ഗോവയില്‍ മമ്മുട്ടിയുടെ പേരന്‍പിന് ഹൗസ്ഫുൾ; അഞ്ച് ശതമാനം ടിക്കറ്റിൽ പ്രതീക്ഷയർപ്പിച്ച് മലയാളി പ്രേക്ഷകർ 

ഇന്ത്യന്‍ പ്രീമിയര്‍ പ്രദര്‍ശനം ഇന്ന് രാത്രി 08:45ന് ഇനോക്സ് രണ്ടിലെ സ്കീനില്‍

Update: 2018-11-25 12:47 GMT
Advertising

മമ്മുട്ടിയുടെ ഏറെ പ്രതീക്ഷയുള്ള തമിഴ് ചിത്രം പേരൻപിന് ഗോവയിലെ അന്താരാഷ്ട്ര സിനിമാ വേദിയിൽ പ്രേക്ഷക ബാഹുല്യം. ചിത്രം പ്രദർശിപ്പിക്കുന്ന ഇനോക്സ് രണ്ടിലെ സ്‌ക്രീനിൽ ഇതിനോടകം 95 ശതമാനം പേരും പ്രീ ബുക്കിങ്ങിലൂടെ തന്നെ സീറ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി മലയാളി പ്രേക്ഷകർ അതെ സമയം സീറ്റ് കരസ്ഥമാക്കാനാവാതെ ക്യൂ വഴി ചിത്രം കാണാമെന്ന പ്രതീക്ഷയിലാണ്. അഞ്ച് ശതമാനം സീറ്റുകളാണ് ചിത്രം ആരംഭിക്കുന്നതിന് അര മണിക്കൂർ മുൻപുള്ള ക്യൂവിലൂടെ പ്രേക്ഷകർക്ക് മാറ്റി വെക്കാറുള്ളത്. 256 സീറ്റുകളാണ് ഇനോക്‌സിൽ ചിത്രത്തിനായി ആകെയുള്ളത്. ഐനോക്‌സ് സ്‌ക്രീന്‍ രണ്ടില്‍ രാത്രി 8.45 നാണ് ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ പ്രദര്‍ശനം

റാം സംവിധാനം ചെയ്ത പേരൻപ് ഇതിനോടകം നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രേക്ഷക-നിരൂപക പ്രശംസ നേടിയതാണ്. റോട്ടര്‍ഡാം ചലച്ചിത്രമേളയിലും ഷാങ്ങ്ഹായ് ചലച്ചിത്രമേളകളിലും ചിത്രം പ്രദര്‍ശിപ്പിക്കുകയും റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17ാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്‌തിട്ടുണ്ട്.

ദേശീയ അവാർഡ് ജേതാവായ റാമിന്റെ നാലാമത്തെ ചിത്രമാണ് പേരൻപ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും മമ്മുട്ടിയുടെ കൂടെ തന്നെ പ്രധാന വേഷങ്ങളിൽ പേരൻപില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയും പേരൻപിനുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം.

Tags:    

Similar News