ലോകം കീഴടക്കിയ രാഗം, അഥവാ കീരവാണി; ഇന്ത്യയുടെ സംഗീത മാന്ത്രികന്‍
സംഗീത സംവിധാനം ചെയ്ത ആദ്യ സിനിമ തിയറ്റർ കാണാതെ പെട്ടിയിലൊതുങ്ങി, പക്ഷേ തോറ്റുകൊടുക്കാന്‍ കീരവാണി തയ്യാറായില്ല... ആ യാത്രയാണ് ഇന്ന് ഓസ്കറില്‍ വരെ വന്നെത്തിനില്‍ക്കുന്നത്
ഓസ്കര്‍ പുരസ്കാര വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയിരിക്കുകയാണ് കീരവാണിയെന്ന സംഗീത മാന്ത്രികന്‍. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഒരു ദക്ഷിണേന്ത്യന്‍ ചിത്രത്തിലെ ഗാനത്തിന് ഓസ്കര്‍ ലഭിക്കുമ്പോള്‍ ആ ഈണത്തിനു പിന്നിലെ അത്ഭുത സൃഷ്ടാവിനെയാണ് ഏവരും ആദരവോടെ തെരയുന്നത്. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കിയ അതേ സംഗീതത്തിലൂടെ ഓസ്കറും ഇന്ത്യയിലെത്തിച്ച ആ ഇതിഹാസത്തെ...
ഒരിന്ത്യന്‍ സിനിമയ്ക്ക് 2008-ലാണ് ഇതിനുമുമ്പ് ഓസ്‌കര്‍ ലഭിക്കുന്നത്. സ്ലംഡോഗ് മില്ല്യണെയറിലൂടെ എ.ആര്‍. റഹ്‌മാന്‍, ഗുല്‍സാര്‍, റസൂല്‍ പൂക്കുറ്റി എന്നിവര്‍ക്കായിരുന്നു അന്ന് പുരസ്കാരം. അതിനുശേഷം ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞാണ് ഇന്ത്യയ്ക്ക് ഓസ്‌കറില്‍ തൊടാന്‍ കഴിയുന്നത്.
14 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യൻ സിനിമയെ ലോകത്തിന്‍റെ നെറുകയിൽ എത്തിച്ചത് കീരവാണി ആരാണ്?
ആ ഈണത്തിന് പിന്നിലെ മാന്ത്രികനെ ഇന്ത്യയിലെ സംഗീതപ്രമികള്‍ക്ക് കൈവെള്ളയിലെന്ന പോലെ സുപരിചിതമാണ്. ഓസ്കര്‍ വേദിയില്‍ ഒരു ജനതയുടെ മുഴുവന്‍ അഭിമാനം ഉയര്‍ത്തിപ്പിടിച്ച് പുരസ്കാരം നേടുമ്പോള്‍ കീരവാണി ഇങ്ങനെ പറയുന്നുണ്ടായിരുന്നു. 'കാര്‍പ്പെന്‍റേഴ്സിനെ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഇന്ന് ഓസ്‌കറുമായി ഇവിടെ നില്‍ക്കുന്നു'
1961 ജൂലൈ നാലിന് ആന്ധ്രാപ്രദേശിലെ കൊവ്വൂരിലാണ് എം.എം കീരവാണിയുടെ ജനനം. കെ ചക്രവർത്തിയാണ് സംഗീതത്തിലെ കീരവാണിയുടെ ആദ്യ ഗുരു. സംഗീതസംവിധായകൻ സി. രാജാമണി, തെലുങ്ക് സംഗീതസംവിധായകൻ കെ. ചക്രവർത്തി എന്നിവരോടൊപ്പം അസിസ്റ്റന്‍റ് സംഗീത സംവിധായകനായാണ് കീരവാണി കരിയര്‍ തുടങ്ങുന്നത്.
1990ൽ കൽക്കി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഗം സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. പക്ഷേ ആ സിനിമ റിലീസ് ചെയ്തില്ല, പാട്ടുകളും അധികം ശ്രദ്ധിക്കപ്പെടാതെ പോയി. തുടർന്ന് സംവിധായകൻ മൗലിയുടെ 'മനസ്സു മമത' എന്ന ചിത്രത്തിനു വേണ്ടി കീരവാണി പാട്ടുകൾ ഒരുക്കി. ഇതാണ് കീരവാണിയുടെ ആദ്യ റിലീസ് സിനിമയായി രേഖകളിലുള്ളത്.
തൊട്ടടുത്ത വർഷം രാം ഗോപാൽ വർമ സംവിധാനം ചെയ്ത ക്ഷണാ ക്ഷമം എന്ന ചിത്രത്തിലൂടെയാണ് കീരവാണിയുടെ പേര് ഇന്ത്യന്‍ സംഗീത ലോകത്ത് അടയാളപ്പെടുത്തുന്നത്. ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റാകുകയും സിനിമയിലെ എല്ലാ ഗാനങ്ങളും വലിയ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തതോടെ കീരവാണി എന്ന സംഗീതസംവിധായകന്‍റെ കഴിവ് ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രി അംഗീകരിച്ചു. പിന്നീട് ദക്ഷിണേന്ത്യയിലെ മറ്റു ഇൻഡസ്ട്രികളിൽ നിന്നും കീരവാണിക്ക് നിരവധി ഓഫറുകൾ ലഭിക്കാന്‍ തുടങ്ങി.
ഇതോടെ ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് എം.എം കീരവാണി എന്ന പേര് സജീവമായി. വിവിധ ഭാഷകളിലായി ഇതിനോടകം ഒട്ടനവധി ചിത്രങ്ങൾക്ക് കീരവാണി ഈണമിട്ടു കഴിഞ്ഞു. 1997ൽ അണ്ണാമയ്യയിലെ ഗാനങ്ങൾക്കു ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. മഗധീര, ക്രിമിനൽ തുടങ്ങി അഞ്ചു സിനിമകൾക്കു ഫിലിം ഫെയർ അവാർഡും കീരവാണിയെത്തേടിയെത്തി. അഴകൻ എന്ന സിനിമയ്ക്കു പാട്ടൊരുക്കിയതിനു തമിഴ്നാട് സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർഡും കീരവാണിക്കു ലഭിച്ചു.
ഐവി ശശി സംവിധാനം ചെയ്ത നീലഗിരി(1991) എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ കീരവാണി ആദ്യ ചുവടുവെയ്ക്കുന്നത്. 1992ല്‍ പുറത്തിറങ്ങിയ വിജി തമ്പിയുടെ സൂര്യമാനസവും ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗത്തിലെയും ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തു.
അങ്ങനെ ഭാഷയ്ക്ക് അധീതമായി കീരവാണിയുടെ സംഗീതം ഇന്ത്യന്‍ ജനത ഏറ്റെടുത്തു. ബാഹുബലി മുതൽ ആർ.ആർ.ആർ വരെ നീളുന്ന പുതിയ തലമുറ സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് അദ്ദേഹം ഹരം പകർന്നു. പ്രതിഭയ്ക്കുള്ള അംഗീകാരമെന്നോണം ഒടുവില്‍ ഒന്നര പതിറ്റാണ്ടിനിപ്പുറം ഇന്ത്യൻ മണ്ണിലേക്ക് ഗോൾഡൻ ഗ്ലോബ് കൊണ്ടുവരാനും കീരവാണി തന്നെ വേണ്ടിവന്നു. ആ യാത്ര ഇന്ന് ഏറ്റവുമൊടുവിൽ ഓസ്കറില്‍ വരെയെത്തിനില്‍ക്കുന്നു.
ലോകത്തിന് സമ്മതിക്കേണ്ടിവന്നു, സംഗീതം കൊണ്ട് മനുഷ്യ മനസിനെ കീഴടക്കാന്‍ കഴിയുന്ന മന്ത്രവിദ്യ വഷമുള്ള മാന്ത്രികന്‍ തന്നെയാണ് കീരവാണിയെന്ന്.
പുരസ്കാര തിളക്കത്തില്‍ ആര്‍.ആര്‍.ആര്‍
95-ാമത് ഓസ്കര്‍ പുരസ്കാര വേദിയില്‍ ഇരട്ടി മധുരവുമായി ഇന്ത്യ. ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു ഗാനത്തിന്' മികച്ച ഗാനത്തിനുള്ള ഓസ്കര്‍ പുരസ്കാരം ലഭിച്ചു. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് അവാര്‍ഡ്. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും നാട്ടു നാട്ടു നേടിയിരുന്നു.സംഗീതസംവിധായകന്‍ എം.എം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേര്‍ന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ചന്ദ്രബോസിന്‍റെ വരികള്‍ക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്. രാം ചരണിന്‍റെയും ജൂനിയര്‍ എന്‍.ടി.ആറിന്‍റെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി.
ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍ (രുധിരം, രൗദ്രം, രണം). 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണുമാണ് മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
1920കളിലെ സ്വാതന്ത്രൃ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയത്. ആഗോളതലത്തിൽ ₹ 1,200 കോടിയിലധികം നേടിയ ആര്‍.ആര്‍.ആര്‍, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിൾ അവാർഡിൽ മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികൾ ഇതിനോടകം നേടിയിട്ടുണ്ട്.