പരിണീതി ചോപ്രയെയും രാഘവ് ഛദ്ദയെയും അഭിനന്ദിച്ച് എ.എ.പി എം.പി; വിവാഹം തീരുമാനിച്ചോ എന്ന് സോഷ്യല്‍ മീഡിയ
രാഘവ് ഛദ്ദയോ പരിണീതി ചോപ്രയോ ട്വീറ്റിനോട് പ്രതികരിച്ചിട്ടില്ല.
എ.എ.പി എം.പി രാഘവ് ഛദ്ദയെയും ബോളിവുഡ് നടി പരിണീതി ചോപ്രയെയും അഭിനന്ദിച്ച് എ.എ.പി എം.പി സഞ്ജീവ് അറോറ. ഇരുവരും വിവാഹിതരാവാന്‍ പോകുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് സഞ്ജീവ് അറോറയുടെ ട്വീറ്റ്. ഇതോടെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞോ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ രാഘവ് ഛദ്ദയോ പരിണീതി ചോപ്രയോ ട്വീറ്റിനോടോ വിവാഹ നിശ്ചയ വാര്‍ത്തയോടോ പ്രതികരിച്ചിട്ടില്ല.
ആം ആദ്മി പാർട്ടി എം.പി സഞ്ജീവ് അറോറ ട്വീറ്റ് ചെയ്തതിങ്ങനെ- "രാഘവ് ഛദ്ദയെയും പരിണീതി ചോപ്രയെയും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. അവരുടെ കൂടിച്ചേരല്‍ സ്നേഹവും സന്തോഷവും സഹവർത്തിത്വവും കൊണ്ട് അനുഗ്രഹിക്കപ്പെടട്ടെ. എന്റെ ആശംസകൾ".
എന്താണ് സംഭവം, പരിണീതിയുടെയും രാഘവ് ഛദ്ദയുടെയും വിവാഹം തീരുമാനിച്ചോ, രണ്ടു പേരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലല്ലോ തുടങ്ങിയ ചോദ്യങ്ങള്‍ ട്വീറ്റിനു താഴെ ഉയര്‍ന്നു.
അതേസമയം പരിണീതി ചോപ്രയുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങളിൽ നിന്ന് രാഘവ് ഛദ്ദ കഴിഞ്ഞ ദിവസം ഒഴിഞ്ഞുമാറിയിരുന്നു. രാഷ്ട്രീയത്തെ കുറിച്ച് ചോദിക്ക് മറുപടി നൽകാമെന്നാണ് ഇതു സംബന്ധിച്ച് ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചത്- 'എന്നോട് രാജ്‌നീതിയെ (രാഷ്ട്രീയം) കുറിച്ച് ചോദിക്കൂ, പരിണീതിയെ കുറിച്ചു വേണ്ട' എന്നാണ് ഛദ്ദ പ്രതികരിച്ചത്.
വ്യാഴാഴ്ച രാത്രി മുംബൈയിലെ ഹോട്ടലിൽ ഒന്നിച്ച് അത്താഴം കഴിക്കാനെത്തിയ രാഘവിന്റെയും പരിണീതിയുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പഞ്ചാബിൽ നിന്നുള്ള ലോക്‌സഭാംഗമാണ് 34കാരനായ രാഘവ് ഛദ്ദ. ഹരിയാനയിലെ അംബാല സ്വദേശിയായ പരിണീതി 2011ലാണ് സിനിമയിലെത്തിയത്. ഇരുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2012ൽ പുറത്തിറങ്ങിയ 'ഇഷ്ഖ്‌സാദ' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം (പ്രത്യേക പരാമർശം) നേടി.
പരിണീതിയും രാഘവ് ഛദ്ദയും ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ സഹപാഠികളായിരുന്നു. ട്വിറ്ററിൽ 44 പേരെ മാത്രമാണ് രാഘവ് ഫോളോ ചെയ്യുന്നത്. അതിൽ സിനിമാ മേഖലയിൽ നിന്ന് രണ്ടു പേരെയുള്ളൂ. ഒന്ന് ആം ആദ്മി പാർട്ടി അംഗം കൂടിയായ ഗുൽ പനാഗ്. രണ്ടാമത്തേത് പരിണീതിയും.