'കൂലിപ്പണിക്കാര്‍ വരെ ഓരോ ലിറ്റര്‍ പെട്രോളിനും നികുതി നല്‍കുന്നു, നിങ്ങള്‍ സമ്പന്നരല്ലേ?' ധനുഷിന് കോടതിയുടെ രൂക്ഷവിമര്‍ശനം
വിലകൂടിയ കാറുമായി റോഡിലിറങ്ങുമ്പോൾ ആ റോഡ് ഇതുപോലുള്ള നികുതിപ്പണം കൊണ്ടു നിർമിച്ചതാണെന്ന് ഓർക്കണമെന്ന് ജഡ്ജി
ഇറക്കുമതി ചെയ്‍ത ആഡംബര കാറിന് നികുതിയിളവ് തേടിയ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സമ്പന്നര്‍ എന്തിനാണ് നികുതിയിളവ് തേടി കോടതിയെ സമീപിക്കുന്നതെന്ന് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം ചോദിച്ചു. നേരത്തെ സമാന കേസില്‍ നടന്‍ വിജയ്ക്കെതിരെയും ഇതേ ജഡ്ജി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.
യു.കെയില്‍ നിന്നും ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യംചെയ്ത് 2015ലാണ് ധനുഷ് കോടതിയെ സമീപിച്ചത്. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോൾ നികുതി പൂർണമായും അടയ്ക്കാൻ തയ്യാറാണെന്നും ഹരജി പിൻവലിക്കുകയാണെന്നും ധനുഷിന്റെ അഭിഭാഷകൻ അറിയിച്ചു. 50 ശതമാനം നികുതി നേരത്തെ തന്നെ അടച്ചതാണെന്നും ബാക്കി കൂടി അയക്കാമെന്നുമാണ് ധനുഷ് കോടതിയെ അറിയിച്ചത്. എന്നാല്‍ സിനിമാ താരങ്ങൾ നികുതി ഇളവിനായി കോടതിയെ സമീപിച്ചതിനെ ജഡ്ജി രൂക്ഷമായി വിമര്‍ശിച്ചു. ഹരജി പിന്‍വലിക്കാന്‍ കോടതി അനുവദിച്ചില്ല-
"നിങ്ങളുടെ ഉദ്ദേശ്യം സത്യസന്ധമായിരുന്നെങ്കില്‍ സുപ്രീംകോടതി വിഷയം തീര്‍പ്പാക്കിയ 2018ന് ശേഷമെങ്കിലും നികുതി അടയ്ക്കുമായിരുന്നു. പക്ഷേ ഹൈക്കോടതി ഉത്തരവിടാന്‍ പോകുന്ന സമയത്ത് നിങ്ങള്‍ ഹരജി പിന്‍വലിക്കണമെന്ന അപേക്ഷയുമായി എത്തുകയാണ്. വിലകൂടിയ കാറുമായി റോഡിലിറങ്ങുമ്പോൾ ആ റോഡ് ഇതുപോലുള്ള നികുതിപ്പണം കൊണ്ടു നിർമിച്ചതാണെന്ന് ഓർക്കണം. പാല്‍ കച്ചവടം ചെയ്യുന്നവരും ദിവസ വേതനക്കാരുമെല്ലാം അവര്‍ വാങ്ങുന്ന ഓരോ ലിറ്റര്‍ പെട്രോളിനും നികുതി അടയ്ക്കുന്നുണ്ട്. അവരൊന്നും നികുതിയിളവ് തേടി കോടതിയെ സമീപിക്കുന്നില്ല. എന്‍റെ ബെഞ്ചിലൊന്നും അത്തരം ഹരജികള്‍ എത്തിയിട്ടില്ല."- ജഡ്ജി നിരീക്ഷിച്ചു.
പ്രവേശന നികുതിയുടെ കാര്യത്തിൽ അതതു സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ നികുതി പൂർണമായും അടയ്ക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ ധനുഷിന്റെ ജോലി എന്തെന്ന് സൂചിപ്പിച്ചില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണു അക്കാര്യം മറച്ചുവെച്ചതെന്ന് നാളെ കോടതിയിൽ വ്യക്തമാക്കണമെന്ന് ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. വെക്സേഷന്‍ ലിറ്റിഗേഷനെക്കുറിച്ച് അറിയാമോ എന്നും കോടതി ചോദിച്ചു. ഇത്തരം തീര്‍പ്പാക്കാത്ത ഹരജികള്‍ കാരണം യഥാര്‍ഥ പരാതികള്‍ കേള്‍ക്കാനായി ഹൈക്കോടതിക്ക് സമയം ലഭിക്കുന്നില്ലെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പറഞ്ഞു.
സമാന ആവശ്യം ഉന്നയിച്ച് സമീപിച്ച നടന്‍ വിജയ്‍യെയും ഇതേ ജഡ്ജി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വെറും റീല്‍ ഹീറോ മാത്രമാകരുതെന്നാണ് കോടതി പറഞ്ഞത്. വിജയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്നാണ് ഉത്തരവിട്ടത്. പിന്നീട് ഈ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് താത്കാലികമായി സ്റ്റേ ചെയ്തു. പ്രവേശന നികുതി എത്രയും പെട്ടെന്ന് അടയ്ക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. സിംഗിള്‍ ബെഞ്ചിന്‍റെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന വിജയുടെ ആവശ്യം കോടതിയുടെ പരിഗണനയിലാണ്.