''വിവാഹമെന്നത് പെൺകുട്ടികളുടെ ജീവിതത്തിന്റെ അവസാനമല്ല'; അർച്ചന 31 നോട്ടൗട്ടി'നെ കുറിച്ച് നടി ഐശ്വര്യ ലക്ഷ്മി മനസ് തുറക്കുന്നു

സ്ക്രീനിൽ മാത്രമല്ല കാമറക്ക് പിറകിലും സാങ്കേതിക മേഖലയിലും കഴിവുള്ള കൂടുതൽ സ്ത്രീകൾ സിനിമയിൽ തിളങ്ങണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്

Update: 2022-02-22 06:58 GMT
Editor : Lissy P | By : Web Desk
Advertising

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ജനപ്രിയയായ താരമാണ് ഐശ്വര്യ ലക്ഷ്മി.  2014 മോഡലായി കരിയർ ആരംഭിച്ച ഐശ്വര്യ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്നിങ്ങോട്ട് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമയിലൂടെ തെന്നിന്ത്യയിലെ ഇഷ്ടനടിയായി ഐശ്വര്യ ലക്ഷ്മി മാറി. അടുത്തിടെ തമിഴിൽ ഇറങ്ങിയ 'പുത്തം പുതുകൈലൈ വിടിയാതെ' എന്ന തമിഴ് ആന്തോളിയും ഏറെപ്രേഷക ശ്രദ്ധ നേടി. ഇപ്പോൾ തിയേറ്റിൽ വിജയകരമായി പ്രദർശനം തുടരുകയും നിരൂപക പ്രശംസയും നേടിയ  'അർച്ചന 31 നോട്ടൗട്ട് ' എന്ന സിനിമയിലെ ടൈറ്റിൽ റോളിലാണ് ഐശ്വര്യ എത്തുന്നത്. ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് അർച്ചന. 'അർച്ചന'യെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും ഐശ്വര്യ ലക്ഷ്മി മനസുതുറക്കുന്നു.


'അർച്ചന'യിലേക്കുള്ള വഴി?

എന്റെ കരിയറിൽ ഞാൻ കൂടുതലായി ചെയ്തിട്ടുള്ള നഗര, ന്യൂജെൻ വേഷങ്ങളിൽ നിന്നുള്ള ബോധപൂർവമായ ഒരു മാറ്റമാണ് അർച്ചന. കൂടാതെ, ഊർജവും ആശയങ്ങളും നിറഞ്ഞ യുവാക്കളും ഊർജ്ജസ്വലരുമായ ഒരു സംഘത്തോടൊപ്പം പ്രവർത്തിക്കുന്നതും സാമൂഹിക പ്രസക്തിയുള്ള സന്ദേശം വിനോദ പാക്കേജിൽ പൊതിഞ്ഞ സിനിമയെ ചുമലിലേറ്റാനുള്ള ഉത്തരവാദിത്തവും പുതിയ അനുഭവവും അതേ സമയം വെല്ലുവിളി നിറഞ്ഞതുമായിരുന്നു.

 അർച്ചന  മാറുന്ന മലയാളി യുവതികളുടെ മുഖമാണോ?

തീർച്ചയായും. കടന്നുപോകാൻ പാടില്ലാത്ത  അദൃശ്യവും ശക്തവുമായ നിയന്ത്രണ രേഖയുള്ള സമൂഹത്തിലാണ് ഓരോ പെൺകുട്ടിയും ജീവിക്കുന്നത്. ആൺകുട്ടികൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെങ്കിലും, പെൺകുട്ടിയുടെ ജീവിതം ഒരുപാട് നിയമങ്ങളാൽ നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. കടയിൽ പോകുന്നത് മുതൽ അവളുടെ വിവാഹത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നത് വരെ ഒരു പെൺകുട്ടിയുടെ ജീവിതം മറ്റുള്ളവരുടെ നിയമങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്.  അഭിനേതാവ് എന്ന നിലയിൽ, എന്റെ ചിന്തകൾ അർച്ചനയുടെ അഭിപ്രായവുമായി നൂറുശതമാനം യോജിച്ചതാണ് . വിവാഹം  പെൺകുട്ടിയുടെ ജീവിതത്തിലെ ഒന്നിന്റെയും അവസാനമല്ല.


ഈ സിനിമയുടെ വിജയത്തിന് ഐശ്വര്യയുടെ സംഭാവന എന്താണ് ?

സമൂഹത്തിൽ സംഭവിക്കുന്ന നല്ല മാറ്റങ്ങളുടെ പ്രതിഫലനമാണ് ഈ സിനിമ. ''അർച്ചന 31 നോട്ടൗട്ട് ' രസകരമായി കഥ പറയുന്ന സിനിമയാണ്. അതോടൊപ്പം സാമൂഹിക പ്രസക്തമായ സന്ദേശവും ഈ സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. ബോക്സ് ഓഫീസ് വിജയത്തിനപ്പുറം ഈ സിനിമ ഒരു പെൺകുട്ടിയുടെയെങ്കിലും ചിന്തകളെ പ്രചോദിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ അതായിരിക്കും ഞങ്ങളുടെ ടീമിന് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷം.

രമേഷ് പിഷാരടിയുമായുള്ള  സൗഹൃദം

ഞങ്ങൾ സിനിമക്ക് പുറത്ത് നല്ല സൗഹൃദം പങ്കിടുന്നവരാണ്. സത്യസന്ധമായ അഭിപ്രായങ്ങൾക്കോ പോസറ്റീവായ ചിന്തകൾക്കോ വേണ്ടി എനിക്ക് എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തി കൂടിയാണ് രമേശ് പിഷാരടി. എനിക്ക് ആത്മവിശ്വാസം നൽകുന്ന വ്യക്തിയാണ്. ഇപ്പോൾ വൈറലായ അർച്ചനയിലെ 'മനസുനോ' എന്ന ഗാനത്തിൽ അത് നിങ്ങൾക്ക് കാണാവുന്നതാണ്.


മലയാളസിനിമയിലെ മാറുന്ന സ്ത്രീകൾ

'അർച്ചന 31 നോട്ട് ഔട്ടിനെ പോലെ സ്ത്രീ കേന്ദ്രീകൃത സിനിമയെ പ്രേഷകർ സ്വീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു എന്നത് എന്നെപ്പോലെ താരതമ്യേന പുതുമുഖനടിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. മാറുന്ന കാലഘട്ടത്തിന്റെ മുഖം കൂടിയാണിത്. സ്‌ക്രീനിൽ മാത്രമല്ല കാമറക്ക് പിറകിലും സാങ്കേതിക മേഖലയിലും കഴിവുള്ള കൂടുതൽ സ്ത്രീകൾ സിനിമയിൽ തിളങ്ങണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എങ്കിലേ സിനിമകളുടെ അവതരണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും കാഴ്ചകളും സംഭവിക്കുകയൊള്ളൂ.

സ്ത്രീ കേന്ദ്രീകൃതമായ വേഷവും അത് നൽകിയ സ്വീകാര്യതയും അഭിനയ ജീവിതത്തിലെ തൊപ്പിയിൽ മറ്റൊരു പൊൻ തൂവലാണ്. അടുത്തത് എന്താണ്?

ലക്ഷ്യങ്ങൾ നിശ്ചയിച്ച് അതിനെ പിന്തുടരുന്ന ആളല്ല ഞാൻ. ഞാൻ അലസയായ നടിയാണന്ന് വേണമെങ്കിൽ പറയാം. എന്റെ കരിയറിലെ മികച്ച സമയത്താണ് 'അർച്ചന' എനിക്ക് സംഭവിച്ചത്. ബാക്കിയുള്ളവ അതിന്റെ അതിന്റെ സമയത്ത് നടക്കുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News