ആശ ഭോസ്‍ലെ, കാലം കാതോര്‍ത്തിരുന്ന മധുര ശബ്ദം

ആശാജിയുടെ പാട്ടുകള്‍ ബോളിവുഡിനെ മയക്കിയ ആ നല്ല നാളുകള്‍ എങ്ങിനെ മറക്കാനാണ്.

Update: 2018-09-08 03:41 GMT
Advertising

സംഗീത ലോകത്തെ നിത്യവിസ്മയം ആശാ ഭോസ്‍ലെക്ക് ഇന്ന് 85ാം പിറന്നാള്‍. 20 ഭാഷകളിലായി 11,000 ഓളം ഗാനങ്ങള്‍, ഏഴ് ദശാശ്ബദങ്ങളിലായി നിറഞ്ഞു നിന്ന മാന്ത്രിക ശബ്ദം...ആശാജിയുടെ പാട്ടുകള്‍ ബോളിവുഡിനെ മയക്കിയ ആ നല്ല നാളുകള്‍ എങ്ങിനെ മറക്കാനാണ്.

ഹിന്ദി സിനിമാ ലോകം ലതാ മങ്കേഷ്കര്‍ എന്ന സുന്ദര ശബ്ദത്തില്‍ മയങ്ങിക്കൊണ്ടിരുന്ന കാലത്താണ് സഹോദരി കൂടിയായ ആശ ഭോസ്‍ലെ പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. സഹോദരിമാരായിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള പരോക്ഷ ശത്രുത ബി ടൌണില്‍ പാട്ടായിരുന്നു. ഇവരുടെ ശത്രുത കുട്ടിക്കാലം മുതല്‍ക്കേ ആരംഭിച്ചിരുന്നുവെന്നാണ് സംഗീത വിദഗ്ദ്ധര്‍ പറയുന്നത്. ലതാ ദീദി തന്നെ ഒരിക്കലും സഹായിച്ചിട്ടില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ടിവി അഭിമുഖത്തില്‍ ആശ പറഞ്ഞിരുന്നു.

ലതയെ കൂടാതെ ഷംസാദ് ബീഗം, ഗീത ദത്ത് എന്നീ ലെജന്‍ഡറി പാട്ടുകാരുടെ കാലത്ത് ആശയ്ക്ക് ഒരിക്കലും നമ്പര്‍ 2 ആകാന്‍ സാധിക്കുമായിരുന്നില്ല. നാലാം സ്ഥാനത്ത് എത്താനെ സാധിക്കുമായിരുന്നുള്ളൂ. കാരണം അത്രക്കുണ്ടായിരുന്നു ഹിന്ദി സംഗീത ലോകത്ത് ഈ ഗായകരുടെ ആധിപത്യം. ഒരിക്കലും ലതയെപ്പോലെ ആയിരുന്നില്ല ആശ. സ്വഭാവ രീതികളും പാട്ടും അതുപോലെ തന്നെ. നായികമാര്‍ക്ക് വേണ്ടി ലത പാടിയപ്പോള്‍ ഉണ്ടായിരുന്ന ഒഴിവുകളിലാണ് ആശയുടെ ശബ്ദം നിറഞ്ഞു നിന്നത്. ക്യാബറെ നര്‍ത്തകിമാര്‍ക്കും വില്ലത്തിമാര്‍ക്കുമൊപ്പമായിരുന്നു അക്കാലത്ത് ആശയുടെ മധുര ശബ്ദം കേട്ടത്.

Full View

പ്രശസ്ത സംഗീത സംവിധായകന്‍ ഒ.പി നയ്യാരായികുന്നു ആശയുടെ കഴിവിനെ തിരിച്ചറിഞ്ഞത്. ഒ.പി. നയ്യാറും ആശയും തമ്മില്‍ വളര്‍ന്ന പ്രണയവും ആശയ്ക്ക് അവസരങ്ങള്‍ ലഭിയ്ക്കാന്‍ സഹായിച്ചു. രണ്ട് ദശകത്തോളം ഒ.പി. നയ്യാറിന്റെ ഗാനങ്ങള്‍ ആശ പാടി. 1985ല്‍ കമല്‍ ഹാസന്‍-ഋഷികപൂര്‍-ഡിമ്പിള്‍ നടിച്ച സാഗറിലെ ഒ മറിയ എന്ന ഗാനം ഏറെ പ്രശസ്തമാണ്. നയ്യാര്‍-ഭോസ്‍ലെ കൂട്ടുകെട്ടില്‍ 320 ഗാനങ്ങളാണ് ജനിച്ചത്. ദേഖോ കസം സേ, ആയിയേ മെഹ്റ്‍ബാന്‍ എന്നിവ അതില്‍ ചിലത് മാത്രം. ലതയെക്കൊണ്ട് പാടിപ്പിച്ചിട്ടുണ്ടെങ്കിലും ആശയായിരുന്നു നയ്യാറിന്റെ ആദ്യ ചോയിസ്. തന്റെ ഈണങ്ങള്‍ക്ക് ആശയുടെ ശബ്ദമാണ് കൂടുതല്‍ യോജിക്കുന്നതെന്നായിരുന്നു അദ്ദേഹം പറയാറുള്ളത്. ആ കൂട്ടുകെട്ടിനും പ്രണയത്തിനും അത്യന്തം വേദനിപ്പിക്കുന്ന അന്ത്യമാണ് സംഭവിച്ചത്. ഇരുവരും വേര്‍പിരിഞ്ഞതോടെ ആശ ആര്‍.ഡി ബര്‍മ്മന്റെ സംഗീത സംവിധാനത്തിലാണ് കൂടുതല്‍ പാട്ടുകള്‍ പാടിയത്. ആ ബന്ധം പിന്നീട് ഇരുവരുടെയും വിവാഹത്തിലും കലാശിച്ചു. ആശയെക്കാള്‍ ആറ് വയസിന് ഇളയതായിരുന്നു ബര്‍മ്മന്‍.

Full View

തങ്ങളുടെ ദാമ്പത്യത്തിന്റെ അടിസ്ഥാനം സംഗീതമാണെന്ന് ഭോസ്‍ലെ പറയാറുണ്ട്. എസ്.ഡി. ബര്‍മ്മന്റെ വരവോടെയാണ് ആശ എന്ന ഗായിക ഉദിച്ചുയര്‍ന്നത്. ആശ- കിഷോര്‍കുമാര്‍ കൂട്ടുകെട്ട് ഹിന്ദി ചലച്ചിത്രരംഗത്തിന് ഒട്ടേറെ അവിസ്മരണീയഗാനങ്ങള്‍ സമ്മാനിച്ചു. മുഹമ്മദ് റാഫിയും ആശയും ചേര്‍ന്ന് പാടി ആജാ...ആജാ... എന്ന ഗാനം ഇന്നും പുതുമയോടെ പുതിയ തലമുറ ആസ്വദിയ്ക്കുന്ന പാട്ടാണ്. 1971ല്‍ ഹരേ രാമ ഹരേ കൃഷ്ണ എന്ന ചിത്രത്തില്‍ ആര്‍.ഡി.ബര്‍മ്മന്‍ ഒരുക്കിയ ദം മേരെ ദം എന്ന ഗാനം ആശയുടെ എക്കാലത്തേയും ഹിറ്റാണ്. 1973ല്‍ യാദോം കി ബാരാത്തില്‍ റാഫിയോടൊപ്പം പാടിയ ചുരാ ലിയ ഹൈ തുംനെ എന്ന വിഷാദഗാനം ഹിന്ദി സംഗീതപ്രേമികള്‍ ഒരിയ്ക്കലും മറക്കില്ല.

Full View

എ.ആര്‍ റഹ്മാന്റെയും സംഗീത സംവിധാനത്തിലും ആശ പാടി അതിശയിപ്പിച്ചു. ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി കൂടിയാണ് ആശാ . ഏറ്റവും അധികം ഗാനങ്ങള്‍ റെക്കോഡ് ചെയ്തിട്ടുള്ള ഗായിക എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച ആശാജിക്ക് 2000ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരവും 2008 പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

Tags:    

Similar News