ഒ.ടി.ടിയില്‍ പോയൊരു സിനിമ പിന്നെ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല: ഫിയോക്ക്
തിയറ്ററുകൾ തുറന്നതിന് ശേഷം സിനിമകള്‍ ഒ.ടി.ടിയിലേക്ക് പോയാൽ എതിർക്കുമെന്നും ഫിയോക്ക്
ഒ.ടി.ടിയില്‍ പോയൊരു സിനിമ പിന്നെ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഒ.ടി.ടി കൊണ്ട് സിനിമാവ്യവസായം നിലനില്‍ക്കുമെന്ന് വിശ്വസിക്കില്ലെന്നും ഫിയോക്ക് അറിയിച്ചു. തിയറ്ററുകൾ തുറന്നതിന് ശേഷം സിനിമകള്‍ ഒ.ടി.ടിയിലേക്ക് പോയാൽ എതിർക്കുമെന്നും ഫിയോക്ക് വ്യക്തമാക്കി. ഓണത്തിന് മുമ്പ് തിയറ്ററുകൾ തുറന്നു തരണമെന്ന് സർക്കാരിനോട് അപേക്ഷിക്കുമെന്നും തിയറ്റർ ഉടൻ തുറക്കണമെന്ന് സമ്മർദം ചെലുത്തില്ലെന്നും ഫിയോക്ക് പ്രസിഡന്‍റ് വിജയകുമാർ പറഞ്ഞു. തിയറ്റർ ഉടമകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം കൊച്ചിയിൽ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. തിയറ്റർ തുറക്കാനായി നടത്തേണ്ട മുന്നൊരുക്കങ്ങളാണ് യോഗത്തില്‍ ചർച്ചയായത്.
അമ്പതു ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ആലോചന നടക്കുന്നതിനിടെയാണ് കൊച്ചിയില്‍ ഫിയോക്ക് യോഗം ചേര്‍ന്നത്. തിയറ്ററുകള്‍ നേരിട്ട ബാധ്യതകള്‍ മുഖ്യമന്ത്രിക്ക് നിവേദനത്തിലൂടെ അറിയിച്ചതായും ഫിയോക്ക് അറിയിച്ചു. സിനിമാ തിയറ്ററുകളുടെ പ്രവര്‍ത്തന രീതി മനസ്സിലാക്കി അതിന് പ്രത്യേകമായി മാനദണ്ഡം നിര്‍മ്മിക്കണമെന്നും ഫിയോക്ക് ആവശ്യപ്പെട്ടു.
പതിനായിരം കുടുംബങ്ങള്‍ പട്ടിണിയിലാണ്. ഒ.ടി.ടിയിലേക്ക് സിനിമകള്‍ പോവുന്ന പ്രവണത താല്‍ക്കാലികമാണ്. തിയറ്ററില്‍ കാണിക്കുക എന്നത് ഒരു നടന്‍റെയും അതില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ടെക്നീഷ്യന്‍സിന്‍റെയും സ്വപ്നമാണ്. ആ സ്വപ്നത്തെ ബലികഴിച്ചു കൊണ്ട് ഒരു നിർമാതാവിനും കൂടുതല്‍ കാലം നിലനില്‍ക്കാന്‍ കഴിയില്ല. ഇപ്പോള്‍ ഒ.ടി.ടിയില്‍ പോയ സിനിമകളുടെ ഏതെങ്കിലുമൊരു ദൃശ്യം നിങ്ങളുടെ മനസ്സിലുണ്ടോ. ഇപ്പോഴത്തെ അവസ്ഥയില്‍ നിര്‍മാതാക്കള്‍ ഒ.ടി.ടിയില്‍ പോവാന്‍ നിര്‍ബന്ധിതരാണ്. നമ്മള്‍ പട്ടിണി കിടക്കും പോലെതന്നെ കോടികള്‍ മുടക്കിയ നിര്‍മാതാക്കളുടെ അവസ്ഥയും പരിഗണിക്കണം. ഒ.ടി.ടിയിലേക്ക് ഈ സാഹചര്യത്തില്‍ സിനിമകള്‍ പോവുന്നതിനെ കുറ്റപ്പെടുത്താന്‍ തയ്യാറല്ല. പകരം തിയറ്ററുകള്‍ തുറന്നതിന് ശേഷമാണ് ഇത്തരത്തില്‍ സ്ഥിരമായി ഒ.ടി.ടിയില്‍ സിനിമകള്‍ പോവുന്നതെങ്കില്‍ പ്രതികരിക്കുമെന്നും ഫിയോക്ക് പ്രസിഡന്‍റ് വിജയകുമാര്‍ പറഞ്ഞു.