ഒരൊറ്റ പെണ്ണ് കത്തിച്ചുവിട്ട പോരാട്ടമാണ്; മറക്കരുത്, അവളുടെ ചങ്കൂറ്റം, പോരാട്ടവീര്യം

'മഹാനടന്മാർ' മഹാമൗനം തുടരുമ്പോഴും, സിനിമയിലെ കരുത്തന്മാർ നിശബ്ദതയിൽ അഭയംതേടുമ്പോഴും അതിജീവിത കത്തിച്ചുവിട്ട പോരാട്ടം പുതിയ തലങ്ങളിലേക്കു പടർന്നുപിടിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇനിയാരൊക്കെ, ഏതൊക്കെ കൊമ്പന്മാർ വീഴും?

Update: 2024-08-26 10:04 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന കുടം തുറന്നുവിട്ട ഭൂതം മലയാള സിനിമയിൽ കൊടുങ്കാറ്റുപോലെ ആഞ്ഞുവീശുകയാണ്. ആദ്യം പ്രതിരോധിച്ചു പിടിച്ചുനിന്നവരെല്ലാം ഒന്നൊന്നായി കടപുഴകുന്നു. 'അമ്മ'യിലെ വന്മരങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി നിലംപൊത്തുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സിദ്ദിഖ് എന്നിങ്ങനെ രണ്ട് അതികായരുടെ പതനത്തിൽനിന്നാണു തുടക്കം. സംസ്ഥാനം ഭരിക്കുന്ന ഭരണകക്ഷിയിലെ എം.എൽ.എയും മന്ത്രിയും മുതൽ സൂപ്പർതാരങ്ങൾക്കും സംവിധായക പ്രമുഖർക്കും നിർമാതാക്കൾക്കുമെല്ലാമെതിരെ പേരുവെളിപ്പെടുത്തിയതും അല്ലാത്തതുമായ പരാതികൾ വന്നുകഴിഞ്ഞു.

വിമിൻ ഇൻ സിനിമ കലക്ടീവ്(ഡബ്ല്യു.സി.സി) തുടങ്ങിവച്ച പോരാട്ടമാണിപ്പോൾ ലക്ഷ്യത്തോടടുക്കുന്നതെന്നാണ് സോഷ്യൽ മീഡിയ ഒരുപോലെ പറയുന്നത്. ഹേമ കമ്മിറ്റി രൂപീകരണത്തിലും അന്തിമമായ റിപ്പോർട്ടിലും ഈ സിനിമാ കൂട്ടായ്മയുടെ പോരാട്ടത്തിനു വലിയൊരു പങ്കുണ്ട്. എന്നാൽ, സംഘടനയുടെ രൂപീകരണം തന്നെ യാഥാർഥ്യമാക്കിയ വലിയൊരു പോരാട്ടത്തെ ഇപ്പോൾ മറന്നുപോകരുതെന്ന് ഓർമിപ്പിക്കുകയാണ് ഇതേ ഡബ്ല്യു.സി.സി സ്ഥാപക നേതാക്കൾ. 2017ൽ ധൈര്യമായി എണീറ്റുനിന്നു പോരാടാൻ തുനിഞ്ഞിറങ്ങിയ ഒരൊറ്റയാളുടെ പോരാട്ടവീര്യമാണ് ഇതിനെല്ലാം തുടക്കമെന്നാണ് ഒരേ ശബ്ദത്തിലിപ്പോൾ നടിമാരെല്ലാം ഉണർത്തുന്നത്.

'പോരാടാൻ ഒരു പെണ്ണ് കാണിച്ച ചങ്കൂറ്റമാണ് ഇതിനെല്ലാം തുടക്കമിട്ടത്. അക്കാര്യം മറക്കാതിരിക്കാം'-പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ്, മഞ്ജു വാര്യർ ഉൾപ്പെടെ ഡബ്ല്യു.സി.സി സ്ഥാപകനേതാക്കളെല്ലാം ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണിത്. ഇറ്റാലിയൻ തത്ത്വചിന്തകൻ അന്റോണിയോ ഗ്രാംഷിയുടെ വാക്കുകൾ കടമെടുത്താണ് രമ്യ നമ്പീശൻ പ്രതികരിച്ചത്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു: ''ഈ ലോകം, ഇവിടെ ജനിച്ച എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടെയും ഔദാര്യമല്ലെന്നും, നമ്മുടെ ഓരോരുത്തരുടെയും അവകാശമാണെന്നും, സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന എന്റെ പ്രിയ സുഹൃത്തിൽനിന്നാണ് ഇതിന്റെ തുടക്കം.''

നടൻ ദിലീപ് ഉൾപ്പെടെയുള്ളവർക്കെതിരെ അതിജീവിത നടത്തിയ ഒറ്റയാൾ പോരാട്ടത്തെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ഇതേകാര്യം മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രൻ അതിജീവിതയോടുതന്നെ പങ്കുവച്ചു; അന്ന് പൊലീസിനെ കാണാൻ താങ്കൾ കാണിച്ച ധീരതയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതിലേക്കെല്ലാം നയിച്ചതെന്ന്. 'എനിക്കുംമുൻപേ ആരെങ്കിലും ഒന്നു ശബ്ദിച്ചിരുന്നെങ്കിൽ അന്നെനിക്കതു നേരിടേണ്ടിവരുമായിരുന്നില്ല'-നടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. പീഡനത്തിനും ക്രൂരതകൾക്കും ഇരയാകുന്ന ഏതു പെണ്ണിന്റെയും മനുഷ്യന്റെയും അതേ ആത്മഗതം!

2017 ഫെബ്രുവരി 17ന്റെ രാത്രി; പിന്നീടെല്ലാം ചരിത്രം

2017 ഫെബ്രുവരി 17ന് തൃശൂരിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടുറോഡിൽ വാഹനത്തിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ചു. പാതിരാത്രി മണിക്കൂറുകളോളം നടിയുമായി നഗരത്തിലൂടെ കറങ്ങുകയും ക്രൂരമായി പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു പൾസർ സുനി എന്നയാളുടെ നേതൃത്വത്തിലുള്ള ക്രിമിനൽ ക്വട്ടേഷൻ സംഘം. പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നടി നഗരത്തിലുള്ള സംവിധായകൻ ലാലിന്റെ വീട്ടിൽ അഭയം തേടി. അധികം വൈകാതെ അന്തരിച്ച കോൺഗ്രസ് നേതാവും സ്ഥലം എം.എൽ.എയുമായിരുന്ന പി.ടി തോമസ് സ്ഥലത്തെത്തി നടിയുമായി സംസാരിച്ചു. നടന്നതെല്ലാം തുറന്നുപറയുകയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അതിക്രൂരമായ പീഡനത്തിന്റെ ഞെട്ടലിൽ തളരാതെ, അന്നു നടി തുടങ്ങിവച്ച നിയമപോരാട്ടം മലയാള സിനിമയെ പിടിച്ചുകുലുക്കി. മലയാളത്തിലെ സൂപ്പർസ്റ്റാറുകളിലൊരാളും സ്വാധീനവും അധികാരവും പണവും കൊണ്ട് കരുത്തനുമായ ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തി. നടി കൊളുത്തിവച്ച തീയിൽനിന്ന് ഊർജംകൊണ്ടാണ് മലയാളത്തിലെ യുവനിര നടിമാർ ഡബ്ല്യു.സി.സിക്ക് രൂപംനൽകുന്നത്. ഇതൊരു തലമുറയുടെ പോരാട്ടമായി അവർ നടിക്കൊപ്പം ഉറച്ചുനിന്നു. സിനിമയിലെ അതികായന്മാരെ ഭയക്കാതെ പോരാട്ടവുമായി പൊതുസമൂഹത്തിനു മുന്നിലേക്കിറങ്ങി.

ഒടുവിൽ, ശക്തമായ സാമൂഹിക സമ്മർദത്തിനൊടുവിൽ 2017ൽ കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചു പഠിക്കാൻ ഒരു സമിതിയുണ്ടാക്കി പിണറായി വിജയൻ സർക്കാർ. ഇരകളെ നേരിൽകണ്ടും മൊഴിയെടുത്തും സാക്ഷികളുമായി സംസാരിച്ചും വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ 2019 ഡിസംബറിലാണ് റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്.

റിപ്പോർട്ട് മലയാള സിനിമയിൽ വൻ കോളിളക്കം സൃഷ്ടിക്കാൻ പോകുന്നുവെന്ന തരത്തിൽ ചർച്ചകൾ അന്നുതന്നെ തലപൊക്കി. ഇതോടെ താരപ്രമുഖരുടെ ഇടപെടലുമുണ്ടായി. നിരന്തര പ്രതിഷേധങ്ങളുണ്ടായിട്ടും വർഷങ്ങളോളം റിപ്പോർട്ട് പുറംലോകം കണ്ടില്ല. എന്നാൽ, സാമൂഹിക പ്രവർത്തകരുടെയും മാധ്യമങ്ങളുടെയും ഇടപെടലിൽ, വിവരാവകാശ കമ്മിഷണറുടെയും ഹൈക്കോടതിയുടെയും ഉറച്ച നിലപാടിൽ 2024 ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് 2.30ഓടെ സാംസ്‌കാരിക വകുപ്പ് റിപ്പോർട്ട് പുറത്തുവിട്ടു. പരാതിക്കാരുടെയും കുറ്റാരോപിതരുടെയും പേരുവിവരങ്ങളും സൂചനകളുമെല്ലാം പൂർണമായും ഒഴിവാക്കി പുറത്തുവിട്ട റിപ്പോർട്ട് പക്ഷേ വലിയൊരു ഉരുൾപൊട്ടലായി മലയാള സിനിമയെ പിടിച്ചുലച്ചിരിക്കുകയാണിപ്പോൾ.

ബംഗാളി നടി സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ഡയരക്ടറുമായ രഞ്ജിത്തിനെതിരെ പരസ്യമായ വെളിപ്പെടുത്തലുമായി ആദ്യം രംഗത്തെത്തി. പിന്നാലെ നടനും 'അമ്മ' ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു. അസാധാരണമായി ഇരകൾ മുഖം കാണിച്ചു പരസ്യമായി മാധ്യമങ്ങൾക്കു മുന്നിൽ മൊഴിയിൽ ഉറച്ചുനിന്നപ്പോൾ ആദ്യം സിദ്ദിഖിനും പിന്നാലെ രഞ്ജിത്തിനും രാജിവച്ചിറങ്ങേണ്ടിവന്നു. ഇപ്പോൾ നടന്മാരായ ഇടവേള ബാബു, മുകേഷ്, റിയാസ് ഖാൻ, മാമുക്കോയ ഉൾപ്പെടെയുള്ള വലിയൊരു താരനിരയ്‌ക്കെതിരെയും ആരോപണപരമ്പരകൾ പുറത്തുവരികയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റാരോപിതരുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് കേസ് നടപടികൾ ആരംഭിക്കാനുള്ള നിയമപോരാട്ടം ഒരു വശത്ത് കോടതിയിലും പുരോഗമിക്കുന്നുണ്ട്.

'മഹാനടന്മാർ' മഹാമൗനം തുടരുമ്പോഴും, സിനിമയിലെ കരുത്തന്മാർ നിശബ്ദതയിൽ അഭയംതേടുമ്പോഴും അതിജീവിത കത്തിച്ചുവിട്ട പോരാട്ടം പുതിയ തലങ്ങളിലേക്കു പടർന്നുപിടിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇനിയാരൊക്കെ, ഏതൊക്കെ കൊമ്പന്മാർ വീഴും? മലയാളസിനിമയിൽ പുതുയുഗപ്പുലരിയുണ്ടാകുമോ? ലിംഗനീതിയുടെയും തുല്യതയുടെയും സമത്വത്തിന്റെയും നല്ല നാളുകൾ വരുമോ? കാലം മറുപടി പറയും.

Summary: It's all started with one woman, the survivor: When Hema committee report shakes Malayalam cinema

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News