ആന്ധ്ര മുഖ്യമന്ത്രി പൊട്ടക്കിണറ്റിലെ തവളയെന്ന് ട്വീറ്റ്: അദ്‌നാൻ സാമി വിവാദത്തിൽ

മുഖ്യമന്ത്രിയ്‌ക്കെതിരെ സഭ്യമല്ലാത്ത ഭാഷ പ്രയോഗിച്ചു എന്നായിരുന്നു ട്വീറ്റിന് താഴെ ഭൂരിഭാഗം ആളുകളും കുറിച്ചത്

Update: 2023-03-15 14:20 GMT
Advertising

ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ പൊട്ടക്കിണറ്റിലെ തവളയെന്ന് വിളിച്ച് ഗായകൻ അദ്‌നാൻ സാമി. നാട്ടു നാട്ടുവിന് ഓസ്‌കർ ലഭിച്ചതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഇട്ട ട്വീറ്റിന് മറുപടിയെന്നോണമാണ് അദ്‌നാൻ സാമി അധിക്ഷേപവുമായി രംഗത്തെത്തിയത്. സംഭവത്തിൽ പ്രതിഷേധം കടുത്തതോടെ മറുപടി ട്വീറ്റും താരം പോസ്റ്റ് ചെയ്തു.

തെലുങ്ക് പതാക ഉയരെ പറക്കുന്നുവെന്നും തെലുങ്ക് പാരമ്പര്യം ആവോളമാഘോഷിക്കുന്ന ഒരു ഗാനത്തിന് അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ചതിൽ അഭിമാനം തോന്നുന്നുവെന്നുമായിരുന്നു നാട്ടു നാട്ടുവിന്റെ ഓസ്‌കറിന് പിന്നാലെ ജഗൻ മോഹന്റെ ട്വീറ്റ്. ഇതിന് പിന്നാലെ ട്വീറ്റിനെതിരെ വിമർശനവുമായി അദ്‌നാൻ സാമി രംഗത്തെത്തി.

മുഖ്യമന്ത്രി രാജ്യത്തെ വിഭജിക്കുന്നുവെന്നും തന്റെ മൂക്കിന് അപ്പുറത്തായതിനാൽ സമുദ്രത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്ത പൊട്ടക്കിണറ്റിലെ തവളയാണ് മുഖ്യമന്ത്രി എന്നുമായിരുന്നു അദ്‌നാൻ സാമിയുടെ ട്വീറ്റ്. ട്വീറ്റ് വൈറലായതോടെ പ്രതിഷേധം കത്തിപ്പടർന്നു.

മുഖ്യമന്ത്രിയ്‌ക്കെതിരെ സഭ്യമല്ലാത്ത ഭാഷ പ്രയോഗിച്ചു എന്നായിരുന്നു ട്വീറ്റിന് താഴെ ഭൂരിഭാഗം ആളുകളും കുറിച്ചത്.

മുഖ്യമന്ത്രിയുടെ ട്വീറ്റിൽ പ്രാദേശിക മനോഭാവം കണ്ടെത്തേണ്ട കാര്യമില്ലെന്നും സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹം പ്രതികരിച്ചതെന്നും ചൂണ്ടിക്കാട്ടി നിരവധി പേരെത്തിയതോടെ താൻ ഒരു ഭാഷയെയും മോശമെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നും രാജ്യത്തെ ഏത് ഭാഷയും ഇന്ത്യ എന്ന ഒറ്റപ്പേരിൽ അറിയപ്പെടണം എന്നത് മാത്രമാണ് ആഗ്രഹമെന്നും അദ്‌നാൻ സാമി മറുപടി ട്വീറ്റ് പോസ്റ്റ് ചെയ്തു. ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്ത് എല്ലാവരും ഒന്നായി കണക്കാക്കപ്പെടണം എന്ന ആഗ്രഹം മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News