'മേനോനായാലും നായരായാലും ഏറ്റെടുത്ത ജോലി പൂർത്തിയാക്കണം, പേര് മാറ്റിയത് കൊണ്ടൊന്നും നന്നാകില്ല'; സംയുക്തക്കെതിരെ ഷൈൻ ടോം ചാക്കോ
'പ്രമോഷന് വിളിച്ചപ്പോൾ ഞാൻ മലയാള സിനിമ ചെയ്യുന്നില്ല എന്നായിരുന്നു ഉത്തരം'
നടി സംയുക്തക്കെതിരെ വിമർശനവുമായി നടൻ ഷൈൻ ടോം ചാക്കോ. ഇരുവരും ഒന്നിച്ചഭിനയിച്ച 'ബൂമറാങ്' എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് നടിക്കെതിരെ ഷൈൻ ടോം ചാക്കോ വിമർശനമുന്നയിച്ചത്. നായികയായ സംയുക്ത സിനിമയുടെ പ്രമോഷന് എത്തിയിരുന്നില്ല.
ഈ അടുത്ത് സംയുക്ത പേരിനൊപ്പമുള്ള മേനോൻ എടുത്തുമാറ്റിയതായി അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മറുപടി പറയുകയായിരുന്നു ഷൈൻ ടോം. 'എന്ത് വിളിച്ചാലും ചെയ്യുന്ന പണി, ചെയ്യുന്ന പടത്തിന്റെ പ്രൊമോഷന് വരാതെ പേര് മാറ്റിയത് കൊണ്ടൊന്നും നന്നാകില്ല. ഒരു ജോലി നമ്മൾ ഏറ്റെടുത്താൽ അത് പൂർത്തിയാക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. എന്തുകൊണ്ട് ഇതിന്റെ പ്രൊമോഷന് വരുന്നില്ല. പിന്നെ മേനോൻ ആയാലും നായർ ആയാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും എന്താ കാര്യം. മനുഷ്യനായിട്ടും മനുഷ്യനെ തിരിച്ചറിയാൻ പറ്റണ്ടേ.... മറ്റതൊക്കെ അതിന് ശേഷമല്ലേ'. ഷൈൻ ചോദിച്ചു.
സിനിമയുടെ പ്രൊഡ്യൂസറും സംയുക്തക്കെതിരെ രംഗത്തെത്തി. 'പ്രമോഷന് വിളിച്ചപ്പോൾ ഞാൻ മലയാള സിനിമ ചെയ്യുന്നില്ല എന്നായിരുന്നു ഉത്തരം. രണ്ടാമത്തെ ഉത്തരം ഞാൻ ചെയ്യുന്ന സിനിമകളൊക്കെ മാസ്സീവ് റിലീസ് ആണ്. 35 കോടി സിനിമയാണ് ഞാനിപ്പോ ചെയ്യുന്നത്. എനിക്കെന്റെതായ കാര്യങ്ങളുണ്ട്......ഇതൊക്കെയായിരുന്നു സംയുക്തയുടെ മറുപടി.....' അദ്ദേഹം പറഞ്ഞു. ഇങ്ങനത്തെ ചെറിയ റിലീസുകളൊന്നും പറ്റില്ലെന്നാണ് ഇതിന്റെ ചുരുക്കമെന്ന് ഷൈൻ ടോം ചാക്കോയും കൂട്ടിച്ചേർത്തു.
സംയുക്തക്കും ഷൈൻ ടോം ചാക്കോക്കുമൊപ്പം ചെമ്പൻ വിനോദും ബൂമറാങ്ങിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മനു സുധാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്ണദാസ് പങ്കിയാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ധനുഷ് നായകനായ വാത്തിയാണ് സംയുക്തയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ.