കുഞ്ചാക്കോ ബോബനും ശാലിനിയും ഒരു സ്പ്ലെന്‍ഡര്‍ ബൈക്കും; അനിയത്തിപ്രാവിന്‍റെ 25 വര്‍ഷങ്ങള്‍

ആദ്യ ദിവസങ്ങളില്‍ തന്നെ തിയേറ്ററിന്‍റെ പകുതിയിലേറെ കാലി, വളരെ നിശബ്ദമായിരുന്നു ആ ദിവസങ്ങള്‍. പക്ഷേ സിനിമ കണ്ടവരാരും ചിത്രത്തിലെ സുധിയെയും മിനിയെയും മറന്നില്ല... പിന്നീട് നടന്നത് ചരിത്രം

Update: 2022-03-26 05:37 GMT
Advertising

അനിയത്തിപ്രാവ് റിലീസ് ചെയ്ത് ആദ്യ ദിനങ്ങളിൽ തിയറ്ററുകള്‍ പകുതിയിലേറെ കാലിയായിരുന്നെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ, എന്നാല്‍ അതാണ് സത്യം... 40 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു അനിയത്തിപ്രാവിന്‍റെ ആദ്യ ദിവസങ്ങളില്‍ തിയേറ്ററിലെത്തിയത്.

ബേബി ശാലിനിയില്‍ നിന്ന് ശാലിനി നായികാ പദത്തിലേക്ക്... കുഞ്ചാക്കോ ബോബന്‍ എന്ന പുതുമുഖനായകന്‍... ഒപ്പം സുധീഷും ഹരിശ്രീ അശോകനും... പറയത്തക്ക ഹൈപ്പൊന്നുമില്ലാതെ തിയറ്ററിലെത്തിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിന് അധികമൊന്നും പ്രതീക്ഷിക്കാനുണ്ടായിരുന്നില്ല. ആദ്യ ദിവസങ്ങളില്‍ തന്നെ തിയേറ്ററിന്‍റെ പകുതിയിലേറെ കാലി, വളരെ നിശബ്ദമായിരുന്നു ആ ദിവസങ്ങള്‍. പക്ഷേ സിനിമ കണ്ടവരാരും ചിത്രത്തിലെ സുധിയെയും മിനിയെയും മറന്നില്ല... പിന്നീട് നടന്നത് ചരിത്രം

ഒരു ചിത്രം മൌത്ത് പബ്ലിസിറ്റി കൊണ്ടു മാത്രം ചരിത്രത്തിലേക്ക് നടന്നുകയറുന്ന കാഴ്ചയ്ക്കാണ് മലയാള സിനിമ പിന്നീട് സാക്ഷിയായത്. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി വെച്ച് ഫാസിൽ ഒരു സിനിമ ഒരുക്കുമ്പോള്‍ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെയെല്ലാം ഭേദിച്ച് ഇന്‍ഡസ്ട്രി ഹിറ്റ് എന്ന നേട്ടത്തിലേക്ക് അനിയത്തിപ്രാവ് എത്തുമെന്ന്? ഇല്ല...!   ആരും സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല.

90 കളിൽ കൗമാരക്കാർ നെഞ്ചേറ്റിയ ആ പ്രണയ കാവ്യം ഇന്ന് കാല്‍ നൂറ്റാണ്ടിലെത്തിനില്‍ക്കുകയാണ്. ഫാസില്‍ സംവിധാനം ചെയ്ത് മലയാളക്കരയെയാകെ പ്രണയിക്കാന്‍ പ്രേരിപ്പിച്ച അനിയത്തിപ്രാവ് തിയറ്ററുകളിലേക്കെത്തിയിട്ട് ഇന്ന് 25 വർഷം. 

ഒരു രാജമല്ലി പാട്ടും പാടി സ്പ്ലെന്‍ഡര്‍ ബൈക്കില്‍ ചാക്കോച്ചന്‍ പോകുന്ന സീന്‍... യാ മോനേ.... വര്‍ഷം എത്ര കഴിഞ്ഞാലും ജനറേഷന്‍ എത്ര മാറിയാലും ഇന്നും പ്രണയരംഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ മലയാളിക്ക് ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് അനിയത്തിപ്രാവിലെ ഈ സീനുകളിലൊന്നായിരിക്കും എന്നതില്‍ സംശയമുണ്ടാകില്ല.

Full View

ശാലിനി-കുഞ്ചാക്കോ ബോബന്‍ കോംബോ അത്രയും ആഴത്തിലാണ് അന്ന് കൌമാരമനസുകളെ കീഴടക്കിയത്. ഒരുപക്ഷേ ചാക്കോച്ചനും ശാലിനിയും അനിയത്തിപ്രാവിലൂടെ ഉണ്ടാക്കിയ ഓളമൊന്നും മറ്റൊരു പുതുമുഖ നായകന്‍റെ ചിത്രത്തിനും പിന്നീട് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും തിരസ്കരിക്കാനാകാത്ത ചരിത്രമാണ്. 

 ഫാസിൽ തന്നെ രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ, തിലകൻ, ഇന്നസെന്റ്, ശാലിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച അനിയത്തിപ്രാല് 1997-ലാണ് തിയറ്ററുകളിലെത്തുന്നത്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലതാരമായി തിളങ്ങിയിരുന്ന ശാലിനി നായികയായി ആദ്യമായെത്തിയ ചിത്രം കൂടിയാണ് അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബൻ എന്ന ചോക്ലേറ്റ് നായകനെയും ഔസേപ്പച്ചൻ ഈണമിട്ട ഗാനങ്ങളുമെല്ലാം പിന്നീട് കേരളക്കരയാകെ ഏറ്റെടുത്തു.

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി തീർന്ന അനിയത്തിപ്രാവ് പിന്നീട് ഫാസിൽ കാതലുക്ക് മര്യാദൈ എന്ന പേരിൽ തമിഴിൽ പുനർനിർമ്മിച്ചു. വിജയിക്ക് ആരാധകമനസ്സില്‍ താരപദവി ഉറപ്പിച്ച ചിത്രം കൂടിയായിരുന്നു അനിയത്തിപ്രാവിന്‍റെ തമിഴ്പതിപ്പ് കാതലുക്ക് മര്യാദൈ. ചിത്രത്തിന്‍റെ ക്ലൈമാക്സ് തമിഴ് പ്രേക്ഷകര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്. 

Full View

ഡോലി സജാ കെ രക്നാ എന്ന പേരിൽ പ്രിയദർശൻ പിന്നീട് ഹിന്ദിയിലും അനിയത്തിപ്രാവിനെ റീമേക്ക് ചെയ്തിട്ടുണ്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News