15 വര്‍ഷത്തിലായി പിണക്കത്തിലാണ്, വിജയ്‍യുടെ സിനിമകള്‍ കാണാറില്ല; വീണ്ടും ഒരുമിക്കാന്‍ തയ്യാറാണെന്ന് നെപ്പോളിയന്‍
2007ല്‍ പോക്കിരി സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്
ചെന്നൈ: മലയാളികള്‍ക്ക് നെപ്പോളിയനെന്നാല്‍ മുണ്ടക്കല്‍ ശേഖരനാണ്. ദേവാസുരത്തിലെ നായകനൊപ്പം നില്‍ക്കുന്ന വില്ലന്‍. തമിഴ്,തെലുങ്ക്,കന്നഡ ,മലയാളം,ഇംഗ്ലീഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരം രാഷ്ട്രീയത്തിലേക്കും കടന്നിരുന്നു. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രിയായിരുന്നു നെപ്പോളിയന്‍. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ താരം 'വണ്‍ മോര്‍ ഡ്രീം' എന്ന ഹോളിവുഡ് ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇപ്പോഴിതാ നടന്‍ വിജയുമായുള്ള പിണക്കത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
2007ല്‍ പോക്കിരി സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. അന്നുമുതല്‍ പരസ്പരം സംസാരിക്കാറില്ല. 15 വര്‍ഷമായി മിണ്ടിയിട്ട്. ഇപ്പോള്‍ വിജയുമായുള്ള പിണക്കം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നെപ്പോളിയന്‍. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ''പിണക്കം അവസാനിപ്പിക്കാന്‍ തയ്യാറാണോ എന്ന് വിജയിനോട് ചോദിക്കണമെന്നുണ്ട്. 15 വര്‍ഷമായി തമ്മില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ട്. ഇത്രയും നാളുകള്‍ക്ക് ശേഷം അദ്ദേഹം എന്നോട് സംസാരിക്കാന്‍ തയ്യാറാകുമോ എന്നറിയില്ല. പക്ഷെ സംസാരിക്കാന്‍ ഞാന്‍ റെഡിയാണ്'' നെപ്പോളിയന്‍ പറഞ്ഞു.
പിതാവ് എസ്.എ ചന്ദ്രശേഖറുമായുള്ള വിജയുടെ വഴക്കിനെക്കുറിച്ചും നടന്‍ പ്രതികരിച്ചു. വിജയ് ശരിയായ തീരുമാനമെടുക്കുമെന്നും മാതാപിതാക്കളുമായി നല്ല ബന്ധം തുടരുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായും നെപ്പോളിയന്‍ കൂട്ടിച്ചേര്‍ത്തു. വാരിസാണ് വിജയിന്‍റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രം 300 കോടി കലക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജ് ചിത്രമാണ് താരത്തിന്‍റെ അടുത്ത പ്രോജക്ട്.