മൂന്നാം വയസ്സിലെ പീഡനം, കാസ്റ്റിങ് കൗച്ച്.. വെളിപ്പെടുത്തലുമായി ഫാത്തിമ സന
നല്ല പ്രൊജക്ടുകൾ ലഭിക്കാൻ വേറെ വഴിയില്ല എന്നാണ് തന്നോട് പറഞ്ഞതെന്ന് ദംഗല്‍ താരം ഫാത്തിമ സന ഷെയ്ക്ക്
താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ വെളിപ്പെടുത്തി നടി ഫാത്തിമ സന ഷെയ്ക്ക്. മൂന്ന് വയസ്സുള്ളപ്പോഴാണ് ആദ്യമായി ലൈംഗിക ചൂഷണം നേരിടേണ്ടിവന്നത്. സിനിമയില്‍ വന്ന കാലത്ത് കാസ്റ്റിങ് കൌച്ച് നേരിടേണ്ടിവന്നുവെന്നും പിങ്ക്‍വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാത്തിമ സന വെളിപ്പെടുത്തി.
"മൂന്നാം വയസിലാണ് ആദ്യമായി ഞാൻ ലൈംഗിക പീഡനത്തിന് ഇരയായത്. ലൈംഗിക അതിക്രമത്തെ കുറിച്ച് പല സ്ത്രീകളും തുറന്നു പറയാറില്ല. ഇതൊക്കെ തുറന്നുപറഞ്ഞാല്‍ ആളുകള്‍ എന്തുകരുതും എന്ന ചിന്തയാണ് പലര്‍ക്കും. ഇപ്പോള്‍ ഈ ചിന്തക്ക് കുറച്ചൊക്കെ മാറ്റം വരുന്നുണ്ട്. നാളെയെ കുറിച്ച് എനിക്ക് പ്രതീക്ഷയുണ്ട്"- ഫാത്തിമ പറഞ്ഞു.
കാസ്റ്റിങ് കൌച്ചിനെ കുറിച്ച് ഫാത്തിമ സന പറഞ്ഞിങ്ങനെ- "സിനിമയിൽ അവസരങ്ങൾ ലഭിക്കണമെങ്കിൽ ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങണമെന്നാണ് എന്നോട് പറഞ്ഞത്. നല്ല പ്രൊജക്ടുകൾ ലഭിക്കാൻ വേറെ വഴിയില്ല എന്ന തരത്തിലാണ് പറഞ്ഞത്. അതിനു വഴങ്ങാത്തതിനാൽ കുറേ പ്രൊജക്ടുകൾ നഷ്ടമായിട്ടുണ്ട്," ഫാത്തിമ സന വെളിപ്പെടുത്തി.
1997ല്‍ ബാലാതാരമായാണ് ഫാത്തിമ സന സിനിമയിലെത്തിയത്. ചാച്ചി 420 എന്ന ചിത്രത്തില്‍ കമല്‍ഹാസന്‍റെ മകളായി അഭിനയിച്ചു. ആമിർ ഖാൻ ചിത്രമായ ദംഗലില്‍ ശ്രദ്ധേയ വേഷം ചെയ്തു. തഗ്സ് ഓഫ് ഹിന്ദൊസ്ഥാൻ എന്ന ചിത്രത്തിലും സുപ്രധാന വേഷം ചെയ്തു. അനുരാഗ് ബാസുവിന്റെ ലുഡോ ആണ് ഫാത്തിമയുടെ പുതിയ ചിത്രം. നെറ്റ്ഫ്ലിക്സില്‍ നവംബര്‍ 12ന് ഈ ചിത്രം റിലീസ് ചെയ്യും.