ദുൽഖറിനെ പോലെ കൈ കഴുകാൻ ഞങ്ങൾക്കാവില്ല; മോഹൻലാൽ എ.എം.എം.എയുടെ തുറുപ്പ് ചീട്ട്; റിമ കല്ലിങ്കല്‍

മഞ്ജു വാരിയറിന് എപ്പോഴും കൂടെ നിൽക്കാൻ സാധിക്കണമെന്നില്ല

Update: 2018-10-23 12:33 GMT
Advertising

ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കണമെന്ന ബോധ്യത്തില്‍ നിന്നാണ് ഡബ്ല്യൂ.സി.സി ആരംഭിച്ചതെന്നും ദുൽഖർ സൽമാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നിന്ന് കൈ കഴുകാൻ തങ്ങൾക്കാകില്ലെന്നും നടി റിമ കല്ലിങ്കൽ. മോഹൻലാൽ എ.എം.എം.എയുടെ തുറുപ്പ് ചീട്ടാണെന്നും റിമ കല്ലിങ്കല്‍ തുറന്നടിച്ചു. മാതൃഭുമി ആഴ്ച പതിപ്പുമായിട്ടുള്ള അഭിമുഖത്തിലാണ് റിമ മലയാള സിനിമയിലെ താരങ്ങള്‍ക്കെതിരെ തുറന്നടിച്ചത്.

‘അവൾക്കൊപ്പം നിൽക്കണമെന്ന കൃത്യമായ ബോധത്തിലാണ് ഡബ്ല്യൂ.സി.സി എന്ന സംഘടന തുടങ്ങിയത്. ആരെയും ദ്രോഹിക്കാൻ അല്ല. പക്ഷെ ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേട്ടക്കാരായ മറ്റു പലരെയും എതിരെ നിൽക്കേണ്ടി വരും. ദുൽഖർ പറയും പോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേറൊരാൾക്ക് എതിരെ നിൽക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല. കാരണം ഇത് ഞങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്, ദുൽഖറിനിങ്ങനെ പറഞ്ഞ് കൈ കഴുകാൻ പറ്റുമായിരിക്കും. പക്ഷെ ഞങ്ങൾക്കത് പറ്റില്ല. അതിനു കൂടെ നിൽക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങൾക്കറിയാം.” റിമ പറഞ്ഞു.

മാസങ്ങൾക്കു മുൻപ് സി.എൻ.എൻ ന്യൂസ് 18 എന്‍റർടെയിൻമെന്‍റ് എഡിറ്റർ രാജീവ് മസന്ദിന് നൽകിയ അഭിമുഖത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട സംഭവവും, ദിലീപിന്റ അറസ്റ്റും സംബന്ധിച്ച വിഷയത്തിൽ ദുൽഖർ ആദ്യമായി പ്രതികരിച്ചത്. താൻ അമ്മ എക്സിക്യുട്ടിവ് അംഗമല്ലെന്നും അതിനാൽ ദിലീപ് വിഷയത്തിൽ മറുപടി പറയേണ്ട കാര്യമില്ലെന്നുമായിരുന്നു ദുല്‍ക്കറിന്റെ പ്രതികരണം.

‘മഞ്ജു വാരിയറിന് എപ്പോഴും കൂടെ നിൽക്കാൻ സാധിക്കണമെന്നില്ല. വലിയൊരു പവര്‍ സ്ട്രക്ച്ചറിനെയാണ് എതിര്‍ക്കേണ്ടി വരുന്നത്. പലര്‍ക്കുമെതിരെ നില്‍ക്കേണ്ടി വരും, അപ്പോള്‍ അതിന്റെ ഭാഗമാവാന്‍ അവര്‍ക്ക് താല്‍പര്യമില്ലായിരിക്കും’; റിമ പറഞ്ഞു.

റിമയുടെ പൊരിച്ച മീൻ പരാമർശത്തെ കുറിച്ചുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് കുറിപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ റിമയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘അയ്യോ ബിനീഷിനോടൊന്നും എനിക്ക് ഒന്നും പറയാനില്ല.അവരല്ല നമ്മുടെ ഇന്‍ഡിക്കേറ്റര്‍, നമ്മൾ സംസാരിക്കുന്ന ആളുകൾക്ക് ഒരു മിനിമം ലെവൽ ഓഫ് സെന്സിറ്റിവിറ്റി വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, വ്യക്തികളോട് സംസാരിക്കാനല്ല ഞാന്‍ ഇഷ്ടപ്പെടുന്നത്’.

‘പണ്ട് അടൂര്‍ ഭാസിക്കെതിരെ ലളിതാമ്മ പരാതി പറഞ്ഞപ്പോള്‍ ഉമ്മര്‍ “പരാതി പരാതി പറയാന്‍ നാണമില്ലേ” എന്ന് ചോദിച്ചത് ഞാന്‍ വായിക്കുകയുണ്ടായി. അന്ന് കെ.പി.എ.സി ലളിത ഒരു ഇരയായിരുന്നു. ഇന്ന് അവര്‍ ഉമ്മറിന്റെ സ്ഥാനത്താണ്’; റിമ തുറന്നടിച്ചു.

‘സത്രീകളാണ് സംസാരിക്കുന്നത്, നീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് സമ്മതിച്ചു കൊടുത്താല്‍ വീട്ടിലുള്ള സത്രീകള്‍ പറയുന്നത് മനസ്സിലാക്കേണ്ട ഉത്തരവാദിത്വം വരും, അവരുടെ തുല്യനീതി, സ്വാതന്ത്രം ഇവയെല്ലൊം സമ്മതിച്ചു കൊടുക്കേണ്ടി വരും. ഈ പേടി കൊണ്ട് കൂടിയാണ് സൂപ്പര്‍ താരങ്ങളുടെ ഫാന്‍സുകളും ആണ്‍കൂട്ടങ്ങളും ശക്തമായി ആക്രമിക്കുന്നത്’; റിമ പറയുന്നു.

Tags:    

Similar News