'ഏഴരക്കൊല്ലമായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായിയെ ആദ്യമായി കാണുകയാണ്'; സര്‍ക്കാരിനു പ്രശംസയുമായി ഫഹദ് ഫാസിൽ

''മലയാള സിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് എന്റെ തലമുറ കടന്നുപോകുന്നത്. അതിന്റെ ഏറ്റവും വലിയ കാരണം കഴിഞ്ഞ കുറച്ചുവർഷമായി കേരളത്തിനുണ്ടായ മാറ്റം.''

Update: 2023-08-28 10:35 GMT
Editor : Shaheer | By : Shaheer
Advertising

തിരുവനന്തപുരം: കുറച്ചു വർഷമായി കേരളത്തിനുണ്ടായത് വലിയ മാറ്റമാണെന്ന് നടൻ ഫഹദ് ഫാസിൽ. ടൂറിസം രംഗത്തുണ്ടായ വളർച്ചയുടെ നേട്ടം മലയാള സിനിമയ്ക്കുമുണ്ടായി. ഇന്ത്യയിൽ ആദ്യമായി ഒരു സിനിമാ ടൂറിസം കേരളത്തിൽ വരാൻ പോകുകയാണെന്നും ഫഹദ് പറഞ്ഞു.

തിരുവനന്തപുരത്ത് കേരള ടൂറിസം വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല ഓണാഘോഷ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഫഹദ് ഫാസിൽ. ഏഴരക്കൊല്ലമായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ജീവിതത്തിൽ ആദ്യമായി കാണുന്നത് ഇവിടെ വച്ചാണ്. ഈ സന്ധ്യ അതിനുള്ള നിമിത്തമായത് എന്റെ ഭാഗ്യമായി കാണുന്നു. മലയാള സിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് എന്റെ തലമുറ കടന്നുപോകുന്നത്. അതിന്റെ ഏറ്റവും വലിയ കാരണം കഴിഞ്ഞ കുറച്ചുവർഷമായി കേരളത്തിനുണ്ടായ മാറ്റമാണ്. അതിൽ ആദ്യത്തേത് കേരളത്തിലെ ടൂറിസത്തിന്റെ വളർച്ചയാണെന്നും ഫഹദ് പറഞ്ഞു.

''ടൂറിസത്തിന്റെ വളർച്ചയ്‌ക്കൊപ്പം വേറെ കുറേ വ്യവസായങ്ങളും ഇവിടെ വളർന്നു. അതിന്റെ ഏറ്റവും വലിയ ഗുണം ലഭിച്ചതു മലയാള സിനിമയ്ക്കാണ്. കുമ്പളങ്ങിയില്ലെങ്കിൽ 'കുമ്പളങ്ങി നൈറ്റ്‌സ്' ഇല്ല, ഇടുക്കിയില്ലെങ്കിൽ 'മഹേഷിന്റെ പ്രതികാരം' ഇല്ല. കുട്ടനാട് ഇല്ലെങ്കിൽ 'ആമേൻ' ഇല്ല. ഇത്രയധികം സ്ഥലം മലയാളക്കരയിലുള്ളപ്പോൾ തീർച്ചയായും മലയാളത്തിന്റെ കഥ തന്നെയാണു പറയേണ്ടത്.''

വലിയ അവസരമാണ് എന്റെ തലമുറയ്ക്കു മുന്നിൽ തുറന്നുകിട്ടിയത്. ടൂറിസത്തിൽ തന്നെ ആരോഗ്യ ടൂറിസവും ജല ടൂറിസവും സാഹസിക ടൂറിസവുമെല്ലാമുണ്ട്. ഇന്ത്യയിൽ ആദ്യമായി സിനിമാ ടൂറിസം വരാൻ പോകുകയാണ്. അതിന് എല്ലാ രീതിയിലുമുള്ള സഹകരണവും സഹായവും താൻ മന്ത്രി റിയാസിനു പ്രഖ്യാപിക്കുകയാണെന്നും ഫഹദ് കൂട്ടിച്ചേർത്തു.

Full View

നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ നർത്തകിയും സമൂഹിക പ്രവർത്തകയുമായ മല്ലികാ സാരാഭായിയും അതിഥിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ജി.ആർ അനിൽ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.

Summary: Actor Fahadh Faasil says that Kerala has undergone a big change in the last few years

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Shaheer

contributor

Similar News