‘ദി ബ്രാന്‍ഡ് മാന്‍’; പരസ്യരംഗത്തെ ചക്രവര്‍ത്തി അലിഖ് പദംസിയുടെ ഓര്‍മ്മകള്‍   

Update: 2018-11-18 08:38 GMT
Advertising

ഇന്ത്യന്‍ പരസ്യരംഗത്തെ ചക്രവര്‍ത്തിയും, നടനും, നാടകരംഗത്തെ പ്രമുഖനുമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച അലിഖ് പദംസി. അസാധാരാണ പ്രതിഭ കൊണ്ട് ഇന്ത്യന്‍ പരസ്യരംഗത്തിന്റെ ഗതി മാറ്റിയ വ്യക്തിത്വമാണ് അദ്ദേഹം. പദംസിയുടെ കരവിരുതില്‍ പിറന്ന പരസ്യങ്ങളൊക്കെയും ജനങ്ങളുടെ മനസ്സില്‍ എക്കാലവും മായാതെ നില്‍ക്കുന്നവയായിരുന്നു.

അതുവരെ ഇന്ത്യന്‍ വിപണിയില്‍ നിലനിന്നിരുന്ന പരസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്ന പദംസി പരസ്യങ്ങള്‍ സാധാരണ ഉത്പന്നങ്ങള്‍ക്ക് മായിക പ്രഭാവം നല്‍കി വിപണി കീഴടക്കാന്‍ പര്യാപ്തമാക്കുന്നവയായിരുന്നു. ബജാജ് സ്‌കൂട്ടറിനായി അദ്ദേഹം തയ്യാറാക്കിയ 'യെ സമിയെ ആസ്മ, ഹമാരാ കല്‍ ഹമാരാ ആജ്, ബുലന്ത് ഭാരത് കി ബുലന്ത് തസ്‌വീര്‍, ഹമാരാ ബജാജ്, ഹമാരാ ബജാജ്'...... എന്ന പരസ്യം ഇന്നും ആളുകളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നതാണ്. ഒന്നര പതിറ്റാണ്ട് മുമ്പുവരെ ടെലിവിഷന്‍ സ്‌ക്രീനിലും സിനിമ കൊട്ടകകളിലെ വെള്ളിത്തിരയിലും മിന്നിമറഞ്ഞ ആ പരസ്യം ജനങ്ങളുടെ മനസ്സില്‍ ഇടംപിടിച്ചതിന് പിന്നില്‍ അലിഖ് പദംസിയുടെ മഹാപ്രതിഭ തന്നെയായിരുന്നു.

‘ലിറില്‍’ സോപ്പിന്റെ പരസ്യത്തില്‍ പാട്ടും പാടി വെള്ളച്ചാട്ടത്തില്‍ നിന്ന് കുളിക്കുന്ന പെണ്‍കുട്ടിയും 'സര്‍ഫിന്റെ' പരസ്യത്തിലെ 'ലതാജി'യുമെല്ലാം പദംസിയുടെ കരവിരുതാണ്. ചാപ്ലിന്‍ സിനിമയുടെ രീതിയില്‍ ചെറി ഷൂ പോളിഷിന് വേണ്ടി അദ്ദേഹം നിര്‍മ്മിച്ച പരസ്യവും ശ്രദ്ധേയമായിരുന്നു. ഷാരൂഖ് ഖാനെ വെച്ചുള്ള ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്‌സം ക്രീം, പൂജാ ബേദിയുടെ 'കാമസൂത്ര' പരസ്യങ്ങളിലൊക്കെ പദംസിയുടെ കൈയൊപ്പുണ്ട്.

പരസ്യകലക്ക് പുറമെ നാടക, സിനിമാ രംഗത്തും ശ്രദ്ധേയനായിരുന്നു അലിഖ് പദംസി. ഏഴാം വയസില്‍ ഷേക്‌സ്പിയറുടെ വെനീസിലെ വ്യാപാരിയിലൂടെയാണ് നാടക രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഇംഗ്ലീഷ് നാടകരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ അദ്ദേഹം റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ 'ഗാന്ധി' എന്ന സിനിമയില്‍ മുഹമ്മദലി ജിന്നയായി അഭിനയിച്ചു. ഇവിത, ജീസസ് ക്രൈസ്റ്റ് സൂപ്പര്‍ സ്റ്റാര്‍, ബ്രോക്കണ്‍ ഇമേജസ്, തലാഖ് തുടങ്ങി നിരവധി നാടകങ്ങളും പദംസി നിര്‍മിച്ചിട്ടുണ്ട്.

Full View

ഗുജറാത്തിലെ സമ്പന്നരായ ഖോജ മുസ്‌ലിം കുടുംബത്തില്‍ ജനിച്ച അലിഖ് പദംസി മുംബൈയിലെ ജെ.വാള്‍ട്ടര്‍ തോംസണ്‍ എന്ന പരസ്യക്കമ്പനിയില്‍ ജോലി ലഭിച്ചതോടെ ജീവിതം മുംബൈയിലേക്ക് പറിച്ചുനട്ടു. പ്രമുഖ ചിത്രകാരന്‍ അക്ബര്‍ പദംസി സഹോദരനാണ്. 2000-ത്തില്‍ പദംസിയെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു.

Full View
Tags:    

Similar News