സിനിമ തന്നെ വെറുത്തുപോയ ഒരു കാലമുണ്ടായിരുന്നുവെന്ന് മണി

ഫോട്ടോഗ്രാഫര്‍ക്ക് ശേഷം പലരും സെറ്റുകളിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നീട് വരാന്‍ പറഞ്ഞ് മടക്കി അയച്ചു പലരും

Update: 2019-12-08 07:07 GMT
ഷിദ ജഗത് : ഷിദ ജഗത്
Advertising

ഫോട്ടോഗ്രാഫര്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ മണി 12 വര്‍ഷത്തിന് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഉടലാഴം. ബാലതാരമായാണ് സിനിമയിലെത്തിയതെങ്കിലും ഉടലാഴം ഉള്‍പ്പെടെ ആകെ രണ്ടേ രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് മണി അഭിനയിച്ചത്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം സ്വപ്നതുല്യമായ അരങ്ങേറ്റമാണ് ലഭിച്ചതെങ്കിലും മണി സിനിമയില്‍ സജീവമായില്ല. അതിനുള്ള കാരണം മണി തന്നെ പറയുകയാണ്.

പലരും വിളിച്ചു, പക്ഷെ മടക്കി അയച്ചു

ഫോട്ടോഗ്രാഫര്‍ക്ക് ശേഷം പലരും സെറ്റുകളിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നീട് വരാന്‍ പറഞ്ഞ് മടക്കി അയച്ചു പലരും. ഇതോടെ സിനിമയോടുള്ള താത്പര്യം ഇല്ലാതായി. പിന്നീട് മമ്മൂട്ടി ചിത്രമായ അണ്ണന്‍ തമ്പിയിലും രജനികാന്തിന്‍റെ തമിഴ് പടത്തിലേക്കും അവസരം തേടിയെത്തിയെങ്കിലും അന്നത്തെ ജീവിത സാഹചര്യം അനുവദിച്ചില്ല. അങ്ങനെ ചെറുപ്പത്തിലേ തന്നെ കൂലിപണിയിലേക്ക് തിരിഞ്ഞു. കോഴിക്കോടും കര്‍ണ്ണാടകയിലെ ഷിമോഗയിലുമൊക്കെയായി ജോലി ചെയ്യുന്നതിനിടെയാണ് മണിയെ തേടി ഉടലാഴത്തിന്‍റെ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവളയെത്തുന്നത്. ആദ്യമൊക്കെ താത്പര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി മണി. വീണ്ടും വീണ്ടും തന്‍റെ ഗുളികന്‍ എന്ന കഥാപാത്രത്തെ മണിയില്‍ കണ്ട ഉണ്ണി വിടാതെ പിന്തുടര്‍ന്നു . അങ്ങനെയാണ് മണിയുടെ ഭാര്യ പവിഴത്തെ കാണാന്‍ ചെന്നത്. ഭാര്യയുടെ സമ്മര്‍ദ്ദം കൂടിയായപ്പോള്‍ മണിയങ്ങനെ ഉടലാഴത്തിലെ ഗുളികനായി.

ഉടലാഴത്തില്‍ ആദ്യമൊക്കെ അഭിനയം പ്രയാസമായിരുന്നു

പുരുഷന്‍റെ ഉടലിനുള്ളിലെ സ്ത്രൈണതയെ അടയാളപ്പെടുത്തുന്ന ഉടലാഴത്തില്‍ ആദ്യമൊക്കെ അഭിനയം വലിയ പ്രയാസമായിരുന്നെന്ന് മണി പറയുന്നു. കാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ തന്നെ നാണമായി തുടങ്ങി. ഫോട്ടോ ഗ്രാഫറില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്‍ പറഞ്ഞ് തന്നത് പോലെ അഭിനയിക്കുകയായിരുന്നു. ഉടലാഴത്തിലും അങ്ങനെ തന്നെ. പറഞ്ഞ് തന്നത് പോലെ ചെയ്തു.

Full View

ഗുളികനായി മാറിയത് ഒരു മാസത്തെ പരിശീലനത്തിനൊടുവില്‍

ഒരു മാസത്തെ പരിശീലനത്തിനൊടുവിലാണ് ഗുളികനായി മാറിയത്. സിനിമ കണ്ടപ്പോള്‍ സന്തോഷമായെന്നും മണി പറഞ്ഞു. ഒരു പാട് പേര്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. അടുത്ത് വന്ന് അഭിനന്ദനം അറിയിക്കുന്നുണ്ട്. ഇനി സിനിമയില്‍ തന്നെ തുടരണം.

മണി വലിയ സന്തോഷത്തിലാണ്. സന്തോഷത്തിന് മറ്റൊരു കാരണം കൂടിയുണ്ട് മണിക്ക്. ഭാര്യ പവിഴവും രണ്ട് മക്കളും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ജീവയോടൊപ്പം തമിഴില്‍ ഒരു ചിത്രം മകനുമൊത്ത് പൂര്‍ത്തിയാക്കി. മൂന്ന് ചിത്രങ്ങളിലേക്ക് കൂടി അവസരം തേടിയെത്തിയിട്ടുണ്ട്.

Tags:    

ഷിദ ജഗത് - ഷിദ ജഗത്

contributor

പ്രിന്‍സിപ്പല്‍ ചീഫ് കറസ്പോണ്ടന്റ്

Similar News