'പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ'; അനുശോചിച്ച് മമ്മൂട്ടി
നിരവധി സിനിമകളിൽ മമ്മൂട്ടിയുടെ അമ്മയായി വേഷമിട്ട നടിയാണ് കവിയൂർ പൊന്നമ്മ.
അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ അര്‍പ്പിച്ച് നടൻ മമ്മൂട്ടി. 'പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ' എന്ന കുറിപ്പ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചാണ് മമ്മൂട്ടി ദുഃഖം പങ്കുവച്ചത്.
വാത്സല്യം, തനിയാവർത്തനം, പല്ലാവൂർ ദേവനാരായണൻ, ഏഴുപുന്ന തരകൻ തുടങ്ങി നിരവധി സിനിമകളിൽ മമ്മൂട്ടിയുടെ അമ്മയായി വേഷമിട്ട നടിയാണ് കവിയൂർ പൊന്നമ്മ. തനിയാവർത്തനത്തിലെ മമ്മൂട്ടി- കവിയൂർ പൊന്നമ്മ ക്ലെെമാക്സ് സീൻ ഇന്നും മലയാളികളുടെ മനസിൽ ഒരു നെരിപ്പോടായി എരിയുന്നതാണ്.
കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു. തൻ്റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസിൽ മായാതെ നിൽക്കുമെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
സിനിമയില്‍ മാത്രമല്ല, മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂർ പൊന്നമ്മയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും ദുഃഖത്തില്‍ പങ്കുചേരുന്നതായും സതീശൻ അനുശോചിച്ചു.
അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടിയായിരുന്നു കവിയൂർ പൊന്നമ്മയെന്നും സിനിമാലോകത്തിന് വലിയ നഷ്ടം സൃഷ്ടിച്ചാണ് അവർ വിടവാങ്ങുന്നതെന്നും സിനിമ- സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. കവിയൂര്‍ പൊന്നമ്മയുടെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പ്രതികരിച്ചു.
അർബുദ ബാധിതയായി ചികിത്സയിലായിരുന്ന കവിയൂര്‍ പൊന്നമ്മ എറണാകുളം ലിസി ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. 79 വയസായിരുന്നു. മലയാള സിനിമയിൽ അമ്മ കഥാപാത്രമായി നിറഞ്ഞുനിന്ന കവിയൂർ പൊന്നമ്മ ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. 1971,1972,1973, 1994 എന്നിങ്ങനെ നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. സംഗീത, നാടകരംഗത്തു നിന്നും സിനിമയിലെത്തി അമ്മ വേഷങ്ങളിൽ ശ്രദ്ധേയയായ പൊന്നമ്മ ടെലിവിഷനിലും സജീവമായിരുന്നു.