പാട്ടിലും പ്രതിഫലത്തിലും ഒന്നാമത്! ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന ഗായകൻ എ.ആര്‍ റഹ്‌മാന്‍
സ്വന്തം സംഗീത സംവിധാനത്തിലുള്ള ഗാനങ്ങളിലാണ് അദ്ദേഹം കൂടുതലും പാടിയിരിക്കുന്നത്.
മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായകൻ എ.ആര്‍ റഹ്‌മാന്‍. മൂന്നു കോടി രൂപയാണ് റഹ്മാന്റെ പ്രതിഫലമെന്ന് വിനോദ മാധ്യമമായ പിൻക്വില്ല റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം സംഗീത സംവിധാനത്തിലുള്ള ഗാനങ്ങളിലാണ് അദ്ദേഹം കൂടുതലും പാടിയിരിക്കുന്നത്.
1992 ല്‍ മണിരത്‌നം സംവിധാനം ചെയ്ത ‘റോജ‘ എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധായകനായി റഹ്‌മാന്‍ അരങ്ങേറ്റം കുറിച്ചത്. യോദ്ധ എന്ന മലയാള സിനിമയിലെ ഗാനത്തിനും ഈണം നൽകി. 30 വർഷമായി റഹ്മാൻ സംഗീത രംഗത്ത് നിറഞ്ഞുനില്‍ക്കുന്നു.മാരി സില്‍വരാജ് സംവിധാനം ചെയ്ത 'മാമന്നന്‍' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഒടുവിലായി അദ്ദേഹം സംഗീതം ഒരുക്കിയത്. സംഗീതസംവിധായകന്റെ പൊന്നിയിന്‍ സെല്‍വനിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എ.ആർ.റഹ്മാൻ കഴിഞ്ഞാൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് ശ്രേയ ഘോഷാൽ ആണെന്നാണു വിവരം. 25 ലക്ഷമാണ് ഗായിക വാങ്ങുന്നത്. സുനിധി ചൗഹാനും അർജിത് സിങ്ങും 20 മുതൽ 22 ലക്ഷം വരെ വാങ്ങാറുണ്ടെന്നും സോനു നിഗം, ബാദ്ഷ എന്നീ ഗായകർ 20 ലക്ഷത്തിൽ കുറവ് പ്രതിഫലമേ വാങ്ങാറുള്ളുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.