'ഏജന്‍റ്' ഞങ്ങള്‍ക്ക് പറ്റിയൊരു തെറ്റാണ്, ഇനിയൊരിക്കലും ആവർത്തിക്കില്ല'; പ്രതികരണവുമായി നിർമാതാവ് അനിൽ സുൻകര

'ചിത്രം വൻ വിജയം നേടുമെന്ന് കരുതി. എന്നാൽ അക്കാര്യത്തിൽ ഞങ്ങൾ പരാജയപ്പെട്ടു. ഈ തെറ്റിൽ നിന്ന് വലിയ പാഠം പഠിച്ചു'

Update: 2023-05-02 05:42 GMT
Advertising

മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം 'ഏജന്റി'ന്റെ പരാജയത്തിൽ പ്രതികരണവുമായി നിർമാതാക്കളിൽ ഒരാളായ അനിൽ സുൻകര. നല്ലൊരു തിരക്കഥയില്ലാതെ പടം തുടങ്ങിയത് വലിയ അബദ്ധമായിരുന്നു. എല്ലാ തെറ്റുകളും ഞങ്ങളുടെ ഭാഗത്ത് നിന്നാണെന്ന് അറിയാം. ഇനിയൊരിക്കലും ഇത്തരത്തിലൊരു തതെറ്റ് ആവർത്തിക്കില്ലെന്ന് അനിൽ സുൻകര ട്വിറ്ററിൽ കുറിച്ചു.

'എല്ലാ കുറ്റങ്ങളും ഞങ്ങൾ തന്നെ ഏറ്റെടുക്കുന്നു. ഇത് വലിയൊരു ദൗത്യമാണെന്ന് ഞങ്ങൾക്ക് അറിയാം. വൻ വിജയം നേടുമെന്ന് കരുതി. എന്നാൽ അക്കാര്യത്തിൽ ഞങ്ങൾ പരാജയപ്പെട്ടു. നല്ലൊരു സ്‌ക്രിപ്റ്റ് ഇല്ല. കൂടാതെ മറ്റു പ്രശ്‌നങ്ങളും. ഒഴിവുകഴിവുകളൊന്നും പറയുന്നില്ല. ഈ തെറ്റിൽ നിന്ന് വലിയ പാഠം പഠിച്ചു. ഇനി ഒരിക്കലും ആവർത്തിക്കില്ല. ഞങ്ങളുടെ മേല്‍ വിശ്വാസം അർപ്പിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഭാവി പ്രോജക്ടുകളിൽ ഈ തെറ്റുകൾ തിരുത്തും കഠിനാധ്വാനത്തിലൂടെ ഞങ്ങൾക്കുണ്ടായ നഷ്ടം നികത്തുകയും ചെയ്യും'

സുരേന്ദർ റെഡ്ഡി രചനയും സംവിധാനം ചെയ്ത ചിത്രം മോശം അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിനെ വലിയ അബദ്ധമാണെന്നാണ് പ്രേക്ഷകരുടെയും വിലയിരുത്തല്‍. മമ്മൂട്ടിയും അഖിൽ അക്കിനേനിയുമെത്തുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് പൂർത്തിയായത്. ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ 'ദി ഗോഡ്' എന്ന നിർണ്ണായക വേഷത്തിൽ ഡിനോ മോറിയയുമുണ്ട്.

അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഹിപ്പ് ഹോപ്പ് തമിഴാ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂൽ എല്ലൂരാണ്. എഡിറ്റർ ദേശീയ അവാർഡ് കരസ്ഥമാക്കിയ നവീൻ നൂലിയാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ല. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News