പൊറോട്ട ആദ്യം ആണുങ്ങൾക്കു കൊടുക്കും; ബാക്കിയുണ്ടെങ്കിൽ പെണ്ണുങ്ങൾക്കു കഴിക്കാം-അനാർക്കലി മരിക്കാർ
'എന്റെ കുടുംബത്തിൽ അങ്ങനെ സംഭവിച്ചിട്ടില്ല. എവിടെയോ കേട്ടിട്ടുണ്ട്. എനിക്ക് ആപേക്ഷികമായി വളരെ ഫോർവേഡായിട്ടുള്ള കുടുംബമാണ് എന്തോ ഭാഗ്യത്തിനു കിട്ടിയത്.'
കോഴിക്കോട്: പൊറോട്ടയുടെ കാര്യത്തില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്ന് നടി അനാർക്കലി മരിക്കാർ. ആണുങ്ങൾ കഴിച്ചു ബാക്കിയുണ്ടെങ്കിൽ മാത്രമേ പൊറോട്ട സ്ത്രീകൾക്കു കഴിക്കാൻ കിട്ടിയിരുന്നുള്ളൂവെന്നും നടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അനാർക്കലി ഇക്കാര്യം പറഞ്ഞത്.
'പൊറോട്ടയൊക്കെ കുറേ നാളിനുശേഷം വന്നതല്ലേ. എന്റെ ചെറുപ്പത്തിലൊക്കെ കുറേനാളുകൾക്കുശേഷമാണ് പൊറോട്ട കഴിക്കുന്നത്. പൊറോട്ടയും ചോറുമുണ്ടാകും. ഇതിൽ പൊറോട്ട ആണുങ്ങൾക്കു കൊടുക്കും. അതു ബാക്കിയുണ്ടെങ്കിൽ പെണ്ണുങ്ങൾക്കു കഴിക്കാം.'-അനാർക്കലി ചൂണ്ടിക്കാട്ടി.
'ഇതൊക്കെ എന്റെ സുഹൃത്തുക്കൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്റെ കുടുംബത്തിൽ അങ്ങനെ സംഭവിച്ചിട്ടില്ല. എവിടെയോ അങ്ങനെ കേട്ടിട്ടുണ്ട്. എവിടെയാണെന്ന് ഓർക്കുന്നില്ല. അതു വളരെ മോശമാണ്. അതിൽ വളരെ വിഷമം തോന്നിയിട്ടുണ്ട്. എനിക്ക് ആപേക്ഷികമായി വളരെ ഫോർവേഡായിട്ടുള്ള കുടുംബമാണ് എന്തോ ഭാഗ്യത്തിനു കിട്ടിയത്.'-അനാർക്കലി കൂട്ടിച്ചേർത്തു.
'തമാശ', 'ഭീമന്റെ വഴി' എന്നീ ചിത്രങ്ങൾക്കുശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന 'സുലൈഖ മൻസിൽ' ആണ് അനാർക്കലി മരിക്കാറിന്റെ പുതിയ ചിത്രം. ചെമ്പോസ്‌കി മോഷന് പിക്‌ചേഴ്‌സിന്റെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, സുഭീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ നായികയാണ് അനാർക്കലി. ഗണേഷ് രാജിന്റെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ 'ആനന്ദം' എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2017ൽ റിലീസ് ചെയ്ത, പ്രദീപ് നായർ സംവിധാനയം ചെയ്ത 'വിമാനം' ശ്രദ്ധേയമായ വേഷം ചെയ്തു. അമല, മന്ദാരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Summary: Actress Anarkali Marikar says that women face discrimination, including in the case of Parotta. The actress said that the women only get to eat Parotta if there was any left over after the men ate