വിജയിസത്തിന്‍റെ 30 വര്‍ഷങ്ങള്‍; നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ മോതിരം നല്‍കി ആഘോഷമാക്കി ആരാധകര്‍
അഡയാർ ഗവ. മെറ്റേണിറ്റി ഹോസ്പിറ്റലിൽ ജനിച്ച കുഞ്ഞുങ്ങള്‍ക്കാണ് സമ്മാനം നല്‍കിയത്
ചെന്നൈ: ദളപതിയുടെ സിനിമാ ജീവിതത്തിന് 30 വയസ്. ബാലതാരമായി സിനിമയിലെത്തിയ വിജയ് 1992 ഡിസംബര്‍ 4ന് പുറത്തിറങ്ങിയ നാലയ്യ തീര്‍പ്പിലൂടെയാണ് നായകനാകുന്നത്. തുടര്‍ന്നങ്ങോട്ട് നിരവധി സൂപ്പര്‍ഹിറ്റുകള്‍, പരാജയങ്ങള്‍...ഇപ്പോഴും തമിഴകത്ത് താരമൂല്യമുള്ള താരങ്ങളിലൊരാളാണ് വിജയ് തിളങ്ങി നില്‍ക്കുകയാണ്. വിജയിസത്തിന്‍റെ 30 വര്‍ഷങ്ങള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. വിജയ് ആരാധകരുടെ ചാരിറ്റി സംഘടനയായ വിജയ് മക്കൾ ഇയക്കം വളരെ വ്യത്യസ്തമായിട്ടാണ് ആഘോഷിക്കുന്നത്.
ഇതിന്‍റെ ഭാഗമായി 30 നവജാത ശിശുക്കൾക്ക് സ്വര്‍ണ മോതിരവും വസ്ത്രങ്ങളും സമ്മാനമായി നല്‍കി.അഡയാർ ഗവ. മെറ്റേണിറ്റി ഹോസ്പിറ്റലിൽ ജനിച്ച കുഞ്ഞുങ്ങള്‍ക്കാണ് സമ്മാനം നല്‍കിയത്.നേരത്തെ ക്രോംപേട്ട സർക്കാർ ആശുപത്രിയിൽ ജനിച്ച 20 കുഞ്ഞുങ്ങൾക്ക് വിജയ് മക്കൾ ഇയക്കം സ്വർണമോതിരം നൽകിയിരുന്നു.
വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വാരിസ് ആണ് വിജയിന്‍റെ പുതിയ ചിത്രം. പൊങ്കൽ റിലീസായി 2023 ജനുവരിയിലെത്തുന്ന ചിത്രത്തിന്‍റെ കഴിഞ്ഞ ദിവസം പുറത്തുവന്ന 'തീ ദളപതി' എന്ന ഗാനത്തിന് യൂട്യൂബിൽ 13 മില്യണിലധികം കാഴ്ചക്കാരാണ് ഉള്ളത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജു ആണ് ചിത്രം നിർമിക്കുന്നത്. രശ്മിക മന്ദാന, പ്രകാശ് രാജ്, ശ്രീകാന്ത് തുടങ്ങിയവരാണ് മറ്റ് പ്രധാനഅഭിനേതാക്കൾ. തമൻ ആണ് സംഗീതസംവിധാനം.