“എനിക്ക് ഗോഡ്ഫാദര്‍മാരില്ല; സ്വപ്രയത്നത്താലെത്തി, സ്വയം തിരുത്തി മുന്നോട്ടുപോകുന്നു”
ഹൂ സിനിമയുടെ വിശേഷങ്ങളുമായി നടി ശ്രുതി മേനോന്‍
എന്താണ് ഹൂ?
ഹൂ ഒരേ സമയം സയന്‍സ് ഫിക്ഷനും സൈക്കോളജിക്കല്‍ ത്രില്ലറും ടൈം ട്രാവലറുമൊക്കെയാണ്. സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ ഇന്ത്യന്‍ ഭാഷകളില്‍ അധികമൊന്നും ഇറങ്ങിയിട്ടില്ല. മലയാളത്തിലാകട്ടെ ഒട്ടുമില്ല. അതേസമയം ഈ വിഭാഗത്തില്‍ ഹോളിവുഡിലൊക്കെ കയ്യടി നേടിയ ഒരുപാട് സിനിമകളുണ്ടായിട്ടുണ്ട്. സയന്‍സ് ഫിക്ഷന്‍ സിനിമകളുടെ ഒരു പ്രത്യേകത ആസ്വദിക്കാന്‍ ഭാഷ തടസ്സമില്ല എന്നതാണ്. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകര്‍ക്ക് മാത്രമല്ല, ആഗോളതലത്തില്‍ തന്നെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഹൂ ചിത്രീകരിച്ചിരിക്കുന്നത്.
ശ്രുതിയുടെ കഥാപാത്രം?
അരുണിമ എന്നാണ് എന്‍റെ കഥാപാത്രത്തിന്‍റെ പേര്. സൈക്യാട്രിസ്റ്റാണ്. സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്ന സ്ത്രീയാണ് അരുണിമ. ഈ സിനിമയിലെ ചില സംഭവങ്ങളുടെ അടിസ്ഥാനത്തില്‍, സ്വപ്നങ്ങളുടെ അര്‍ഥങ്ങള്‍ തേടുന്നു അരുണിമ. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ പറയാത്തത് സിനിമയുടെ സസ്പെന്‍സിനെ ബാധിക്കുമെന്നതുകൊണ്ടാണ്.
എങ്ങനെയാണ് ഈ സിനിമയിലെത്തിയത്?
അജയ് ദേവലോക സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണിത്. നേരത്തെ എഡിറ്ററായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് അജയ്. അരുണിമ എന്ന കഥാപാത്രത്തിനായി നാടന്‍ ലുക്ക് ഇല്ലാത്ത ഒരാളെയാണ് അജയ് നോക്കിയിരുന്നത്. അതായത് പുറത്തൊക്കെ പോയി പഠിച്ച ശരീരഭാഷയുള്ള ഒരാളെ. എന്‍റെ ശബ്ദവും ലുക്കും കഥാപാത്രത്തിന് യോജിച്ചതാണെന്ന് തോന്നിയതിനാലാണ് വിളിച്ചത്.
ചിത്രീകരണത്തിലെ പ്രത്യേകതകള്‍?
ഉത്തരാഖണ്ഡിലാണ് പ്രധാനമായും ഷൂട്ട് ചെയ്തത്. അധികം സിനിമകളൊന്നും ചിത്രീകരിച്ചിട്ടില്ലാത്ത മേഖലയിലേക്കാണ് ഈ സിനിമയുടെ ക്യാമറ കേന്ദ്രീകരിച്ചത്. സിനിമയുടെ പ്രമേയം നോക്കിയാല്‍ ലൊക്കേഷന് വളരെ പ്രാധാന്യമുണ്ട്. ലൊക്കേഷന്‍ തന്നെ ഈ സിനിമയിലൊരു കഥാപാത്രമാണ്. കാറ്റ് പോകുന്നത് കാണാന്‍ പറ്റും, മഴ പെയ്യുന്നത് അനുഭവിക്കാന്‍ പറ്റും. സാങ്കേതികതയുടെ കാര്യത്തില്‍ ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണ് ഹൂ. അതുകൊണ്ടാണ് പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ ഡോള്‍ബി അറ്റ്മോസ് സ്ക്രീനുകളില്‍ തന്നെ കാണണമെന്ന് പറയുന്നത്. അതുപോലെ ഡബ്ബിങൊന്നുമില്ല. ലൊക്കേഷനില്‍ നിന്ന് തന്നെയാണ് ശബ്ദവും റെക്കോര്‍ഡ് ചെയ്തത്.
സിനിമയുടെ സൌണ്ട് ഡിസൈനര്‍ ഹോളിവുഡില്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗിനെ പോലുള്ള സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച വിശാഖ ബോകിലാണ്. സെര്‍ബിയയില്‍ നിന്നുള്ള ഒരാളാണ് സംഗീതസംവിധാനം ചെയ്തത്. ഹാന്‍സ് സിമ്മറിന് വേണ്ടി പാടിയിട്ടുള്ള ഉയാങ്ക ബോള്‍ഡാണ് ഈ സിനിമയുടെ വോക്കലിസ്റ്റ്. ഇത്തരത്തില്‍ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.
മൂന്ന് സിനിമകളില്‍ രണ്ടാമത്തേത് ആദ്യമെത്തുന്നു. ഹൂ റിലീസിലും കൌതുകമുണ്ടല്ലോ?
മൂന്ന് ഭാഗങ്ങളടങ്ങിയ സിനിമയുടെ രണ്ടാമത്തെ ഭാഗമാണ് ഹൂ. ആദ്യത്തേത് ഇസബല്ലയാണ്. ഈ വര്‍ഷം അവസാനം തന്നെ ഇസബല്ലയുടെ ഷൂട്ടിങ് തുടങ്ങും. ഗലീലിയോ ആണ് മൂന്നാം ഭാഗം. ഇവയെല്ലാം എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും എന്തുകൊണ്ട് രണ്ടാം ഭാഗം ആദ്യമെന്നും സിനിമ കാണുമ്പോള്‍ മനസ്സിലാകും.
ഒരു ടോപ്‍ലെസ് ഫോട്ടോ ഷൂട്ടിന്‍റെ പേരില്‍ വിവാദമുണ്ടായി, അതുപോലെ ചില കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ്.. വിമര്‍ശനങ്ങളോടും വിവാദങ്ങളോടുമുള്ള നിലപാടെന്താണ്?
മോഡലിങ് ആവട്ടെ, സിനിമയാകട്ടെ, അവതാരകയാകുമ്പോഴാകട്ടെ ചെയ്യുന്ന കാര്യങ്ങള്‍ ആലോചിച്ച് ചെയ്യുന്ന ഒരാളാണ് ഞാന്‍. പിന്നീട് ഓര്‍ത്ത് പശ്ചാത്തപിക്കേണ്ടിവരില്ലെന്ന് ഉറപ്പ് വരുത്തും. എന്നും ഒരേ ജോലി തന്നെ ചെയ്യുന്നത് എനിക്കിഷ്ടമല്ല. എന്നെ പ്രചോദിപ്പിക്കുന്ന, എനിക്ക് ആവേശം തോന്നുന്ന പ്രൊജക്റ്റുകളാണ് ഏറ്റെടുക്കാറുള്ളത്. തുടക്കത്തിലൊക്കെ പടങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലൊക്കെ തെറ്റ് പറ്റിയിട്ടുണ്ട്. അന്നൊക്കെ സിനിമകള്‍ കണ്ടിട്ടുള്ള പരിചയമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ പിന്നീട് ഒരുപാട് കാര്യങ്ങള്‍ സ്വയം പഠിച്ച് സ്വയം തിരുത്തി. അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്നൊന്നും പറഞ്ഞുതരാന്‍ ഗോഡ്ഫാദര്‍മാരൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ സ്വന്തം പ്രയത്നത്താല്‍ ഉയര്‍ന്നുവന്ന ഒരാളാണ് ഞാന്‍. അല്ലാതെ ആരെങ്കിലും വിളിച്ച് ശരി, ഇനി നാല് പടം തരാം എന്ന പരിപാടിയൊന്നും ഉണ്ടായിരുന്നില്ല. കുടുംബത്തിലാര്‍ക്കും സിനിമാ പശ്ചാത്തലമില്ല. സിനിമയിലങ്ങനെ ആരെയും എനിക്ക് അറിയുമായിരുന്നില്ല. സ്വയം ഇവിടെ വന്ന് സ്വയം കരിയര്‍ രൂപപ്പെടുത്തിയതാണ്. അതുകൊണ്ടുതന്നെ ഞാന്‍ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് ആരെന്ത് പറഞ്ഞാലും എന്നെ ബാധിക്കാറില്ല. വ്യക്തിപരമായിട്ടാകട്ടെ ഒരുപാട് യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള ഒരാളാണ്.
അടുത്ത പ്രൊജക്റ്റുകള്‍
ഇസബെല്ലയുടെ ഷൂട്ട് ഈ വര്‍ഷം അവസാനം തുടങ്ങും. പിന്നെ മറ്റൊരു വലിയ പ്രൊജക്റ്റ് വരാനുണ്ട്. ഔദ്യോഗികമായി അതിന്‍റെ ഭാഗമായ ശേഷം പറയാം.