മോഹന്‍ രാജ് കീരിക്കാടന്‍ ജോസായ കഥ
മലയാളികള്‍ ഇന്നും ഏറെ അഭിമാനത്തോടെ എടുത്തു പറയുന്ന ചിത്രമാണ് കിരീടം. ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സേതുവിനേയും കീരിക്കാടന്‍ ജോസിനേയും പ്രേക്ഷകര്‍ അത്ര പെട്ടൊന്ന് മറക്കാന്‍ വഴിയില്ല. മോഹന്‍ലാലിന്‍റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് സേതുമാധവന്‍.
നായകനൊപ്പം തന്നെ കീരിക്കാടന്‍ ജേസിന്‍റെ വില്ലന്‍ കഥാപാത്രവും പ്രേക്ഷകരെ അമ്പരപ്പിച്ച് കളഞ്ഞു. കിരീടത്തിന്‍റെ പിറവിയ്ക്ക് പിന്നില്‍ പ്രേക്ഷര്‍ അറിയാത്ത ഒട്ടനവധി കഥകളുണ്ടെന്നാണ് ചിത്രത്തിന്‍റെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയായ ദിനേശ് പണിക്കര്‍ പറയുന്നത്. ചിത്രത്തിലെ വില്ലന്‍റെ പിറവിയെക്കുറിച്ചും ദിനേശ് പറയുന്നതിങ്ങനെ.
ചിത്രത്തിന്‍റെ തിരക്കഥ അടക്കമുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തിയായി കഴിഞ്ഞ സമയമാണ്. ഞങ്ങള്‍ അതുമായി ലാലിനെ കാണാന്‍ ചെന്നു. രണ്ട് രണ്ടര മണിക്കൂര്‍ നേരത്തോളം അദ്ദേഹം കഥ കേട്ടു. എല്ലാം കേട്ടിട്ട് ലാലിന്റെ മുഖത്ത് ഒരു ഭാവദേദവും ഉണ്ടായില്ല. ഇനി തിരക്കഥ ഇഷ്ടമാകാത്തതു കൊണ്ടാണോ എന്ന് ഞങ്ങള്‍ വിചാരിച്ചു. പക്ഷേ എല്ലാം കഴിഞ്ഞപ്പോള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ അദ്ദേഹം ചോദിച്ചു. ആ വില്ലന്‍ വേഷം ആരാ ചെയ്യുന്നത്?
ഞങ്ങള്‍ ഉറപ്പിച്ച് വെച്ചിരുന്നത് പ്രദീപ് ശക്തി എന്ന തെലുങ്ക് നടനെയായിരുന്നു. അദ്ദേഹത്തിന് അഡ്വാന്‍സും കൊടുത്തിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പ്രദീപ് ശക്തിയെക്കുറിച്ച് ഒരു വിവരവുമില്ല. പിന്നീട് വില്ലന്‍ ആര് എന്ന ആലോചനയില്‍, കലാധരന്‍ എന്ന ഒരു അസോസിയേറ്റാണ് എന്‍ഫോഴ്സിമെന്‍റില്‍ ജോലിയുള്ള തന്‍റെ ഒരു സുഹൃത്തിനെ കുറിച്ച് പറയുന്നത്. അയാള്‍ വന്നു.
നോക്കിയപ്പോള്‍ ആറടി മൂന്നിഞ്ച് ഉയരമുള്ള ഒരു ആജാനബാഹു. കണ്ടപ്പോള്‍ തന്നെ കീരിക്കാടന്‍ ജോസിനു വേണ്ട ബാഹ്യമായ രൂപം ആ മനുഷ്യനില്‍ ഉണ്ടായിരുന്നു. ഡയറക്ടര്‍ സിബി മലയിലിനും തിരക്കഥാകൃത്ത് ലോഹിതദാസിനും ആളെ ബോധിച്ചു. അങ്ങനെ മോഹന്‍രാജ് എന്ന വ്യക്തി കീരിക്കാടന്‍ ജോസായി മാറി.