കായംകുളം കൊച്ചുണ്ണി ഇന്ന് തിയറ്ററുകളില്‍; റിലീസ് 351 സ്ക്രീനുകളില്‍
നിവിന്റെ കരിയറിലെ തന്നെ ഏറെ വേറിട്ട വേഷം. ഇത്തിക്കരപ്പക്കിയായുള്ള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയാണ് മറ്റൊരാകര്‍ഷണം.
മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി ഇന്ന് തിയറ്ററുകളിലെത്തും. നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്. ഇത്തിക്കരപക്കിയായുള്ള മോഹന്‍ലാലിന്റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 351 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചരിത്രം വാഴ്ത്തിപ്പാടി പരിചയിച്ച കായംകുളം കൊച്ചുണ്ണി നിവിന്‍ പോളിയുടെ വേഷത്തില്‍ പ്രേക്ഷകരിലേക്കെത്തുകയാണ്. നിവിന്റെ കരിയറിലെ തന്നെ ഏറെ വേറിട്ട വേഷം. ഇത്തിക്കരപ്പക്കിയായുള്ള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയാണ് മറ്റൊരാകര്‍ഷണം. പ്രിയ ആനന്ദാണ് നായിക. സണ്ണിവെയ്ന്‍, സുധീര്‍ കരമന, ബാബു ആന്റണി , മണികണ്ഠന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഒപ്പം ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
45 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം കേരളം കര്‍ണാടക ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ 161 ദിവസമെടുത്താണ് ചിത്രീകരിച്ചത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയെ ആസ്പദമാക്കി തിരക്കഥയൊരുക്കിയത് ബോബി സഞ്ജയ് ടീമാണ് .
സംഗീതം ഗോപീസുന്ദര്‍. മികച്ചൊരു ദൃശ്യാനുഭവവും ചരിത്ര വിജ്ഞാനവുമാകും കൊച്ചുണ്ണിയെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും പ്രേക്ഷകന് വാക്ക് നല്‍കുന്നു. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 1700 പ്രദര്‍ശനമാണ് റിലീസ് ദിനം മാത്രം നടത്തുക.