രാഷ്ട്രീയം അച്ഛന്റെ ചോയ്‌സ്, അതു വച്ച് തന്നെ ജഡ്ജ് ചെയ്യേണ്ട: അഹാന കൃഷ്ണ

"അച്ഛന്റെ ജീവിതത്തിൽ അദ്ദേഹം എന്തു ചെയ്യുന്നു, എന്തു പറയുന്നു, എന്തു വിശ്വസിക്കുന്നു എന്നുള്ളത് ഒരിക്കലും എന്നെ ബാധിക്കേണ്ട ആവശ്യമില്ല"

Update: 2023-04-19 06:40 GMT
Editor : abs | By : Web Desk
Advertising

അച്ഛന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ചോയ്സ് ആണെന്നും അതു തന്നെ ബാധിക്കാറില്ലെന്നും നടി അഹാന കൃഷ്ണ. അച്ഛന്റെ രാഷ്ട്രീയനിലപാടുകൾ വച്ച് തന്നെ ജഡ്ജ് ചെയ്യേണ്ടെന്നും അവർ പറഞ്ഞു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് അഹാന, അച്ഛൻ കൃഷ്ണകുമാറിനെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമുള്ള കാര്യങ്ങൾ പങ്കുവച്ചത്. 

'അച്ഛൻ പൊളിറ്റിക്കലി ആക്ടീവ് ആണെങ്കിൽ അത് അദ്ദേഹത്തിന്റെ ജീവിതം, കരിയർ. സമ്പൂർണമായി അദ്ദേഹത്തിന്റെ ചോയ്‌സ്. ഞാൻ സിനിമ ചെയ്‌തോട്ടെ എന്ന് അവരോട്  ചോദിക്കാറില്ല. ഇതെന്റെ ജീവിതം. അച്ഛന്റെ ജീവിതത്തിൽ അദ്ദേഹം എന്തു ചെയ്യുന്നു, എന്തു പറയുന്നു, എന്തു വിശ്വസിക്കുന്നു എന്നുള്ളത് ഒരിക്കലും എന്നെ ബാധിക്കേണ്ട ആവശ്യമില്ല. അച്ഛൻ വളരെ സന്തോഷത്തോടെ ഒരു കാര്യം ചെയ്യുന്നു. അതിന്റെ അടിസ്ഥാനത്തിൽ എന്നെ ജഡ്ജ് ചെയ്യില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കൃഷ്ണകുമാറും അഹാനയും വെവ്വേറെ വ്യക്തികളാണ്. ഒരു വീട്ടിലാണ് ഞങ്ങൾ ജീവിക്കുന്നത്. ഒത്തിരി കാര്യങ്ങൾ ഒരുമിച്ചു വിശ്വസിക്കുന്നുണ്ടാകും. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നുവച്ച്, ഒരാൾ പറയുന്ന കാര്യം മറ്റൊരാളുടെ ജീവിതത്തിൽ ഒരു ഭാഗത്തും വരാൻ പാടില്ല.' - അഹാന പറഞ്ഞു.

വീട്ടിൽ അധികം രാഷ്ട്രീയം സംസാരിക്കാറില്ലെന്നും മക്കളായ ഞങ്ങളുടെ ഇഷ്ടങ്ങൾ വേറെയാണ് എന്നും അഹാന പറയുന്നു. 'ഞങ്ങൾ മക്കൾ, രാഷ്ട്രീയത്തിൽ വലിയ അവബോധമുള്ളവരൊന്നും അല്ല. ഞങ്ങളുടെ ഇഷ്ട വിഷയങ്ങൾ വേറെ പലതുമാണ്. ഇരുപുറത്തുമുള്ളവർക്ക് ഒരു വിഷയത്തിൽ നല്ല ധാരണയുണ്ടെങ്കിലല്ലേ ഒരു സംഭാഷണം നടക്കൂ. രാഷ്ട്രീയം വീട്ടിൽ അധികം സംസാരിക്കാറൊന്നുമില്ല.'- അവർ കൂട്ടിച്ചേർത്തു.

രാഷ്ട്രീയം എന്താണ് എന്ന ചോദ്യത്തിന്, 'എനിക്ക് രാഷ്ട്രീയത്തിൽ ശക്തമായ നിലപാടൊന്നുമില്ല. യുക്തിപരമായ തീരുമാനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന ആളാണ് ഞാൻ. സമത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നു. ഇതൊക്കെയാണ് എന്റെ രാഷ്ട്രീയം.' എന്നായിരുന്നു അവരുടെ ഉത്തരം.

പ്രശോഭ് വിജയൻ സംവിധാനം ചെയ്ത അടിയാണ് അഹാനയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം. ഷൈൻ ടോം ചാക്കോ, ധ്രുവൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വേ ഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് ചിത്രം നിർമിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു കൃഷ്ണകുമാർ. 





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News