കുടുംബം കടക്കെണിയിലായിരുന്ന സമയത്ത് ബന്ധുക്കള്‍ ആരുമുണ്ടായിരുന്നില്ല; ഇപ്പോള്‍ കൂടെയുള്ളത് പ്രേക്ഷകരെന്ന് യഷ്
ചെറിയ പട്ടണത്തില്‍ നിന്നുള്ളവരാണ് തന്‍റെ അച്ഛനും അമ്മയും. സിനിമയില്‍ അഭിനയിക്കാന്‍ താന്‍ ഇറങ്ങി തിരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് വലിയ വിഷമം ആയിരുന്നു
കെജിഎഫ് എന്ന ഒറ്റച്ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ കൂടെക്കൂട്ടിയ താരമാണ് കന്നഡ നടന്‍ യഷ്. ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയിലെത്തി വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിനു ശേഷമാണ് സിനിമയില്‍ യഷ് തന്‍റേതായ ഇടം ഉറപ്പിച്ചത്. ഒരു സാധാരണ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ യഷ് ആദ്യകാലത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും അന്ന് കൂടെ നില്‍ക്കാതെ ഓടിപ്പോയ ബന്ധുക്കളുണ്ടെന്നും യഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ചെറിയ പട്ടണത്തില്‍ നിന്നുള്ളവരാണ് തന്‍റെ അച്ഛനും അമ്മയും. സിനിമയില്‍ അഭിനയിക്കാന്‍ താന്‍ ഇറങ്ങി തിരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് വലിയ വിഷമം ആയിരുന്നു. സിനിമാ മേഖല ശാശ്വതമായ വരുമാനം നല്‍കുന്ന ഒന്നാണെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ വിലക്കി. സിനിമ വളരെ സങ്കീര്‍ണ്ണമാണെന്നും തനിക്ക് സിനിമയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞിരുന്നുവെന്നും യഷ് പറഞ്ഞു.
നമ്മളോട് അടുത്ത് നില്‍ക്കുന്നവര്‍ അകന്ന് പോകുന്നൊരു സന്ദര്‍ഭമുണ്ട്. അത് തനിക്കും കുട്ടിക്കാലത്ത് സംഭവിച്ചിട്ടുണ്ടെന്ന് യഷ് പറയുന്നു. കുടുംബവുമായി ഏറെ അടുത്തുനിന്നവര്‍ തങ്ങള്‍ക്കൊരു പ്രശ്‌നമുണ്ടായപ്പോള്‍ തങ്ങളില്‍ നിന്ന് അകന്നുപോയി. പ്രയാസകരമായ സമയങ്ങളില്‍ തന്നോടൊപ്പം ഉണ്ടായിരുന്നവരെ താന്‍ ഇന്നും ബഹുമാനിക്കുന്നുണ്ട്. പ്രേക്ഷകര്‍ മാത്രമാണ് ഇപ്പോള്‍ തന്‍റെ ബന്ധു എന്ന് താന്‍ വിശ്വസിക്കുന്നു. അവര്‍ ഒരിക്കലും പക്ഷം ചേര്‍ന്ന് സംസാരിക്കില്ല. പ്രേക്ഷകരല്ലാത്തവര്‍ നമ്മുടെ ജീവിതത്തില്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി വന്ന് പിന്നീട് ഉപേക്ഷിച്ച് പോകുന്നവരാണ്. തന്നോടൊപ്പം എപ്പോഴും നിന്ന കുറച്ച് സുഹൃത്തുക്കളും തനിക്കുണ്ട് എന്നതിലും സന്തോഷിക്കുന്നു. താന്‍ വളരെ പ്രാക്ടിക്കലായി ചിന്തിക്കുന്ന വ്യക്തിയാണ്. ഇന്ന് തന്റെ ബന്ധുക്കള്‍ തന്‍റെ അടുക്കല്‍ വന്നാല്‍ സ്വീകരിക്കാറുണ്ട്, കാരണം തന്‍റെ മാതാപിതാക്കള്‍ക്ക് ബന്ധുക്കള്‍ വരുന്നത് സന്തോഷം നല്‍കുന്നുവെന്നതുകൊണ്ട് മാത്രമാണെന്നും യഷ് കൂട്ടിച്ചേര്‍ത്തു.