കഞ്ചാവ് വാങ്ങി നൽകി; ലഹരി മരുന്നു കേസിൽ റിയ ചക്രബർത്തിക്കെതിരെ കുറ്റപത്രം
പത്തു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് റിയയ്‌ക്കെതിരെയുള്ളത്.
ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുഹൃത്ത് റിയ ചക്രബർത്തി അടക്കം 35 പേർക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) കുറ്റപത്രം. സുശാന്തിന് റിയ ചെറിയ അളവിലുള്ള കഞ്ചാവ് വാങ്ങി നൽകുകയും അതിനായി സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
'റിയ ചക്രബർത്തി കഞ്ചാവിന്റെ നിരവധി ഡെലിവറികൾ സ്വീകരിച്ചു. സുശാന്ത് സിങ് രജ്പുതിന് കൈമാറുകയും ചെയ്തു. 2020 മാർച്ച്-സെപ്തംബർ മാസങ്ങൾക്കിടയിൽ നടന്ന ഡെലിവറികൾക്കെല്ലാം പണം നൽകിയത് റിയയാണ്' - കുറ്റപത്രം പറയുന്നു. റിയയ്ക്ക് പുറമേ, സാമുവൽ മിറാൻഡ, റിയയുടെ സഹോദരൻ ഷൗവിക് ചക്രബർത്തി, ദിപേഷ് സാവന്ത് തുടങ്ങിയവരാണ് മറ്റു പ്രധാന പ്രതികൾ. 2020 ജൂൺ 14നാണ് സുശാന്തിനെ മുംബൈ ബാന്ദ്രയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
എൻഡിപിഎസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്. പത്തു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് റിയയ്‌ക്കെതിരെയുള്ളത്. പത്താം പ്രതിയാണ് ഇവർ. രാജ്യമുടനീളം ശ്രദ്ധിച്ച കേസിൽ 2020 സെപ്തംബറിലാണ് റിയ അറസ്റ്റിലായത്. ഒരു മാസത്തിന് ശേഷം ബോംബെ ഹൈക്കോടതി ഇവർക്ക് ജാമ്യം നൽകിയിരുന്നു. സിബിഐയാണ് കേസന്വേഷിച്ചത്. സുശാന്തിന്റേത് ആത്മഹത്യയാണ് എന്നാണ് പൊലീസ് പറയുന്നത്.