'ഞങ്ങൾ ആടും, പാടും, അഭിനയിക്കും; ഇത് യുഗം വേറെയാണ്'-സത്യഭാമയോട് മണികണ്ഠൻ ആചാരി

ഇത്തരം വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്നുവെന്നാണ് കലാമണ്ഡലം പ്രസ്താവനയിൽ പ്രതികരിച്ചത്

Update: 2024-03-21 15:03 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപത്തിൽ നർത്തകൻ ആർ.എൽ.വി രാമകൃഷ്ണന് ഐക്യദാർഢ്യവുമായി നടൻ മണികണ്ഠൻ ആചാരി. ഞങ്ങൾ മനുഷ്യരാണ്. ഈ മണ്ണിൽ ജനിച്ചുവളർന്നവരാണ്. പാടുകയും ആടുകയും അഭിനയിക്കുകയുമെല്ലാം ചെയ്യും. കാണാൻ താൽപര്യമുള്ള, നല്ല മനസുള്ളവർ കണ്ടോളുമെന്നും നടൻ പറഞ്ഞു.

ആർ.എൽ.വി രാമകൃഷ്ണനോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സോഷ്യൽ മീഡിയയിലൂടെ മണികണ്ഠന്റെ പ്രതികരണം. സത്യഭാമയ്‌ക്കൊരു മറുപടി എന്നു പറഞ്ഞായിരുന്നു പോസ്റ്റ്. ''ഞങ്ങൾ മനുഷ്യരാണ്. ഈ മണ്ണിൽ ജനിച്ചുവളർന്നവർ. ഞങ്ങൾ കലാകാരന്മാരാണ്. അതാണ് ഞങ്ങളുടെ അടയാളം. ആടും, പാടും, അഭിനയിക്കും. കാണാൻ താത്പര്യമുള്ളവർ, നല്ല മനസ്സുള്ളവർ കണ്ടോളും. ആരൊക്കെ, എന്തൊക്കെ ചെയ്യണമെന്നു നിങ്ങൾ വീട്ടിലിരുന്നു തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി. ഇത് യുഗം വേറെയാണ്.''-താരം വ്യക്തമാക്കി.

രാമകൃഷ്ണനെതിരായ അധിക്ഷേപത്തിനു പിന്നാലെ സത്യഭാമയെ തള്ളി കേരള കലാമണ്ഡലം രംഗത്തെത്തിയിട്ടുണ്ട്. സത്യഭാമയുടെ പ്രസ്താവന പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതാണെന്ന് കലാമണ്ഡലം പ്രതികരിച്ചു. ഇത്തരം വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്നുവെന്നും കലാമണ്ഡലം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവർ മാത്രമേ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂവെന്നായിരുന്നു സത്യഭാമയുടെ പരാമർശം. രാമകൃഷ്ണൻ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകൾ മാത്രമേ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂവെന്നുമാണ് സത്യഭാമ പറയുന്നത്. അധിക്ഷേപ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമെന്നായിരുന്നു ആർ.എൽ.വി രാമകൃഷണൻ സംഭവത്തിൽ പ്രതികരിച്ചത്.

Summary: 'We will dance, sing and act; This is a different era': Actor Manikandan Achari to Sathyabhama who insulted dancer RLV Ramakrishnan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News