ബിനീഷ് ദാമോദരൻ അഥവാ തീവണ്ടിയായി ടൊവിനൊ തോമസ് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. കൂടാതെ, സംയുക്ത മേനോൻ, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി, ഷമ്മി തിലകൻ തുടങ്ങി എല്ലാവരും അവരവരുടെ വേഷങ്ങൾ മനോഹരമാക്കി.
കഥയിൽ പുതുമ അവകാശപ്പെടാനുണ്ടായിരുന്നെങ്കിൽ സിനിമ കുറച്ച് കൂടി മികച്ചതായേനെ. കാലങ്ങളായി കണ്ട് മടുത്ത ആദ്യ സീനിന് വിശദീകരണം നൽകുന്നുണ്ടെങ്കിലും കല്ലുകടിയായി. ബ്ലൂ വെയിൽ ഗെയിം ഉൾക്കൊള്ളിച്ചതും ഗിന്നസ് റെക്കോഡിനായുള്ള പ്രഹസനവും കഥയിൽ അനാവശ്യമായി മുഴച്ച് നിന്നു.
രണ്ട് മണിക്കൂർ മറ്റെല്ലാം മറന്ന് ആസ്വദിക്കാൻ തീവണ്ടി പ്രേക്ഷകനെ സഹായിക്കുന്നു. മറ്റൊന്നും പ്രതീക്ഷിക്കാതെ സിനിമ ആസ്വദിക്കാനായി തിയറ്ററിലെത്തുന്ന പ്രേക്ഷകനെ തീവണ്ടി നിരാശപ്പെടുത്തില്ല, തീർച്ച.
റേറ്റിങ് 3.4/5