ആടുജീവിതം ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി; സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്
നീണ്ട മൂന്നുമാസത്തെ ചിത്രീകരണത്തിനാണ് ഇന്നലെ അവസാനമായത്
പൃഥ്വിരാജ്-ബ്ലെസി കൂട്ടുക്കെട്ടില്‍ അണിയറയില്‍ ഒരുങ്ങുന്ന ആടുജീവിതം സിനിമയുടെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. നീണ്ട മൂന്നുമാസത്തെ ചിത്രീകരണത്തിനാണ് ഇന്നലെ അവസാനമായത്. 'ഷെഡ്യൂൾ അവസാനിച്ചു വീട്ടിലേക്ക് തിരിച്ചുവരുന്നു' എന്ന തലക്കെട്ടോടുകൂടി ചിത്രത്തിൻ്റെ ലൊക്കേഷൻ ചിത്രം പൃഥ്വിരാജ് പങ്കുവെച്ചു. ഫേസ്ബുക്കിലൂടെയാണ് ഷെഡ്യൂൾ അവസാനിച്ചുള്ള തിരിച്ചുവരവ് പൃഥ്വിരാജ് അറിയിച്ചത്.
മാര്‍ച്ച് പതിനാറിനാണ് ചിത്രത്തിന്‍റെ ചിത്രീകരണം ജോര്‍ദാനില്‍ തുടങ്ങിയത്. മാര്‍ച്ച് 31നാണ് പൃഥ്വിരാജ് ആടുജീവിതം ലൊക്കേഷനില്‍ എത്തന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസ്സപ്പെടുത്തിയിരുന്നു. ഏപ്രില്‍ ഒന്നിന് നിര്‍ത്തിവെച്ച ചിത്രീകരണം പിന്നീട് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ആണ് ആരംഭിച്ചത്. നാല്‍പ്പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്.
ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. സിനിമക്കായി ശരീരഭാരം കുറച്ചതിന്‍റെ കഷ്ടപ്പാടുകൾ അടുത്തകാലത്ത് ഒരഭിമുഖത്തിൽ പൃഥ്വി തുറന്നു പറഞ്ഞിരുന്നു. 2020-ലായിരുന്നു പൃഥ്വിയും സംഘവും 'ആടുജീവിത'-ത്തിലെ ജോര്‍ദാനിലെ ചിത്രീകരണത്തിനു ശേഷം തിരിച്ചെത്തിയത്. ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷം 2020 മേയ് 22നാണ് സംഘം പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്.
ഓസ്കാര്‍ പുരസ്കാര ജേതാവായ എ.ആര്‍ റഹ്‍മാന്‍ നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ആടുജീവിതം. എ.ആര്‍ റഹ്‍മാന്‍ ജോര്‍ദാനിലെ ആടുജീവിതം ലൊക്കേഷനില്‍ സന്ദര്‍ശനം നടത്തിയ കാര്യം പൃഥ്വിരാജ് അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു.