വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം; കസാൻ ഖാന്റെ മരണകാരണം ഹൃദയാഘാതം
1993ൽ പുറത്തിറങ്ങിയ ഗന്ധർവത്തിലൂടെയാണ് കസാൻ ഖാൻ മലയാളികൾക്ക് പരിചിതനാകുന്നത്.
വില്ലൻ വേഷങ്ങളിൽ തിളങ്ങിയ തെന്നിന്ത്യൻ താരം കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
പി.വാസുവിന്റെ സംവിധാനത്തിൽ 1992ൽ പുറത്തിറങ്ങിയ സെന്തമിഴ് പാട്ടെന്ന ചിത്രത്തിലൂടെയാണ് കസാൻ ഖാൻ ചലച്ചിത്ര രംഗത്തെത്തുന്നത്. ഭൂപതിയെന്ന വില്ലൻ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടപ്പോൾ കാക്കപ്പുള്ളിയും വെട്ടുകൊണ്ട പാടുകളുമില്ലാത്ത ഒരു പ്രതിനായകന്റെ ചിത്രം തെന്നിന്ത്യൻ പ്രേക്ഷകർക്ക് മുന്നിലെത്തി.
1993ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ റൊമാന്റിക് ത്രില്ലർ ഗന്ധർവത്തിലൂടെയാണ് വെളുത്ത്, ഉയരം കൂടിയ, കട്ടി പുരികങ്ങളുള്ള ആ ചെറുപ്പക്കാരൻ മലയാളികൾക്ക് പരിചിതനാകുന്നത്. പിന്നീട് അങ്ങോട്ട് വെള്ളിത്തിരയിൽ തരംഗം തീർത്ത ഒട്ടനവധി ചിത്രങ്ങളിൽ കസാൻ ഖാൻ വില്ലനായി വിളങ്ങി. ദി കിംഗ്, വർണ്ണപ്പകിട്ട്, ജനാധിപത്യം, ദി ഗാങ്, തുടങ്ങി സി ഐ ഡി മൂസ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, മായാമോഹിനി, മാസ്റ്റേഴ്‌സ്, രാജാധിരാജ, ലൂസിഫർ ഉൾപ്പെടെ മുപ്പതോളം മലയാള ചിത്രങ്ങളിൽ കസാൻ ഖാൻ വേഷമിട്ടു.