'എന്‍റെ പിഴ': സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനെ കുറിച്ച് അക്ഷയ് കുമാര്‍
'എന്‍റെ കരിയറിൽ തുടർച്ചയായി 16 സിനിമകള്‍ വരെ പരാജയപ്പെട്ടിട്ടുണ്ട്'
മുംബൈ: അക്ഷയ് കുമാറിന്‍റെ പുതിയ ബോളിവുഡ് ചിത്രമായ സെൽഫി ബോക്‌സ് ഓഫീസിൽ ഇതുവരെ വലിയ ചലനം സൃഷ്ടിച്ചിട്ടില്ല. തുടര്‍ച്ചയായി സിനിമകള്‍ ബോക്സ്ഓഫീസില്‍ തകര്‍ന്നു തരിപ്പണമാകാനുള്ള കാരണം അക്ഷയ് കുമാര്‍ ആജ് തകിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.
"ഇത് ആദ്യമായിട്ടല്ല എന്‍റെ കാര്യത്തിൽ സംഭവിക്കുന്നത്. എന്‍റെ കരിയറിൽ തുടർച്ചയായി 16 സിനിമകള്‍ വരെ പരാജയപ്പെട്ടിട്ടുണ്ട്. തുടർച്ചയായി എട്ട് സിനിമകൾ വരെ വിജയിക്കാതിരുന്നിട്ടുണ്ട്. ഇപ്പോള്‍ മൂന്നു നാലു സിനിമകള്‍ വരെ ചലനമുണ്ടാക്കാതിരിക്കുന്നു. അത് നമ്മുടെ തെറ്റ് കൊണ്ടാണ് സംഭവിക്കുന്നത്. പ്രേക്ഷകർ മാറി. നമ്മള്‍ മാറേണ്ടതുണ്ട്. നമ്മള്‍ പുതുക്കുപ്പണിയേണ്ടതുണ്ട്. വീണ്ടും തുടങ്ങേണ്ടതുണ്ട്. കാരണം പ്രേക്ഷകർക്ക് മറ്റെന്തൊക്കെയോ കാണേണ്ടതുണ്ട്"- അക്ഷയ് കുമാര്‍ പറഞ്ഞു.
നിങ്ങളുടെ സിനിമകൾ തുടർച്ചയായി പരാജയപ്പെടുന്നുണ്ടെങ്കില്‍ നിങ്ങൾ മാറണമെന്ന മുന്നറിയിപ്പാണതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു- "പ്രേക്ഷകരെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തരുത്. അത് എന്റെ തെറ്റാണ്, 100 ശതമാനം. പ്രേക്ഷകർ കാരണമല്ല സിനിമ പരാജയപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ വരുന്ന തെറ്റാണ്. ഒരുപക്ഷെ സിനിമയിൽ ശരിയായ ചേരുവകൾ നൽകിയിട്ടില്ലായിരിക്കാം."
പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും മുഖ്യ കഥാപാത്രങ്ങളായി എത്തിയ ഡ്രൈവിങ് ലൈസന്‍സ് എന്ന മലയാളം സിനിമയുടെ ബോളിവുഡ് റീമേക്കാണ് സെല്‍ഫി. ഇമ്രാന്‍ ഹാഷ്മിയും പ്രധാന കഥാപാത്രമായി സിനിമയിലുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടനെന്ന കഥാപാത്രമാണ് അക്ഷയ് കുമാര്‍ ചെയ്തതെങ്കില്‍ സുരാജിന്‍റെ വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിലാണ് ഇമ്രാൻ ഹാഷ്മി എത്തിയത്. രാജ് മേത്ത സംവിധാനം ചെയ്ത സിനിമ ധർമ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കരൺ ജോഹറും പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനുമാണ് നിർമിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയാണ് സെല്‍ഫി. ക്യാപ്‌സ്യൂൾ ഗിൽ, ഓ മൈ ഗോഡ്! 2 എന്നിവയാണ് അക്ഷയ് കുമാറിന്‍റെ പുതിയ സിനിമകള്‍.
Summary- Bollywood actor Akshay Kumar has finally broken his silence on consecutive flop movies. he said, "It is my fault"