'ആക്രമിക്കപെട്ട നടിക്ക് നീതികിട്ടണം, ചെയ്ത ആളെയാണ് കണ്ടെത്തേണ്ടത്'; ദിലീപിനെ പിന്തുണച്ച് അരുണ്‍ ഗോപി
ആളുകളുടെ കണ്ടെത്തൽ കോടതി അംഗീകരിക്കുമ്പോൾ, പറയുന്നതും അംഗീകരിക്കാമെന്ന് അരുണ്‍ ഗോപി
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെയും കുടുംബത്തെയും മുഖചിത്രമാക്കിയ വനിതാ മാസികയ്ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുഖചിത്രത്തെ കുറിച്ച ചര്‍ച്ചകളും വിമര്‍ശനങ്ങളും സജീവമായ സാഹചര്യത്തില്‍ മുഖചിത്രം പങ്കുവെച്ച് ദിലീപിന് പിന്തുണ അറിയിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. ഫേസ്ബുക്കിലാണ് അരുണ്‍ ഗോപി വനിതയുടെ മുഖചിത്രം പങ്കുവെച്ച് സ്നേഹം പ്രകടിപ്പിച്ചത്.
ആക്രമിക്കപെട്ട പെൺകുട്ടിക്ക് നീതികിട്ടുക തന്നെ വേണമെന്ന് പറഞ്ഞ അരുണ്‍ ഗോപി അതുചെയ്ത ആളിനെയാണ് കണ്ടെത്തേണ്ടതെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി. ആളുകളുടെ കണ്ടെത്തൽ കോടതി അംഗീകരിക്കുമ്പോൾ, പറയുന്നതും അംഗീകരിക്കാമെന്ന് അരുണ്‍ ഗോപി ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റില്‍ പ്രതികരിച്ചു. നിരവധി പേരാണ് അരുണ്‍ ഗോപിയുടെ പോസ്റ്റിനോട് വിയോജിച്ച് വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. ദിലീപുമായുള്ള അരുൺ ഗോപിയുടെ സൗഹൃദം ആണ് പോസ്റ്റിന് പിന്നിൽ എന്ന് പലരും അഭിപ്രായപ്പെട്ടു.
നടന്‍ ഹരീഷ് പേരടിയും നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസും ദിലീപിനെ പിന്തുണച്ച് പരസ്യമായി തന്നെ രംഗത്തുവന്നിരുന്നു. 'കുറ്റവാളിയാണ് എന്ന് കോടതി പറയാത്ത കാലത്തോളം ഒരു കേസിൽ പ്രതിയാക്കപ്പെട്ട ഒരാൾക്ക് അഭിമുഖം കൊടുക്കാൻ പാടില്ലെ? സത്യത്തിൽ ഇതിനെയൊക്കെ വിമർശിക്കുന്നവരുടെ മാനസിക ആരോഗ്യമല്ലെ പരിശോധിക്കപെടെണ്ടത്?', എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തിൽ തനിക്ക് ഒരു ഓമനത്തമുള്ള കുട്ടിയെ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. മനുഷ്യത്വം അത് എല്ലാവരും ഒരേപോലെ അർഹിക്കുന്നു എന്നാണ് സാന്ദ്ര ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.